Sunday, January 6, 2013
ജീവിതാന്ത്യംവരെ തടവ് നല്‍കണം: വനിതാ സംഘടനകള്‍
ബലാത്സംഗ കേസില്‍ കുറ്റക്കാരെന്നു ബോധ്യപ്പെട്ടാല്‍ പ്രതികള്‍ക്ക് ജീവിതാന്ത്യംവരെ തടവുശിക്ഷ നല്‍കണമെന്ന് വിവിധ വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടു. ബലാത്സംഗ കേസുകളിലെ ശിക്ഷ സംബന്ധിച്ച നിയമഭേദഗതിക്കായി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജസ്റ്റിസ് ജെ എസ് വര്‍മ കമീഷനു മുന്നിലാണ് വനിതാ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ചത്. ലൈംഗിക അതിക്രമം മാത്രമായുള്ള കേസുകളില്‍ വധശിക്ഷ നല്‍കേണ്ടതില്ല. നിലവില്‍ ബലാത്സംഗത്തിന് കുറഞ്ഞത് ഏഴുവര്‍ഷവും കസ്റ്റഡിയില്‍വച്ച് ബലാത്സംഗം, കൂട്ട ബലാത്സംഗം എന്നിവയ്ക്ക് കുറഞ്ഞത് 10 വര്‍ഷവുമാണ് ശിക്ഷ. എന്നാല്‍, മിക്ക കേസുകളിലും കുറഞ്ഞ ശിക്ഷപോലും നല്‍കുന്നില്ല. ജീവപര്യന്തം ശിക്ഷയെന്നാല്‍ ജീവിതാവസാനംവരെയുള്ള ശിക്ഷയാകണം. ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരോള്‍ അനുവദിക്കരുത്. ബലാത്സംഗ കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനും സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാനുമുള്ള നടപടികൂടി ആവശ്യമാണ്. വേഗം നീതി ലഭ്യമാക്കാനുള്ള നടപടി പ്രധാനമാണ്. സമ്പന്നരും ദരിദ്രരും തമ്മിലും ജാതികള്‍ തമ്മിലുമുള്ള അന്തരം ഏറെയുള്ള ഇന്ത്യയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും ദരിദ്രരുമായവര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്തണം. ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് വൈദ്യസഹായവും പുനരധിവാസവും ഉറപ്പുവരുത്തണം. അതിവേഗ കോടതികളില്‍ സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളെയും സംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യുകയും മൂന്നു മാസത്തിനകം തീര്‍പ്പാക്കുകയും വേണം. സ്ത്രീകള്‍ക്കെതിരായ അതിക്രമകേസുകളുടെ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം. കേസന്വേഷണം ഫലപ്രദമായും ശാസ്ത്രീയമായും നടത്തണം. കേസന്വേഷണം, വിചാരണ എന്നിവ നടക്കുന്ന സമയത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുത്. കുറ്റവാളികള്‍ ഇരകളെയും സാക്ഷികളെയും സ്വാധീനിക്കാനും സമ്മര്‍ദം ചെലുത്താനും ശ്രമിക്കുന്നത് ഒഴിവാക്കാന്‍ ഇത് ആവശ്യമാണ്. സാക്ഷികളെ സംരക്ഷിക്കാനുള്ള വ്യവസ്ഥകൂടി നിയമത്തിന്റെ ഭാഗമാക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഉടന്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. വൈദ്യപരിശോധന ശാസ്ത്രീയമാകണം; ഇരയെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്ന തരത്തിലാകരുത്. ഭര്‍ത്താവ് ബലാത്സംഗംചെയ്താലും ബലാത്സംഗ കുറ്റമായിത്തന്നെ പരിഗണിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
സുധ സുന്ദരരാമന്‍, കീര്‍ത്തി സിങ് (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍), ബീന ജയിന്‍ (എഐഡബ്ല്യുസി), ഡോ. ഇന്ദു അഗ്നിഹോത്രി (സിഡബ്ല്യുഡിഎസ്), ജ്യോത്സ്ന ചാറ്റര്‍ജി (ജെഡബ്ല്യുപി), ഡോ. മോഹിനി ഗിരി (ഗില്‍ഡ് ഓഫ് സര്‍വീസ്), വിമല്‍ തൊറാത്ത് (എഐഡിഎംഎഎം), ആനി രാജാ (എന്‍എഫ്ഐഡബ്ല്യു), ലീല പസാ (വൈഡബ്ല്യുസിഎ), അസ്റ അബിദി (എംഡബ്ല്യുഎഫ്) എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.
പൊലീസ് 2 മണിക്കൂര്‍ വൈകി: പെണ്‍കുട്ടിയുടെ സഹോദരന്‍
ബാലിയ: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരമായ ആക്രമണത്തിനും ശേഷം ബസില്‍നിന്ന് വലിച്ചെറിഞ്ഞ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ യഥാസമയം ഇടപെട്ടെന്ന ഡല്‍ഹി പൊലീസിന്റെ അവകാശവാദം പൊളിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍. സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോഴേക്കും രണ്ടു മണിക്കൂര്‍ വൈകി. യഥാസമയം വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കില്‍ സ്ഥിതി മോശമാകില്ലായിരുന്നെന്നും മരണം സംഭവിക്കില്ലായിരുന്നെന്നും ഉത്തര്‍പ്രദേശിലെ ജന്മഗ്രാമമായ മേദാവാര കാല ഗ്രാമത്തില്‍ല്‍വച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. നിരവധി വഴിയാത്രക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് സഹോദരി തന്നോട് പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഹൈവേ പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും രണ്ടു മണിക്കൂര്‍ വൈകി. അപ്പോഴേക്കും മുറിവുകളില്‍നിന്ന് വന്‍തോതില്‍ രക്തം നഷ്ടമായി. വഴിയാത്രക്കാര്‍ സഹായിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഒരുപക്ഷേ മരണം ഒഴിവാക്കാമായിരുന്നു.
ഡല്‍ഹി കൂട്ടബലാത്സംഗം: പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് നമ്രത അഗര്‍വാള്‍ പറഞ്ഞു. കൂട്ടബലാത്സംഗക്കേസില്‍ കുറ്റപത്രം മൂന്നിനു സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം പരിശോധിച്ച മജിസ്ട്രേട്ട് പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, കൂട്ടബലാത്സംഗം, കൊള്ള, കൊള്ളയ്്ക്കിടെ പരിക്കേല്‍പ്പിക്കല്‍, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, ബോധപൂര്‍വമായ കുറ്റകൃത്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ അഞ്ചു പ്രതികളെയാണ് തിങ്കളാഴ്ച ഹാജരാക്കേണ്ടത്. ആറാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നിലാകും ഹാജരാക്കുക. ഇയാള്‍ പഠിച്ച സ്കൂളിലെ പ്രിന്‍സിപ്പലിനോട് ബോഡിനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയുടെ വയസ്സ് ബോധ്യപ്പെടുന്നതിനാണിത്. എല്ല് പരിശോധിച്ച് പ്രായമറിയാനും പൊലീസ് ശ്രമിക്കുന്നുണ്ട്. പതിനേഴുകാരനായ ഈ പ്രതിയാണ് പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി ആക്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. വഴിയില്‍നിന്ന് ഇരുവരോടും എവിടെപ്പോകുന്നെന്ന് ചോദിച്ചതും ബസില്‍ വിളിച്ചുകയറ്റിയതും ഇയാള്‍ തന്നെ.
deshabhimani 060113
Subscribe to:
Post Comments (Atom)
No comments:
Post a Comment