Tuesday, January 15, 2013

കൊള്ളയടിക്ക് കള്ളക്കണക്ക്


വൈദ്യുതി ബോര്‍ഡിന്റെ കറണ്ടു ചാര്‍ജ്ജിന്മേലുള്ള 'ശിക്ഷാനിരക്ക്' ആറുലക്ഷത്തിലേറെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കെതിരായ പിടിച്ചുപറിയായി മാറും. ഇക്കഴിഞ്ഞ ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തിലായ യൂണിറ്റിന് 15 രൂപ വീതം എന്ന കൊള്ളനിരക്ക് മെയ് 31 വരെ നിലവിലുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അനുമതിക്കുവേണ്ടി ബോര്‍ഡ് സമര്‍പ്പിച്ച ഉപഭോക്താക്കളുടെ സംഖ്യ കള്ളക്കണക്കാണെന്ന ആരോപണവും ഉയരുന്നു.

പ്രതിമാസം 300 മുതല്‍ 500 യൂണിറ്റുവരെ കറണ്ടുപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും അടുത്ത ബില്‍ മുതല്‍ യൂണിറ്റൊന്നിന് 15 രൂപ വീതം ഈടാക്കാനാണ് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്. 300 യൂണിറ്റുവരെ 13 രൂപയും. ഇക്കഴിഞ്ഞ ജൂലൈയില്‍ പുതുക്കിയ നിരക്കനുസരിച്ച് 201 യൂണിറ്റുമുതല്‍ 300 യൂണിറ്റുവരെ യൂണിറ്റിന് 6 രൂപയും 301 മുതല്‍ 500 വരെ 7.5 രൂപയും 500 യൂണിറ്റ് കഴിഞ്ഞാല്‍ കൂടുതല്‍ വരുന്ന ഓരോ യൂണിറ്റിനും 6.50 രൂപയുമാണ് ഈടാക്കിവരുന്നത്. ഈ ഏഴരരൂപയുടെ നിരക്കാണ് അടുത്ത ബില്‍ മുതല്‍ യൂണിറ്റിന് 15 രൂപയായി 100 ശതമാനം വര്‍ധനയിലേക്ക് കുതിച്ചുചാടുക.

ഡിസംബര്‍ 12-ന് ഈ ഭീകരമായ കറണ്ടടിക്ക് കമ്മിഷന്‍ അനുമതി നല്‍കുമ്പോള്‍ വര്‍ധനയ്ക്ക് ആധാരമായി ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകള്‍ വ്യാജമായിരുന്നുവെന്ന് ബോര്‍ഡിലെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിവായി. 300 യൂണിറ്റുവരെ പ്രതിമാസം കറണ്ട് ഉപയോഗിക്കുന്നവര്‍ വെറും 95,000 എന്ന മുള്ളെണ്ണം കണക്കാണ് വൈദ്യുതി ബോര്‍ഡ് കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിച്ചത്. 500 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവരുടെ എണ്ണം 21,000 മാത്രമെന്നായിരുന്നു മറ്റൊരുകണക്ക്.

ഭീമമായ ശിക്ഷാനിരക്ക് ഗാര്‍ഹിക ഉപഭോക്താക്കളില്‍ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്കുമാത്രമേ ബാധകമാവൂ എന്ന് റഗുലേറ്ററി കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ കള്ളകണക്ക് സമര്‍പ്പിച്ചതെന്നാണ് ആരോപണം. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ നടത്തിയ തീവ്രവൈദ്യുതീകരണയജ്ഞത്തിന്റെ ഫലമായി സംസ്ഥാനത്തെ 80 ശതമാനത്തിലേറെ വീടുകള്‍ക്കും വൈദ്യുതി ലഭിച്ചു. ഏഴ് വര്‍ഷം മുമ്പ് 66.79 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ടായിരുന്നത് എണ്‍പതുലക്ഷത്തില്‍ പരമായി ഉയര്‍ന്നു. വാണിജ്യമേഖലയിലാണ് 15 ശതമാനത്തോളം ഉപഭോക്താക്കള്‍.

എന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍ 300 യൂണിറ്റിനുമിടയില്‍ വൈദ്യുതി ഉപയോഗിക്കുന്നവരുടെ സംഖ്യ ഒന്നേകാല്‍ ലക്ഷത്തിനു താഴെയാണെന്ന കണക്ക്  ഭീമമായി വെട്ടിക്കുറവുവരുത്തി റഗുലേറ്ററി കമ്മിഷനെ കബളിപ്പിച്ച് ഈ വിഭാഗത്തിന്റെ കറണ്ട് ചാര്‍ജ് ഇരട്ടിയാക്കാന്‍ അനുമതി സമ്പാദിക്കുകയായിരുന്നുവെന്നാണ് ആരോപണം. യഥാര്‍ഥത്തില്‍ ഇത്രയും കറണ്ടു ഉപയോഗിക്കുന്നവരുടെ സംഖ്യ ആറുലക്ഷത്തോളം വരുമെന്നാണ് ബോര്‍ഡിലെ രേഖകള്‍ വ്യക്തമാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാമ്പത്തികമായി ഗാര്‍ഹിക ഉപഭോക്താക്കളെ തട്ടുതിരിച്ചുകൊണ്ട് കമ്മിഷനു സമര്‍പ്പിച്ചതും കള്ളക്കണക്കെന്നു വ്യക്തം. ഇടത്തരം കുടുംബങ്ങളുടെ ശരാശരി വൈദ്യുതി ഉപഭോഗം പ്രതിമാസം 243 യൂണിറ്റും സാമ്പത്തികമായി കുറേക്കൂടി മെച്ചപ്പെട്ട ഇടത്തരം കുടുംബങ്ങളുടെ ശരാശരി ഉപഭോഗം 433 യൂണിറ്റുമെന്ന കണക്ക് ആറുലക്ഷത്തോളം പീഡിത ഗാര്‍ഹിക ഉപഭോക്താക്കളുടെ സംഖ്യ ഒന്നേകാല്‍ ലക്ഷത്തിനുതാഴെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ബോര്‍ഡിന്റെ കുരുട്ടുതന്ത്രമായിരുന്നു. ഇതിനിടെയാണ് കറണ്ട് ചാര്‍ജ് ഘടന 'ഉപഭോക്തൃ സൗഹൃദ'മായി പുതുക്കാന്‍ വേണ്ടി റഗുലേറ്ററി കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
(കെ രംഗനാഥ്)

janayugom

2 comments:

  1. ഇതുമാത്രമല്ലല്ലോ എല്ലാം കൊള്ളയടി തന്നെ അല്ലേ.

    ReplyDelete