ജനകീയമുന്നേറ്റം
അരിപ്പ (കുളത്തൂപ്പുഴ): ഒരുതുണ്ടു ഭൂമിക്കു വേണ്ടിയുള്ള മണ്ണിന്റെ മക്കളുടെ ചരിത്രസമരം അഞ്ചാംദിനത്തിലും കരുത്തോടെ തുടര്‍ന്നു. കുളത്തൂപ്പുഴ പഞ്ചായത്തിലെ അരിപ്പയില്‍ 54 ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമിയില്‍ നടക്കുന്ന സമരം ജനപങ്കാളിത്തത്തില്‍ സമാനതകളില്ലാത്ത ഏടായി മാറുന്നു. വിവിധ ഏരിയകളില്‍നിന്നു തെരഞ്ഞെടുത്ത 100 വളന്റിയര്‍മാരും അവരെ അനുധാവനം ചെയ്ത് ആയിരക്കണക്കിനു പ്രവര്‍ത്തകരും ശനിയാഴ്ച സമരഭൂമിയില്‍ പ്രവേശിച്ച് അവകാശം സ്ഥാപിച്ചു. ചവറ, അഞ്ചാലുംമൂട് ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് ശനിയാഴ്ചത്തെ സമരത്തില്‍ പങ്കെടുത്തത്. ചോഴിയക്കോട്ടുനിന്ന് പ്രകടനമായി പ്രവര്‍ത്തകര്‍ സമരഭൂമിയിലേക്കു നീങ്ങി. ഭൂമിക്കുവേണ്ടിയുള്ള പാവപ്പെട്ടവരുടെയും ഭൂരഹിതരുടെയും സമരത്തെ പരിഹസിക്കുന്ന ഭൂമാഫിയയുടെ ഒത്താശക്കാരായ രാഷ്ട്രീയനേതാക്കള്‍ക്കു സമരക്കാര്‍ താക്കീതുനല്‍കി. പ്രകടനത്തിനുശേഷം സമരഭൂമിയില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിഅംഗം കെ വരദരാജന്‍ അഞ്ചാംദിവസത്തെ സമരം ഉദ്ഘാടനംചെയ്തു.1957, "67 ഘട്ടങ്ങളില്‍ ഇ എം എസ് സര്‍ക്കാരുകള്‍ നടപ്പാക്കിയ സമഗ്രമായ ഭൂപരിഷ്കരണ നിയമങ്ങള്‍ അട്ടിമറിക്കാന്‍ കോണ്‍ഗ്രസിനു കൂട്ടുനിന്നവരും കോണ്‍ഗ്രസുകാരും ഇപ്പോള്‍ നടക്കുന്ന ഭൂസമരത്തെ പരിഹസിക്കുന്നതു ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ കെ വരദരാജന്‍ പറഞ്ഞു. 67ലെ സര്‍ക്കാരിനെ അട്ടിമറിച്ചശേഷം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നവര്‍ക്ക് ഈ സമരത്തെ വിമര്‍ശിക്കാന്‍ അവകാശമില്ല. ഈ സമരം രണ്ടാം ഭൂസമരമാണെന്നു ഞങ്ങള്‍ അവകാശപ്പെട്ടിട്ടില്ല. എ കെ ജിയുടെ നേതൃത്വത്തില്‍ 1970കളില്‍ കേരളത്തില്‍ നടന്ന ഭൂസമരത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന ഭൂസംരക്ഷണ സമരമെന്നും ഇതു ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും വരദരാജന്‍ പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തില്‍ കെഎസ്കെടിയു ചവറ ഏരിയസെക്രട്ടറി സുരേഷ്ബാബു അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍, കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ ജോര്‍ജ്മാത്യു, എന്‍ എസ് പ്രസന്നകുമാര്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ പി എ എബ്രഹാം, സി ബാള്‍ഡുവിന്‍, ഏരിയസെക്രട്ടറിമാരായ ടി മനോഹരന്‍, വി കെ അനിരുദ്ധന്‍, കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റിഅംഗം സത്യശീലന്‍, കെഎസ്കെടിയു സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഡി വിശ്വസേനന്‍, എം എ മുഹമ്മദ്, കര്‍ഷകസംഘം ഏരിയസെക്രട്ടറിമാരായ എസ് സതീഷ്, ആര്‍ സുരേന്ദ്രന്‍പിള്ള, ജി വിമല്‍കുമാര്‍, പ്രസിഡന്റ് ജോണ്‍ഫിലിപ്പ്, കെഎസ്കെടിയു ചവറ ഏരിയസെക്രട്ടറി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. സമരഭൂമിയില്‍ ഉച്ചഭക്ഷണത്തിനുശേഷം നിരവധി പ്രവര്‍ത്തകര്‍ നാടന്‍പാട്ടുകളും വിപ്ലവഗാനങ്ങളും ആലപിച്ചു. സമരത്തിന്റെ ആറാം ദിവസമായ ഞായറാഴ്ച സമരം സിപിഐ എം സംസ്ഥാനകമ്മിറ്റിഅംഗം കെ എന്‍ ബാലഗോപാല്‍ എംപി ഉദ്ഘാടനംചെയ്യും. കര്‍ഷകസംഘം ജില്ലാകമ്മിറ്റിഅംഗം സി ആര്‍ മധു സമരത്തിനു നേതൃത്വം നല്‍കും. കൊട്ടാരക്കര, കുണ്ടറ ഏരിയകളിലെ ഭൂസംരക്ഷണസമിതി പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ വില്ലേജുകളില്‍നിന്ന് എത്തുന്ന സമരഭടന്മാരെ അനുഗമിക്കും. ഏഴാം ദിവസമായ തിങ്കളാഴ്ച സമരം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും.
സമരഭൂവില്‍ ആവേശമായി ഈ സഹോദരിമാര്‍
അരിപ്പ: "പുറമ്പോക്കില്‍ ഒരു ഇടിച്ചുപൊളിഞ്ഞ വീടെങ്കിലും എനിക്കുണ്ടല്ലോ. ഭൂമിപോലും ഇല്ലാത്തവര്‍ക്കായുള്ള ഈ സമരത്തില്‍ കാഴ്ചക്കാരിയായി നില്‍ക്കാന്‍ ആകുന്നില്ല." ജനിച്ച നാള്‍ മുതല്‍ പുറമ്പോക്കില്‍ കഴിയുന്ന പങ്കിചേച്ചിയുടേതാണ് ഈ വാക്കുകള്‍. ഭൂസമരം തുടങ്ങിയ നാള്‍മുതല്‍ സമരസംഘാടകസമിതിക്കാര്‍ക്ക് സഹായികളാണ് പങ്കി ചേച്ചിയും ചേച്ചി സരസുവും. അവിവാഹിതയായ ഈ അമ്പതുകാരി കുളത്തൂപ്പുഴ പഞ്ചായത്തില്‍ ചോഴിയക്കോട് വാര്‍ഡിലെ തൊഴിലുറപ്പു പദ്ധതിയില്‍ ജോലിക്കാരിയാണ് ഇപ്പോള്‍. അരിപ്പ റോഡുവശത്തെ 33 കുടുംബങ്ങള്‍ക്ക് നാലുപതിറ്റാണ്ടായിട്ടും പട്ടയം കിട്ടിയിട്ടില്ല. ആകെ കൂട്ടിനുള്ളത് 60 വയസ്സുള്ള ചേച്ചി സരസുവാണ്. ചിതറ പഞ്ചായത്തില്‍ മടത്തറ പാറത്തോട് മൂന്നുസെന്റിലാണ് സരസുവിന്റെ താമസം. മക്കളും ചെറുമക്കളുമടങ്ങുന്ന സരസു അവിവാഹിതയായ അനുജത്തിക്ക് കൂട്ടായി എത്തിയതാണ് അരിപ്പയില്‍. ഇരുവരും അയല്‍ക്കാര്‍ക്കൊപ്പം സമരകേന്ദ്രത്തിലെ സഹായികളാണ്. സമരഭടന്മാര്‍ക്ക് ആവശ്യത്തിനു ചൂടുവെള്ളവും ഉച്ചക്കഞ്ഞിയും ഒരുക്കുന്നത് ഇവരാണ്. ഭൂമിയില്ലാത്തവര്‍ക്കു ഭൂമി നല്‍കണമെന്നു പറഞ്ഞ് സമരം ചെയ്യുന്ന ആയിരങ്ങളെ സഹായിക്കാന്‍ രണ്ടുപേര്‍ക്കും മനംനിറയെ സന്തോഷം. റോഡ് പുറമ്പോക്കു സ്ഥലത്തിന് പട്ടയം ലഭിക്കുക, ഒരു വീട് വയ്ക്കാന്‍ സഹായം ലഭിക്കുക എന്നതു മാത്രമാണ് ജീവിതത്തില്‍ ശേഷിക്കുന്ന ഏക ആഗ്രഹം. എന്നാല്‍, പഞ്ചായത്തില്‍ പട്ടയം ലഭിക്കാത്ത നൂറുകണക്കിന് കുടുംബങ്ങളുണ്ട്. പങ്കിചേച്ചിക്ക് വീടു നല്‍കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് ചോഴിയക്കോട് വാര്‍ഡ്അംഗം കെ ജെ അലോഷ്യസ് പറഞ്ഞു.
(എന്‍ ഷാജി)
സമരസഹായത്തിന് പഞ്ചായത്ത് അംഗങ്ങളും പിബിസിഎയും
അഞ്ചല്‍: ആറാം നാളിലേക്കു കടക്കുന്ന അരിപ്പയിലെ ഭൂസമരത്തിന്റെ സഹായത്തിനായി ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ സിപിഐ എം പ്രതിനിധികളും കേരള പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ (പിബിസിഎ) അംഗങ്ങളും. പഞ്ചായത്ത് പ്രതിനിധികള്‍ തങ്ങളുടെ അലവന്‍സ് സ്വരൂപിച്ച് സമരഭടന്മാര്‍ക്കും അനുഗമിക്കുന്നവര്‍ക്കും ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങി സമരകേന്ദ്രത്തില്‍ എത്തിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍പിള്ള, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സലകുമാരി, പനച്ചവിള വാര്‍ഡ്അംഗം ചന്ദ്രബാബു എന്നിവരാണ് ഭക്ഷ്യസാധനങ്ങള്‍ സമരകേന്ദ്രത്തില്‍ എത്തിച്ചത്. പിബിസിഎ ജില്ലാ കമ്മിറ്റിയും ഉച്ചഭക്ഷണം ഒരുക്കുന്നതിനായി ഭക്ഷ്യസാധനങ്ങള്‍ സമരകേന്ദ്രത്തില്‍ എത്തിച്ചു. ജില്ലാ സെക്രട്ടറി കെ പി രാജു സമരസമിതി നേതാക്കളായ ബി രാജീവ്, എസ് ഗോപകുമാര്‍, ജി രവീന്ദ്രന്‍പിള്ള, കെ ജി അലോഷ്യസ്, അഡ്വ. ജി സുരേന്ദ്രന്‍നായര്‍, വിനോദ് സ്റ്റീഫന്‍, സിജിത്, സജയ ഉണ്ണി എന്നിവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൈമാറി.
വൈകല്യം തോല്‍ക്കുന്ന ആവേശവുമായി...
