Tuesday, January 15, 2013

ഐസ്ക്രീം അട്ടിമറിക്കേസ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


ഐസ്ക്രീം അട്ടിമറിക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വമര്‍ശനം. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പുനരന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രത്യേക താല്‍പര്യമെന്ന് ഹൈക്കോടതി. കേസിന്റെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുയതാനന്ദന് നല്‍കുന്നത് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. രേഖകള്‍ വിഎസിന് നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുക്കുന്നു. മറ്റാര്‍ക്കോ വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വി കെ മോഹനാണ് കേസ് പരിഗണിച്ചത്. യുക്തമായ രീതിയില്‍ കോടതിയെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

വിഎസിന് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്ന കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുതാല്‍പര്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി വിഎസിന് രേഖകള്‍ കൈമാറണമെന്ന് ഉത്തരവിട്ടത്. എന്നാല്‍, കേസിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ വിഎസിന് നിയമപരമായി അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മൊഴിപ്പകര്‍പ്പുകളും മറ്റു രേഖകളും വിഎസിന് കൈമാറുന്നതിനെ കേസിലെ പ്രതികളാണ് എതിര്‍ക്കുന്നതെങ്കില്‍ മനസിലാക്കാം. എന്നാല്‍, നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട സര്‍ക്കാര്‍ കോടതിയുടെ ഉത്തരവിനെ എതിര്‍ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി.

deshabhimani

No comments:

Post a Comment