Sunday, January 6, 2013

എസ്എഫ്ഐ അഖിലേന്ത്യാ പ്രൊഫഷണല്‍ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ തുടങ്ങി


രാജ്യത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല സ്വകാര്യ മേഖലയ്ക്ക് അടിയറവച്ചതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ സമഗ്രമായി ചര്‍ച്ചചെയ്യുന്നതിന് എസ്എഫ്ഐ സംഘടിപ്പിച്ച അഖിലേന്ത്യാ പ്രൈവറ്റ്, പ്രൊഫഷണല്‍ വിദ്യാര്‍ഥി കണ്‍വന്‍ഷന് ഗംഭീര തുടക്കം. മൂന്നുദിവസത്തെ കണ്‍വന്‍ഷന്‍ പ്രിയദര്‍ശിനി പ്ലാനറ്റേറിയം സെമിനാര്‍ ഹാളില്‍ വിദ്യാഭ്യാസ വിദഗ്ധന്‍ പ്രബിര്‍ പുര്‍ക്കായ്സ്ത ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ അധ്യക്ഷനായി. വിദ്യാഭ്യാസരംഗം അടക്കമുള്ള സേവനമേഖലയില്‍ ചെലവഴിക്കാന്‍ പണമില്ലെന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിങ് എല്ലാം കുത്തകകള്‍ക്ക് അടിയറവച്ചശേഷം അഴിമതിക്ക് മാത്രമായി ഭരണം നടത്തുകയാണെന്ന് ശിവദാസന്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് (എഐഎഫ്യുസിടിഒ) ദേശീയ സെക്രട്ടറി കെ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

അഖിലേന്ത്യാ സെക്രട്ടറി ഋതബ്രത ബാനര്‍ജി എസ്എഫ്ഐയുടെ പ്രൈവറ്റ്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സമീപനരേഖ അവതരിപ്പിച്ചു. രാജ്യത്തെ സ്വകാര്യ, പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലെ സ്ഥാപനങ്ങളുടെ ഫീസ് ഘടന, സിലബസ്, പ്രവേശനടപടിക്രമം എന്നിവ നിയന്ത്രിക്കുന്നതിനുള്ള ദേശീയ നിയമനിര്‍മാണം, ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഗുണമേന്മ ഉറപ്പുവരുത്തല്‍ തുടങ്ങി 16 നിര്‍ദേശമടങ്ങിയ സമീപനരേഖയില്‍ പ്രതിനിധികളുടെ ചര്‍ച്ച ആരംഭിച്ചു. സംഘാടകസമിതി ചെയര്‍പേഴ്സണ്‍ മേയര്‍ കെ ചന്ദ്രിക സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ആര്‍ എസ് ബാലമുരളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് "സര്‍ക്കാര്‍ നയം, സാമൂഹ്യനീതി, പുതിയ പ്രവണത: പ്രൊഫഷണല്‍ വിദ്യാഭ്യാസത്തില്‍" വിഷയത്തില്‍ സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന്‍ അധ്യക്ഷനായി. ഡോ. എന്‍ കെ ജയകുമാര്‍, ഡോ. അച്യുത്ശങ്കര്‍ എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് സ്വാഗതവും എ എം അന്‍സാരി നന്ദിയും പറഞ്ഞു. ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രൊഫ. ടി ജയരാമനും മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഡോ. ബി ഇക്ബാലും പ്രഭാഷണം നടത്തി. തുടര്‍ന്ന് ചര്‍ച്ചയും സാംസ്കാരിക പരിപാടികളുമുണ്ടായി. ഞായറാഴ്ച പ്രതിനിധി ചര്‍ച്ച നടക്കും. പി കെ ബിജു എംപി സംസാരിക്കും. തിങ്കളാഴ്ച രാവിലെ 10.30ന് വിദ്യാര്‍ഥിറാലി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

deshabhimani 060113

No comments:

Post a Comment