തുമ്പോട്: മണ്ണിനായുള്ള സമരത്തിന് വൈകല്യം അവഗണിച്ച് സുനിതാബീവി എത്തി. മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് തളര്‍ന്ന മടവൂര്‍ ഞാറേക്കോണം കക്കോട് മൂന്നാംവിളയിലെ ഈ നാല്‍പ്പതുകാരിയെ ഓട്ടോറിക്ഷയിലാണ് സമരഭൂവില്‍ എത്തിച്ചത്. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും വൃദ്ധമാതാവിനുമൊപ്പം വര്‍ഷങ്ങളായി ഇവര്‍ വാടക വീട്ടിലാണ് കഴിയുന്നത്. മൂന്നാംവിളയില്‍ ചായക്കട നടത്തി കിട്ടുന്ന തുച്ഛവരുമാനം കൊണ്ടുമാത്രമാണ് ഇവര്‍ കഴിയുന്നത്. കിടപ്പാടത്തിനായി തുമ്പോട് ഭൂരഹിതരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല പോരാട്ടം ആരംഭിച്ചപ്പോള്‍ ഇവര്‍ക്ക് സമരകേന്ദ്രത്തില്‍ എത്താതിരിക്കാനാകുമായിരുന്നില്ല. ഒരു ദിവസമെങ്കിലും സമരത്തില്‍ അണിനിരക്കണമെന്ന നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ആയില്ല
പോരാട്ടമല്ലാതെ മറ്റെന്തു വഴി
കൊല്ലങ്കോട്: തങ്ങളൊക്കെ സമരത്തിലൂടെ ഉണ്ടാക്കിയ മാറ്റം നിലനിര്‍ത്താന്‍ പോരാട്ടമല്ലാതെ മറ്റ് വഴിയില്ല. അന്ന് എല്ലാവര്‍ക്കും ഭൂമി ലഭിക്കാനാണ് സമരം ചെയ്തതെങ്കില്‍ ഇന്ന് ഉള്ള ഭൂമി സംരക്ഷിക്കാനും ഇല്ലാത്തവര്‍ക്ക്് ലഭിക്കാനുമാണന്ന വ്യത്യാസം മാത്രം. 1979ലെയും 1984ലെയും സമരത്തില്‍ ജയില്‍വാസമനുഭവിച്ച എരിമയൂര്‍ പുള്ളോട് പൂക്കുറിശി വീട്ടില്‍ സി രാമകൃഷ്ണനും മേലാര്‍ക്കോട് പുത്തന്‍തറ വലതല വീട്ടില്‍ കെ കുഞ്ചനും പറയുന്നു. തളരാത്ത പോര്‍വീര്യവുമായി വീണ്ടും ഭൂസമരത്തിന് കൊല്ലങ്കോട് കരിപ്പോട് അവര്‍ എത്തി.
1979ല്‍ എരിമയൂരിലെ വടക്കുംപുറം ജന്മിമാരുടെ ഭൂമിയില്‍ നടത്തിയ സമരത്തിലാണ് രാമകൃഷ്ണന്‍ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. 19 84ല്‍സമരത്തില്‍പങ്കെടുത്തപ്പോഴാണ് കുഞ്ചന് ഒറ്റപ്പാലം സബ്ജയിലില്‍ 20ദിവസം കഴിയേണ്ടിവന്നത്. ജന്മിമാര്‍ക്ക് തൊടികപ്പാട്ടം നല്‍കി ജീവിതം തള്ളിനീക്കിയ ജനതയ്ക്ക് സ്വന്തമായി ഒരുതുണ്ട്ഭൂമി കിട്ടിയത് തങ്ങളടക്കം പങ്കെടുത്ത സമരത്തിലൂടെയാണ്. 1979ല്‍ എരിമയൂരില്‍ സമരവളണ്ടിയര്‍മാര്‍ക്ക് ആഴ്ചകളോളം സഹായവുമായി കാവല്‍നിന്ന രാമകൃഷ്ണന്‍ അവസാനദിനം ജയില്‍വാസമനുഷ്ഠിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. പാവപ്പെട്ടവന്റെ ജീവിതം ദുരിതത്തില്‍നിന്ന് കരകയറ്റാന്‍ നടന്ന സമരത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഇന്നും അഭിമാനം. 1979ലും "84ലും നടന്ന സമരത്തില്‍ ആലത്തൂര്‍ ഏരിയയില്‍നിന്നുമാത്രം111 പേരാണ് ജയിലിലടയ്ക്കപ്പെട്ടത്. മാക്കപ്പറമ്പ്, നെല്ലിക്കലിടത്ത്, വടക്കുംപുറം പി രാമസ്വാമി തുടങ്ങിയ ജന്മികുടുംബങ്ങള്‍ കൈയടക്കിവച്ച ആലത്തൂര്‍ താലൂക്കിലെ ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സമരത്തിന്റെ ഭാഗമായി ഭൂമി ലഭിച്ചു. കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അന്ന് ജന്മിമാരുടെ ഭൂമിയിലാണ് സമരം ചെയ്തിരുന്നതെങ്കില്‍ ഇന്ന് മിച്ചഭൂമിയിലേക്കും അനധികൃതമായി കൈയടക്കിവച്ച ഭൂമിയിലേക്കുമാണ് സമരം ചെയ്യേണ്ടിവന്നിരിക്കുന്നത്-അവര്‍ പറഞ്ഞു.
