Tuesday, January 1, 2013

ബലാത്സംഗക്കേസുകള്‍ വ്യാജമെന്ന് ഹരിയാന ജാതി പഞ്ചായത്ത്


ഹരിയാനയിലെ ഖാപ് പഞ്ചായത്ത് (ജാതി പഞ്ചായത്ത്) സ്ത്രീകളെ അപമാനിച്ച് വീണ്ടും രംഗത്ത്. ബലാത്സംഗ ക്കേസുകളില്‍ ഭൂരിപക്ഷവും കെട്ടിച്ചമച്ചതാണെന്നും ഇത്തരം കേസുകളില്‍ വധശിക്ഷ പാടില്ലെന്നും ഹിസാര്‍ ജില്ലയിലെ ഹാന്‍സിയിലെ ജാതി പഞ്ചായത്ത് അഭിപ്രായപ്പെട്ടു. ഡല്‍ഹി സംഭവത്തെ തുടര്‍ന്ന്, ബലാത്സംഗക്കേസുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തുന്നവര്‍ക്ക് വധശിക്ഷ വേണമെന്ന ആവശ്യത്തെ ജാതി പഞ്ചായത്ത് ശക്തമായി എതിര്‍ത്തു. നിയമങ്ങളെല്ലാം ദുരുപയോഗം ചെയ്യുകയാണെന്ന് ജാതി പഞ്ചായത്തുകള്‍ ആരോപിക്കുന്നു. സ്ത്രീധന നിരോധനിയമവും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമെതിരായ അതിക്രമം തടയാനുള്ള നിയമവുമൊക്കെ ദുരുപയോഗം ചെയ്യുകയാണ്. ബലാത്സംഗക്കേസുകളില്‍ കുടുക്കി പ്രതികാരം ചെയ്യാന്‍ ഇടയാക്കുന്നതാണ് വധശിക്ഷയെന്ന നിര്‍ദേശം. ഇതിനെ എന്തുവില കൊടുത്തും ചെറുക്കും-ഹാന്‍സിയിലെ ജാതി നേതാവ് സുബേസിങ് പറഞ്ഞു.

സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും വൈകിട്ട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും ഉത്തര്‍പ്രദേശിലെ ബാഗ്പതിലെ ജാതി പഞ്ചായത്ത് ഉത്തരവിട്ടിട്ടുണ്ട്. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ "അരപ്പാവാട" ഉപയോഗിക്കാന്‍ പാടില്ലെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ നടത്തിയ പ്രസ്താവനയും ഇതിനിടെ വിവാദമായി. ജാതി പഞ്ചായത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ രംഗത്തുവരണമെന്ന് സിപിഐ എം ഹരിയാന സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത്സിങ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യമാകെ ബലാത്സംഗ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് കുറ്റവാളികളെ ന്യായീകരിച്ച് ജാതി പഞ്ചായത്ത് രംഗത്തുവന്നിരിക്കുന്നത്. ഹരിയാനയിലെ കൂട്ട ബലാത്സംഗക്കേസുകള്‍ ദുര്‍ബലമാക്കി ഇല്ലാതാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടക്കുന്നത്. ഹരിയാനയിലെ കൂട്ട ബലാത്സംഗക്കേസുകളിലെ പ്രതികളെ വെള്ളപൂശാനാണ് ജാതി പഞ്ചായത്തുകള്‍ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നതെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ജഗ്മതി സാങ്വാന്‍ പറഞ്ഞു. കുറ്റവാളികളെ ന്യായീകരിക്കാന്‍ സ്ത്രീകളെ അപമാനിക്കുകയാണെന്നും ജഗ്മതി പറഞ്ഞു.
(വി ജയിന്‍)

deshabhimani 010113

No comments:

Post a Comment