Sunday, January 6, 2013

ബംഗാളില്‍ അടിയന്തരാവസ്ഥയുടെ പതിപ്പ്: ബുദ്ധദേബ്


തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നശേഷം ബംഗാളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയാണന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു. സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി മുഖപത്രമായ ഗണശക്തിയുടെ 47-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവരെ തീവ്രവാദികളും സാമൂഹ്യ വിരുദ്ധരുമായി മുദ്രകുത്തുന്നു. സിപിഐ എം മുഖപത്രത്തിനെ മാത്രമല്ല സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മറ്റ് പത്രങ്ങളെയും ശത്രുപക്ഷത്താണ് സര്‍ക്കാര്‍ കാണുന്നത്. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഗണശക്തിക്കെതിരെ രൂക്ഷമായ ആക്രമണമാണ് സംസ്ഥാനത്ത് നടക്കുന്നത്്. സര്‍ക്കാര്‍ പരസ്യം പൂര്‍ണമായി നിരോധിച്ചു. ഇടതുമുന്നണി ഭരണത്തിലിരുന്നപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച പത്രങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമാണ് കൂടുതല്‍ പരസ്യം ലഭിച്ചത്. ഒന്നര വര്‍ഷമായി സംസ്ഥാനം എല്ലാ തലങ്ങളിലും പുറകോട്ടാണ്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് അധഃപതനം. ബംഗാളിലും രാജ്യത്തൊട്ടാകെയും സ്ത്രീകള്‍ക്കെതിരെ വന്‍തോതില്‍ വര്‍ധിക്കുന്ന അക്രമത്തിനെതിരെ യോജിച്ച് പോരാടാനും ബുദ്ധദേബ് ആഹ്വാനം ചെയ്തു. കൊല്‍ക്കത്ത യൂണിവേഴ്സിറ്റി ശതാബ്ദി ഹാളില്‍ നടന്ന ചടങ്ങില്‍ ഗണശക്തി പത്രാധിപര്‍ നരായണ്‍ ദത്ത അധ്യക്ഷനായി. സിപിഐഎം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു സംസാരിച്ചു.
(ഗോപി)

deshabhimani 060113

No comments:

Post a Comment