Monday, January 7, 2013

ലീഗ് പോക്കറ്റടി കോളേജോ?


ചാള്‍സ് ഡിക്കന്‍സിന്റെ "ഒലിവര്‍ ട്വിസ്റ്റില്‍" കുട്ടികളെ പോക്കറ്റടി പരിശീലിപ്പിക്കുന്ന കേന്ദ്രത്തെപ്പറ്റിയുള്ള വിവരണമുണ്ട്. തെരുവില്‍ വഴിതെറ്റിവരുന്ന കുട്ടികളെ കൊണ്ടുവന്നു എങ്ങനെ പോക്കറ്റടിക്കണമെന്ന് പഠിപ്പിക്കും. തിയറി മാത്രമല്ല പ്രാക്ടിക്കലുമുണ്ട്. അതുകഴിഞ്ഞാല്‍ ജനത്തിരക്കുള്ളയിടങ്ങളില്‍ വിടും. പരിശീലകരായ നേതാക്കള്‍ വേഷപ്രച്ഛന്നരായി അവിടങ്ങളിലുണ്ടാകും. പിടിക്കപ്പെട്ടാല്‍ മോചിപ്പിക്കാന്‍ അവര്‍ എത്തുമെന്ന് കുട്ടിക്കുറ്റവാളികള്‍ക്ക് അറിയാം. പോക്കറ്റടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പിന്നെ ഉപരിപഠനം. കവര്‍ച്ച, ഭവനഭേദനം, കൊലപാതകം തുടങ്ങിയ "സാമൂഹ്യസേവന"മാണ് അടുത്ത ഘട്ടത്തില്‍. ഇതുപോലെയൊരു സാമൂഹ്യസേവനം കാഴ്ചവയ്ക്കുന്ന പോക്കറ്റടി കോളേജായി മുസ്ലിംലീഗ് മാറിയോ എന്ന ചോദ്യമാണ്, കോണ്‍ഗ്രസ് നല്‍കിയ തെരഞ്ഞെടുപ്പു ഫണ്ടിന്റെ കണക്ക് മുസ്ലിംലീഗ് എംഎല്‍എമാര്‍ തെരഞ്ഞെടുപ്പു കമീഷന് നല്‍കാതെ പറ്റിച്ചതിലൂടെ ഉയരുന്നത്. കാരണം ലീഗിലെ ഒരാളല്ല, മത്സരിച്ചവരെല്ലാം ഒന്നായി ഫണ്ട് തട്ടിയിരിക്കുന്നു.

സ്വാതന്ത്ര്യം കിനാവായിരുന്ന കാലത്ത്, ഗാന്ധിജിയുടെ കാലത്ത് , കോണ്‍ഗ്രസിന് നിറഞ്ഞ പണപ്പെട്ടിയൊന്നുമില്ലായിരുന്നു. ഇപ്പോള്‍കോണ്‍ഗ്രസിന്റെ പണപ്പെട്ടി അഴിമതിവിഷം കലര്‍ന്ന കാളിന്ദി പോലെ തലകുത്തിമറിയുകയാണ്. അല്ലെങ്കില്‍ ഈ ഭൂലോകത്ത് ആരെങ്കിലും കുഞ്ഞാലിക്കുട്ടി നയിക്കുന്ന ലീഗിനും എംഎല്‍എ സ്ഥാനാര്‍ഥികള്‍ക്കും പത്തു ലക്ഷം വീതം തെരഞ്ഞെടുപ്പു ഫണ്ടായി നല്‍കുമോ. എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ ഓരോ ലീഗ് സ്ഥാനാര്‍ഥിയുടെയും പേരില്‍ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. അതിന്റെ കണക്ക് മൊത്തമായി തെരഞ്ഞെടുപ്പു കമീഷനും കൊടുത്തു. കോണ്‍ഗ്രസില്‍നിന്നു കിട്ടിയ പണത്തിന്റെ കണക്ക് കെ എം മാണിയും കേരളകോണ്‍ഗ്രസുകാരും തെരഞ്ഞെടുപ്പു കമീഷന് നല്‍കി. എന്നാല്‍, പി കെ കുഞ്ഞാലിക്കുട്ടിയാകട്ടെ, അബ്ദുറബ്ബാകട്ടെ, രണ്ടത്താണിയാകട്ടെ-നിസ്കാര തഴമ്പവകാശപ്പെടുന്ന ഒരാളും കോണ്‍ഗ്രസുകൊടുത്ത പണത്തിന്റെ കണക്ക് തെരഞ്ഞെടുപ്പു കമീഷനെ അറിയിച്ചില്ല. സോണിയയുടെയും മോന്റെയും മന്‍മോഹന്‍സിങ്ങിന്റെയും നക്കാപ്പിച്ച പാണക്കാട്ടെ തറവാട്ടുമുറ്റത്ത് ഓടിക്കളിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടെന്നു പറഞ്ഞ് അഭിമാനത്തോടെ പണം മോത്തിലാല്‍ വോറയുടെയോ രമേശ് ചെന്നിത്തലയുടെയോ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ടില്ല. ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് "ദ്രവ്യം" കൊടുത്ത കാര്യം ചെന്നിത്തല സ്ഥിരീകരിച്ചിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ്, 20 മാസം പിന്നിട്ടെങ്കിലും പണം ചെലവുചെയ്തില്ലെന്നു പറഞ്ഞ്, കോണ്‍ഗ്രസിന് പണം മടക്കിക്കൊടുത്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ ലീഗിന്റെ ഓരോ എംഎല്‍എമാരുടെയും നിയമസഭാംഗത്വത്തിന്റെ കഴുത്തിനുമേല്‍ നിയമത്തിന്റെ കൊലക്കയര്‍ തൂങ്ങുകയാണ്.

ഇനി നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പു കമീഷനാണ്. കാരണം ഒരു നിയമസഭാ സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി സംഖ്യ 15 ലക്ഷം രൂപയാണ്. വേങ്ങരയില്‍ മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പു ചെലവായി കമീഷന് നല്‍കിയ കണക്ക് 13.97 ലക്ഷം രൂപയാണ്. അതില്‍ 11 ലക്ഷം രൂപ മുസ്ലിംലീഗ് നല്‍കിയതും ബാക്കി തുക അഭ്യൂദയകാംക്ഷികളില്‍നിന്നുള്ള സംഭാവനയും. കോണ്‍ഗ്രസ് നല്‍കിയ 10 ലക്ഷം രൂപ കൂടി കൂട്ടുമ്പോള്‍ ചെലവ് 23.97 ലക്ഷം. തെരഞ്ഞെടുപ്പു വ്യവസ്ഥ ലംഘിച്ചാല്‍ ഫലം അയോഗ്യത. അതായത് നിയമം നിയമത്തിന്റെ വഴിയേ സഞ്ചരിച്ചാല്‍ കുഞ്ഞാലിക്കുട്ടിയും ലീഗിന്റെ മറ്റു നിയമസഭാ അംഗങ്ങളും അയോഗ്യരാകും.
 
ആര്‍ എസ് ബാബു deshabhimani

No comments:

Post a Comment