ചരിത്രം തിരുത്തിയെഴുതി ഭൂസമരം
ചുണ്ടേല്‍: സാധാരണക്കാരുടെ കിടപ്പാടമെന്ന സ്വപ്നം പുവണിയുന്നതിന് പ്രമാണിമാരും വന്‍കിട തോട്ടമുടമകളും അനധികൃതമായി കൈവശംവെക്കുന്ന അധികഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം ആറാം നാളിലേക്ക്. എച്ച്എംഎല്‍ അനധികൃതമായി കൈവശംവെക്കുന്ന ചുണ്ടേലിലെ ഭൂമിയിലേക്ക് സമരത്തില്‍ പങ്കെടുക്കാനും അഭിവാദ്യം അര്‍പ്പിക്കാനും ശനിയാഴ്ചയും ജനപ്രവാഹമായിരുന്നു. തികച്ചും അച്ചടക്കത്തോടെ നടക്കുന്ന സമരത്തില്‍ വളന്റിയര്‍മാര്‍ക്കൊപ്പം ജയിലനുഭങ്ങള്‍ പങ്കുവെച്ച് പഴയകാല പ്രവര്‍ത്തകര്‍ എത്തുന്നത് ആവേശമാവുകയാണ്.
പനമരം ഏരിയയിലെ തെരഞ്ഞെടുത്ത സമര വളന്റിയര്‍മാരാണ് അവകാശം സ്ഥാപിച്ചത്. ആദിവാസികളും കര്‍ഷകതൊഴിലാളികളും പര്‍ദയണിഞ്ഞെത്തിയ മുസ്ലിം സ്ത്രീകളും സമരത്തിന് പിന്തുണയേകി. ആറാംനാള്‍ എകെഎസ് ജില്ലാസെക്രട്ടറി പി വാസുദേവന്‍ ഉദ്ഘാടനംചെയ്തു. കെ ആര്‍ ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ ജനറല്‍ കണ്‍വീനര്‍ സുരേഷ് താളൂര്‍, പ്രതാപചന്ദ്രന്‍, പി സന്തോഷ് എന്നിവര്‍ സംസാരിച്ചു. എം എം ചാക്കോ സ്വാഗതവും പി എ സാബു നന്ദിയും പറഞ്ഞു. കെ എ ജോണി, കെ കേശവന്‍, കെ രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജയിലോര്‍മയില്‍ ഇവര്‍ മൂവര്‍
ചുണ്ടേല്‍: തടവറക്കുള്ളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സമരഭൂമിയില്‍ ആവേശമായി മൂവര്‍സംഘം. 1966ലും 72ലും നടന്ന ഭൂസമരത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചും സമര വളന്റിയര്‍മാര്‍ക്ക് ആവേശം നല്‍കിയും എടവക മങ്ങാടിയില്‍ എം ശംഭുനായരും, വെള്ളമുണ്ട മൊതക്കര പി പരമേശ്വരനും അഗ്രഹാരത്തിലെ എം എം രാജപ്പനുമാണ് സമരഭൂമിക്ക് ആഗവശം പകരുന്നത്.
66ല്‍ എടവകയിലെ ജന്മിയായ പത്മരാജതരകന്‍ കൈവശം വെച്ച ഭൂമിയില്‍ എ വര്‍ഗീസിന്റെ നേതൃത്വത്തിലാണ് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. പിറ്റേന്ന് മുടപ്പത്ത് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുടിലുകള്‍ പൊളിച്ചെങ്കിലും ഭൂമിയില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ രാത്രിയില്‍ കാവലിരുന്നും മര്‍ദനങ്ങളേറ്റും ഭൂമിയുടെ അവകാശം നേടി. 1967ല്‍ ഇഎംഎസ് സര്‍ക്കാര്‍ പട്ടയം നല്‍കി. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ഒന്നരമാസമാണ് ഇവര്‍ മഞ്ചേരി സബ്ജയിലില്‍ കിടന്നത്. വെള്ളമുണ്ടയില്‍ പന്നിയന്‍ പട്ട്യന്റെ കൃഷിഭൂമി പിടിച്ചെടുത്ത മുതലാളിയില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കിയാണ് സംരക്ഷിച്ചത്. അടിയന്തവാസ്ഥാകാലത്ത് കൊടിയ മര്‍ദനങ്ങള്‍ക്ക് വിധേയമായെങ്കിലും സാധാരണ ജനവിഭാഗങ്ങളുടെ അത്താണിയായി മാറിയ പ്രസ്ഥാനത്തിന്റെകൂടെ ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ജന്മിത്ത വ്യവസ്ഥകള്‍ മാറ്റാനായത്. ഭൂമിക്കായുള്ള ഈ പോരാട്ടത്തെ നിശ്ചലമാക്കാന്‍ കഴിയില്ലെന്നും ജയിലില്‍ പോകേണ്ടി വന്നാലും ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും കിടപ്പാടമെന്ന സ്വപ്നം പുവണിയും.
വേനലിനെ വെല്ലുവിളിച്ച സമരാവേശം
വടക്കേക്കളം എസ്റ്റേറ്റ് (വടക്കാഞ്ചേരി): ഭൂരഹിതരായ എല്ലാ മനുഷ്യര്‍ക്കും മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി വടക്കേക്കളം പ്ലാന്റേഷനില്‍ നടക്കുന്ന ഭൂസമരം അഞ്ചാം ദിവസവും ആവേശ്വോജ്വലം. കത്തുന്ന വേനലിനെ വെല്ലുവിളിക്കുന്ന സമരാവേശവുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 297 സമരഭടന്മാരാണ് ശനിയാഴ്ച മിച്ചഭൂമിയില്‍ പ്രവേശിച്ച് ചെങ്കൊടിനാട്ടിയത്്. 39 വനിതകളുള്‍പ്പെടെ യുവാക്കളും വയോധികരും റിട്ട.ജീവനക്കാരും ജനപ്രതിനിധികളുമെല്ലാം സമരാവേശത്തില്‍ പങ്കാളികളായി. പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് കെ മണി നേതൃത്വം നല്‍കി. ഉദ്ഘാടന വേദിയില്‍ നിന്നും സമരഭൂമിയില്‍ പ്രവേശിക്കുംവരെ സമരഭടന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ പ്രകടനമായി അനുഗമിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി എ പത്മനാഭന്‍ അധ്യക്ഷനായി. എം എന്‍ സത്യന്‍ സ്വാഗതം പറഞ്ഞു. ഭൂസംരക്ഷണസമിതി ജില്ലാ കണ്‍വീനര്‍ എന്‍ ആര്‍ ബാലന്‍ സംസാരിച്ചു. കെ വി അബ്ദുള്‍കാദര്‍ എംഎല്‍എ, ജില്ലാ ചെയര്‍മാന്‍ മുരളി പെരുനെല്ലി, സംഘാടക സമിതി കണ്‍വീനര്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി, മേരിതോമസ്, കെ കെ ശ്രീനിവാസന്‍, പി എസ് വിനയന്‍ എന്നിവര്‍ പങ്കെടുത്തു. കെ മണി, ടി പി സുബ്രമണ്യന്‍, പി ഐ കുമാരന്‍, വിജയന്‍ പാണ്ടാരി എന്നിവര്‍ ബേബിജോണില്‍ നിന്ന് പതാക ഏറ്റുവാങ്ങി.
ഭൂപരിഷ്ക്കരണ നിയമം അട്ടിമറിച്ച് മിച്ചഭൂമികള്‍ ഇല്ലാതാക്കാന്‍ യുഡിഎഫ് ശ്രമം: ബേബിജോണ്‍
വടക്കാഞ്ചേരി: ഭൂപരിഷ്ക്കരണ നിയമം അട്ടിമറിച്ച് മിച്ചഭൂമികള്‍ ഇല്ലാതാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ പറഞ്ഞു. ഭൂസമരത്തെ അപഹസിക്കുന്നവര്‍ കേരളത്തിന്റെ ചരിത്രം അറിയാത്തവരാണ്. കുടികിടപ്പവകാശത്തിനും, ഭൂപരിഷ്ക്കരണത്തിനും ആദ്യം ശബ്ദമുയര്‍ത്തിയത് കമ്യൂണിസ്റ്റ്കാരാണ്. 1937ല്‍ ഇ എം എസാണ് ഈ ആശയം മുന്നോട്ടുവച്ചത്. മരിച്ചാല്‍ ശവമടക്കാന്‍ പോലും ഒരു തുണ്ട് ഭൂമിയില്ലാതിരുന്ന അടിസ്ഥാനവര്‍ഗത്തിന് പത്തുസെന്റ് ഭൂമിയുടെ അവകാശം ലഭിച്ചത് ഭൂപരിഷ്ക്കരണത്തിലൂടെയാണ്. വടക്കാഞ്ചേരി വടക്കേക്കളം പ്ലാന്റേഷനില്‍ നടക്കുന്ന അഞ്ചാം ദിവസത്തെ ഭൂസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂസംരക്ഷണ സമിതി നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ ശക്തിയോടെ മുന്നേറുമ്പോള്‍ ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് ഒരു ലക്ഷം പേര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്‍കാമെന്ന് പറഞ്ഞ് റവന്യൂമന്ത്രി രംഗത്തെത്തിയത്. ഭൂരഹിതരായി രജിസ്റ്റര്‍ ചെയ്തവര്‍ മാത്രം രണ്ടര ലക്ഷത്തോളമുണ്ടെന്ന രേഖകള്‍ സര്‍ക്കാരിനു മുന്നിലുള്ളപ്പോഴാണ് ഒരുലക്ഷം പേര്‍ക്ക് ഭൂമി നല്‍കാമെന്ന് പറയുന്നത്. ബാക്കിയുള്ള ഒന്നരലക്ഷംപേര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്. ഇത് അനുവദിക്കാനാകില്ല. തോട്ടവിളയുടെ പട്ടികയില്‍ കശുമാവ് കൃഷിയേയും ഉള്‍പ്പെടുത്തി അവശേഷിക്കുന്ന മിച്ചഭൂമിയും ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിനാമി കച്ചവടത്തിലൂടെയും പാട്ട ഭൂമി നിയമം ലംഘിച്ചും കൈവശപ്പെടുത്തിയ ഭൂമിയും ഏറ്റെടുക്കണം. കേരളത്തിന്റെ ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ആവിഷ്ക്കരിച്ച നെല്‍വയല്‍ -തണ്ണീര്‍ത്തടനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ യുഡിഎഫിനെ അനുവദിക്കില്ല. ഏതാനും പേര്‍ക്ക് കുറച്ച് ഭൂമി ദാനമായി നല്‍കിയാല്‍ മാത്രം തീരുന്നതല്ല ഈ സമരമെന്നും ബേബിജോണ്‍ പറഞ്ഞു.
