Tuesday, January 15, 2013
വാര്‍ത്തകള്‍ - ആരോഗ്യഭൂപടം, മെഡിസിറ്റി...
കേരളത്തിന്റെ ആരോഗ്യഭൂപടം തയ്യാറാക്കും
കോഴിക്കോട്: ഹൃദ്രോഗം പ്രതിരോധിക്കുന്നതടക്കം ലക്ഷ്യമിട്ട് കേരളത്തിന്റെ ആരോഗ്യഭൂപടം തയ്യാറാക്കുമെന്ന് വേള്‍ഡ് ഹാര്‍ട് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. സലീംയൂസഫ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍, മക്മാസ്റ്റര്‍ യൂണിവേഴ്സിറ്റി(കനഡ) എന്നിവയുടെ കൂട്ടായ്മയിലാണ് ആരോഗ്യഭൂപടം ഒരുക്കുക. ആരോഗ്യരംഗത്ത് മാതൃകാപരമായ മുന്നേറ്റം കൈവരിച്ചെങ്കിലും ഹൃദ്രോഗത്തെക്കുറിച്ചും ആരോഗ്യസംബന്ധിയായും കേരളത്തില്‍ പ്രാദേശികമായ പഠനഗവേഷണങ്ങള്‍ നടക്കുന്നില്ല. പ്രാദേശികസാഹചര്യങ്ങള്‍ അടിസ്ഥാനമാക്കിയേ നമുക്ക് രോഗത്തെ നേരിടാനാകൂ. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം- വാര്‍ത്താസമ്മേളനത്തില്‍ ഡോ. സലീം പറഞ്ഞു. വിദേശത്ത് ഹൃദ്രോഗബാധയുണ്ടായാലും ചെറിയശതമാനമേ ജീവാപായമുണ്ടാകുന്നുള്ളു. എന്നാല്‍ കേരളത്തില്‍ മരണനിരക്ക് കുടുതലാണ്. ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, പ്രമേഹം, പൊണ്ണത്തടി, മദ്യപാനം, പുകവലി, വ്യായാമമില്ലായ്മ, ജീവിതശൈലിയിലുള്ള മാറ്റം എന്നിങ്ങനെ ഏറെ ഘടകങ്ങള്‍ മലയാളിയുടെ രോഗാവസ്ഥക്ക് കാരണമാണ്. പൊതു വൈദ്യവിഭാഗത്തിന് പ്രാധാന്യം കുറയുന്നതും പ്രശ്നമാണ്. പുകയില ഉപയോഗം കുറച്ചാല്‍ 40 ശതമാനംവരെ ഹൃദയത്തെ സംരക്ഷിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. ഡോ. സലീംയൂസഫിന് കേരള ഹാര്‍ട് കെയര്‍ സൊസൈറ്റി ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കേന്ദ്രസഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കേരള ഹാര്‍ട് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ കുഞ്ഞാലി അധ്യക്ഷനായി.
മെഡി സിറ്റി ഗുണകരമെന്ന് സര്‍ക്കാര്‍
കൊച്ചി: കടമക്കുടിയിലെ നിര്‍ദിഷ്ട കൊച്ചി മെഡി സിറ്റി പദ്ധതി പ്രദേശവാസികള്‍ക്ക് ഗുണകരമെന്ന് സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുംമുമ്പ് മെഡി സിറ്റി കമ്പനിയുടെ ചെലവില്‍ പാരിസ്ഥിതിക ആഘാതപഠനം നടത്തുമെന്നും നിയമാനുസൃതമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുമാത്രമേ പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി കൃഷിചെയ്യാത്ത പ്രദേശമാണ് ഇതെന്നും നിലവില്‍ നെല്‍കൃഷി നടത്താന്‍ അനുയോജ്യമല്ലെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചതായി സര്‍ക്കാരിന്റെ പത്രികയില്‍ പറയുന്നു. പദ്ധതിക്കുവേണ്ടി 1000 കോടിരൂപ മുതല്‍മുടക്കാന്‍ വിദേശമലയാളികള്‍ തയ്യാറാണെന്നും 7000 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും മെഡി സിറ്റി കമ്പനി ചെയര്‍മാന്‍ വ്യക്തമാക്കി.
ജില്ലാ ബാങ്കുകള്‍ പിടിക്കാന്‍ 2000 കടലാസ് സംഘങ്ങള്‍
തിരു: ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കാന്‍ രണ്ടായിരത്തിലേറെ കടലാസ് സംഘങ്ങളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി. കോടതിവിധിയും സഹകരണചട്ടങ്ങളും കാറ്റില്‍ പറത്തി നൂറുകണക്കിനു സംഘങ്ങളെ പുറന്തള്ളുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 10, 11 തീയതികളിലാണ് ജില്ലാ ബാങ്കുകളിലേക്ക് തെരഞ്ഞെടുപ്പ്. പതിനാല് ജില്ലാബാങ്കുകളിലുമായി 12500 സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയിരിക്കുന്നു. 1603 പ്രാഥമിക സഹകരണസംഘങ്ങള്‍ക്കായിരുന്നു ഇതുവരെ വോട്ടവകാശം. കടലാസ് സംഘങ്ങള്‍ക്ക് പുറമെ, വനിതാ സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, പാല്‍ സൊസൈറ്റികള്‍, പട്ടികജാതി-പട്ടികവര്‍ഗ സംഘങ്ങള്‍ തുടങ്ങിയവയെ ബൈലോ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2007 ഡിസംബര്‍ 10 വരെ ചേര്‍ത്ത സംഘങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചേര്‍ത്ത കടലാസ് സംഘങ്ങളെ നിലനിര്‍ത്താനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത സംഘങ്ങളെ ഒഴിവാക്കാനുമാണിത്.
5000 ഗ്രാമ ന്യായാലയങ്ങള്‍ സ്ഥാപിക്കും: അശ്വിനികുമാര്‍
കൊച്ചി: സാധാരണക്കാരന് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഇന്ത്യയിലെമ്പാടും ബ്ലോക്ക്തലത്തില്‍ 5000 ഗ്രാമ ന്യായാലയങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനികുമാര്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബലാത്സംഗത്തിനിടയില്‍ പെണ്‍കുട്ടി കൊല്ലപ്പെടുന്ന അപൂര്‍വം കേസുകളില്‍ മാത്രമേ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാറുള്ളൂ. വിവിധ മേഖലയില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചശേഷം അടുത്ത ബജറ്റ്സമ്മേളനത്തില്‍ നിയമഭേദഗതി നടത്തും. ഡല്‍ഹി സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ശിക്ഷയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമാഹരിക്കാനുമായി ജെ എസ് വര്‍മയെ കമീഷനായി നിയമിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി എല്ലാ സംസ്ഥാനത്തും അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നു നിര്‍ദേശിച്ച് മുഖ്യമന്ത്രിമാര്‍ക്കും ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തയച്ചു. ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളും തത്വത്തില്‍ അംഗീകരിച്ചതായാണ് പ്രതികരണങ്ങളില്‍നിന്നു മനസ്സിലാക്കുന്നത്. ഡല്‍ഹി ബലാത്സംഗക്കേസിലെ ഇരയുടെ പേരു വെളിപ്പെടുത്താന്‍ നിയമം അനുവദിക്കുന്നില്ല. കേന്ദ്രസഹമന്ത്രി ശശി തരൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ടതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയുണ്ടാക്കും. ഈ വര്‍ഷം 20 ലക്ഷം കേസുകള്‍ തീപ്പാക്കും. കോടതികളുടെ മെച്ചപ്പെട്ടതും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദി ജുഡീഷ്യറിയാണെന്നും അദ്ദേഹം പറഞ്ഞു.
deshabhimani
Labels:
ആരോഗ്യരംഗം,
സഹകരണ മേഖല,
സ്ത്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment