പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരും ഭരണാനുകൂല സംഘടനകളും ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന് അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സിന്റെയും ഭാരവാഹികള്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഉപേക്ഷിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എട്ടിന് തുടങ്ങുന്ന അനിശ്ചിതകാല പണിമുടക്കില്‍ മുഴുവന്‍ ജീവനക്കാരും അണിനിരക്കുമെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസര്‍വീസില്‍നിന്ന് വ്യത്യസ്തമായ സേവന വേതന വ്യവസ്ഥകളാണ് കേരളത്തിലേത് എന്ന കാര്യം പരിഗണിക്കുന്നില്ല. പെന്‍ഷന്‍ ഉള്ളതിനാല്‍ ഉയര്‍ന്ന വേതന ഘടനയല്ല ഇവിടെയുള്ളത്. പങ്കാളിത്ത പെന്‍ഷന്റെപേരില്‍ ഇതില്‍നിന്ന് 10 ശതമാനം തുക പിടിച്ചെടുക്കുകയാണ്. ഇവിടെ നിയമന പ്രായപരിധി ഉയര്‍ന്നതായതിനാല്‍ സര്‍വീസ്കാലം കുറവായിരിക്കും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിലൂടെ പെന്‍ഷന്‍ നാമമാത്രമാകും. പിഎഫ്ആര്‍ഡിഎ ബില്ലിലെ ദോഷകരമായ വ്യവസ്ഥകള്‍ നിലനിര്‍ത്തിയാണ് ഇത് നടപ്പാക്കുന്നത്. 2013 ഏപ്രില്‍മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും പങ്കാളിത്ത പെന്‍ഷന്‍ പരിധിയിലാകും. മിനിമം പെന്‍ഷനും കുടുംബ പെന്‍ഷനും തുടരുമെന്നാണ് സര്‍ക്കാരും ഭരണാനുകൂല സംഘടനയും പ്രചരിപ്പിക്കുന്നത്. സ്വന്തം അക്കൗണ്ടിലുള്ള നിക്ഷേപത്തുകയുടെ 60 ശതമാനം പിന്‍വലിക്കുന്നത് കമ്യൂട്ടേഷനാണെന്നും മരിച്ചാല്‍ നിക്ഷേപത്തുക അവകാശികള്‍ക്ക് നല്‍കുന്നത് പെന്‍ഷനു തുല്യമാകുമെന്നും പ്രചാരണമുണ്ട്. ഇതെല്ലാം ജീവനക്കാരെ കബളിപ്പിക്കലാണെന്ന് സര്‍ക്കാര്‍ ഉത്തരവ് വരുന്നതോടെ വ്യക്തമാകും.
പങ്കാളിത്ത പെന്‍ഷന്‍ തുടങ്ങിയാല്‍ ആദ്യം സമരരംഗത്തുവരുന്നത് തങ്ങളായിരിക്കുമെന്ന് പ്രഖ്യാപിച്ച ഭരണാനുകൂല സംഘടനകള്‍ ജീവനക്കാരെ കബളിപ്പിക്കാന്‍ സര്‍ക്കാരിന് ഒത്താശചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കാന്‍ ജീവനക്കാരും അധ്യപാകരും പണിമുടക്കുന്നത്. രോഗികളുമായി അടുത്തിടപഴകേണ്ട ആശുപത്രിജീവനക്കാരെയും മൃഗശാലയിലെ അത്യാവശ്യം ജീവനക്കാരെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി സംസ്ഥാന സ്കൂള്‍ കലോത്സവം ഉള്‍പ്പെടെ തടസപ്പെടുമെന്നും സമരസമിതി ഭാരവഹികള്‍ പറഞ്ഞു. അധ്യാപക സര്‍വീസ് സംഘടനാ സംയുക്തസമരസമിതി കണ്‍വീനര്‍ സി ആര്‍ ജോസ്പ്രകാശ്, ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡന്റ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍, കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍, പ്രസിഡന്റ് എന്‍ സുകുമാരന്‍, എന്‍ജിഒ യൂണിയന്‍ പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍, ജോയിന്റ് കൗണ്‍സില്‍ പ്രസിഡന്റ് എസ് വിജയകുമാരന്‍നായര്‍, കെജിഇയു ജനറല്‍ സെക്രട്ടറി എം നിസാദ്ദീന്‍, എകെഎസ്ടിയു പ്രസിഡന്റ് എന്‍ ശ്രീകുമാര്‍, കെജിഒഎ ജനറല്‍ സെക്രട്ടറി കെ എസ് ശിവകുമാര്‍, സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് ഉമ്മന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കെഎസ്ഇബി തൊഴിലാളികള്‍ എട്ടിന് പണിമുടക്കും
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതടക്കമുള്ള സംസ്ഥാനസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എട്ടിന് വൈദ്യുതി ബോര്‍ഡ് തൊഴിലാളികള്‍ പണിമുടക്കും. പണിമുടക്ക് വന്‍വിജയമാക്കാന്‍ കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു. പണിമുടക്കില്‍ എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി.
ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ 8ന് പണിമുടക്കും
കെഎസ്ആര്‍ടിസി ജീവനക്കാര്‍ എട്ട-ാം തീയതി പണിമുടക്കുമെന്ന് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോര്‍പ്പറേഷനെ പ്രതിസന്ധിയിലാക്കി സ്വകാര്യ ബസ് ഉടമകള്‍ക്ക് ഒത്താശചെയ്യുകയും സര്‍ക്കാര്‍ ജീവനക്കാര്‍ അന്നുതന്നെ തുടങ്ങുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുമാണ് പണിമുടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും പണിമുടക്ക്.
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കിയാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത്. കോര്‍പറേഷനില്‍ ശമ്പളം തന്നെ വെട്ടിക്കുറച്ച് പെന്‍ഷന്‍ നിര്‍ത്തലാക്കാനാണ് നീക്കം. ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന ബാങ്ക് വായ്പാ വിഹിതം, ഇന്‍ഷുറന്‍സ് പോളിസി എന്നിവ യഥാസമയം അടയ്ക്കാത്ത മാനേജ്മെന്റ് പങ്കാളിത്ത പെന്‍ഷന് വേണ്ടി പിരിക്കുന്ന തുകയും മാനേജ്മെന്റ് വിഹിതവും അടയ്ക്കുമെന്നും കരുതാനാകില്ല- വൈക്കം വിശ്വന്‍ പറഞ്ഞു. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ നാഥനില്ലാക്കളരിയാക്കി തകര്‍ക്കുകയാണ്. പുതിയ ബസ് വാങ്ങുന്നില്ല. സ്പെയര്‍ പാര്‍ട്സ് ലഭ്യമാക്കുന്നില്ല. ദീര്‍ഘ ദൂര ബസുകള്‍ക്ക് യാഥാസമയം ഡീസല്‍ ലഭ്യമാക്കുന്നില്ല. കേടായ ടിക്കറ്റ് മിഷ്യനുകള്‍ മാറ്റി നല്‍കുകയോ പുതിയത് അനുവദിക്കുകയൊ ചെയ്യുന്നില്ല. ഈ വിധം കോര്‍പറേഷനെ തകര്‍ത്ത് സ്വകാര്യ ബസ് ഉടമകള്‍ക്കു ഒത്താശചെയ്യുകയാണ്. ദേശസാല്‍കൃത റൂട്ടിലടക്കം സ്വകാര്യ ബസുകള്‍ക്ക് യഥേഷ്ടം പെര്‍മിറ്റ് നല്‍കുന്നു. യാത്രാക്കൂലി കൂട്ടിയിട്ടും കെഎസ്ആര്‍ടിസിക്കു വരുമാന വര്‍ധനവ് ഉണ്ടാകുന്നില്ല. ശബരിമല സീസണിലുണ്ടാകുന്ന വരുമാനത്തിലും മുന്‍വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കറുവുണ്ട്. സര്‍വീസുകള്‍ നടത്തുന്നതില്‍ കെടുകാര്യസ്ഥതകൊണ്ടാണിത്. ജീവനക്കാരെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സ്ഥലം മാറ്റം അടക്കമുള്ള ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കുന്നു. റഫറണ്ടത്തില്‍ സിഐടിയുവിന് അനുകൂലമായി പ്രാചാരണം നടത്തിയവരെ കള്ളക്കേസില്‍ പോലും പെടുത്തുന്നു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ്, മഹേഷ് ബാബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കാര്‍ഷിക സര്‍വകലാശാലാ ജീവനക്കാരും പണിമുടക്കും
തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും എട്ടിന് ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലാ ജീവനക്കാരും അധ്യാപകരും പങ്കെടുക്കുമെന്ന് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് കെഎയു ജനറല്‍ സെക്രട്ടറി ഡോ. ജിജു പി അലക്സ്, കെഎയു എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഷിറാസ്, കെഎയു എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി വി പൗലോസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ശാസ്ത്രജ്ഞരും അധ്യാപകരും ജീവനക്കാരും പണിമുടക്കില്‍ അണിചേരും. സംഘടനകളുടെ സംയുക്തയോഗം ചേര്‍ന്ന് പണിമുടക്ക് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ശമ്പളപരിഷ്കരണത്തിലെ അപാകം പരിഹരിക്കാമെന്ന് കൃഷിമന്ത്രി സര്‍വകലാശാലയ്ക്കും ജീവനക്കാര്‍ക്കും നല്‍കിയ ഉറപ്പ് പാലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ നല്‍കുമെന്ന വാഗ്ദാനം പൊള്ളയാണെന്ന് തിരിച്ചറിഞ്ഞ് മുഴുവന്‍ ശാസ്ത്രജ്ഞരും ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ അണിചേരണമെന്ന് സംഘടനാ ഭാരവാഹികള്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani 060113
No comments:
Post a Comment