ചരിയംതുരുത്തിന് ആവേശമായി കുട്ടി
പറവൂര്‍: നിരവധി സമരങ്ങള്‍ക്ക് നേതൃത്വംകൊടുത്ത് അറസ്റ്റ്വരിക്കുകയും 66-ാം വയസ്സിലും പോരാളിയായി ചരിയംതുരുത്തിലെ സമരഭൂമിയിലെത്തിയ പെരുമ്പാവൂര്‍ വേങ്ങൂര്‍ മനയ്ക്കക്കുടിയില്‍ കുട്ടി സമരവളന്റിയര്‍മാര്‍ക്ക് ആവേശമായി. അടിയന്തരാവസ്ഥയില്‍ സിഐടിയു യൂണിയന് തൊഴില്‍ നിഷേധിച്ചതിനെതിരെ കോട്ടപാറ വനത്തില്‍ കയറി സമരംചെയ്തതിന് സമരക്കാരെ കുറുപ്പംപടി പൊലീസ് അറസ്റ്റ്ചെയ്തു. പുരുഷന്മാരായ സമരക്കാരെ മൂവാറ്റുപുഴ സബ്ജയിലിലേക്കു മാറ്റി. കുട്ടിയുടെ നേതൃത്വത്തിലുള്ള 85 വനിതകളെ രാത്രിവരെ സ്റ്റേഷനില്‍ കുത്തിയിരുത്തിയശേഷം കേസെടുക്കാതെ വിട്ടയച്ചു. എന്നാല്‍, കുട്ടിയുള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനില്‍നിന്ന് പോകാന്‍ തയ്യാറായില്ല. വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ സമരക്കാരെ പിടിച്ചുകൊണ്ടുവന്ന സ്ഥലത്തുതന്നെ കൊണ്ടുവിടാന്‍ സിഐയുടെ നിര്‍ദേശം വന്നു. തുടര്‍ന്ന് സമരക്കാരെയുംകൊണ്ടുള്ള ട്രാന്‍സ്പോര്‍ട്ട് ബസ് രാത്രി വൈകി വനത്തിലെത്തി.
ബസിലുണ്ടായിരുന്ന പൊലീസുകാരന്‍ ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി ഇറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് വനിതകളെ പൊലീസുകാരന്‍ ബലമായി പിടിച്ചിറക്കാന്‍ മുതിര്‍ന്നു. കുട്ടിയുടെ നേതൃത്വത്തിലുള്ളവര്‍ പൊലീസുകാരെ ചെറിയതോതില്‍ കൈകാര്യംചെയ്തു. പൊലീസുകാരന്റെ ഷര്‍ട്ട് കീറി. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ഗോപാലന്‍നായര്‍ പറയാതെ വാഹനത്തില്‍നിന്ന് ഇറങ്ങില്ലെന്ന് ഇവര്‍ ശാഠ്യംപിടിച്ചു. ഒടുവില്‍ ഗോപാലന്‍നായരെ പൊലീസ് കൊണ്ടുവന്നശേഷമാണ് സമരക്കാര്‍ ബസില്‍നിന്നും ഇറങ്ങിയത്.
പുത്തന്‍കുരിശില്‍ നടന്ന മിച്ചഭൂമി സമരത്തിലും പങ്കെടുത്ത് അറസ്റ്റ്വരിച്ചു. അങ്കണവാടി വര്‍ക്കറായി 35 വര്‍ഷം ജോലിചെയ്തു. ഡല്‍ഹിയില്‍ നടന്ന അങ്കണവാടി ജീവനക്കാരുടെ സമരത്തില്‍ മൂന്നുതവണ പങ്കെടുത്തു. സെക്രട്ടറിയറ്റ്നടയില്‍ നടന്ന കുടുംബശ്രീ സമരത്തിലും ഏഴുദിവസം പങ്കെടുത്തു. നിലവില്‍ കുട്ടി വനിതാഗ്രൂപ്പ് മാസ്റ്റര്‍ കര്‍ഷക, കുടുംബശ്രീ ഇന്റര്‍ റിസോഴ്സ് പേഴ്സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്. തൊഴിലുറപ്പുതൊഴിലാളി യൂണിയന്‍ വില്ലേജ് കമ്മിറ്റി അംഗവും സിപിഐ എം മേയ്ക്കപ്പാല ബ്രാഞ്ച് അംഗവുമാണ്. മൂന്നുപ്രാവശ്യം വേങ്ങൂര്‍ പഞ്ചായത്ത് അംഗമായിരുന്നു. ഒരുതവണ പഞ്ചായത്ത് ഉപാധ്യക്ഷയുമായി. അവിവാഹിതയാണ്. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരുമുണ്ട്. പരേതരായ കണ്ടോതിയുടെയും കുറുമ്പയുടെയും മകളാണ്.
deshabhimani 060113
No comments:
Post a Comment