Sunday, January 13, 2013
"നായര്‍സാബി"ന്റെ കസേരയില്‍ മൂട്ടയോ
അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പണിമുടക്ക് തുടരുമോ ഒത്തുതീര്‍പ്പിലെത്തുമോ എന്നത് സര്‍ക്കാര്‍ നിലപാടിനെ മാത്രം ആശ്രയിച്ചറിയാവുന്ന കാര്യമാണ്. പക്ഷേ, സമരകാലയളവിലെ ഭരണാധികാരികളുടെ ഇതിനകമുള്ള നിലപാടുകളും "വാചകമേള"കളും തന്നെ കാലം മറക്കാത്ത കറുത്ത പാടുകളായി.അതൊരു ഭൂഷണമായി കരുതുന്നതുകൊണ്ടാകണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അഹമഹമിഹയാ ഇക്കാര്യത്തില്‍ സംഭാവന നല്‍കുന്നത്.
സമരം ചെയ്യുന്ന ജീവനക്കാര്‍ മന്ത്രി തിരുവഞ്ചൂരിന് ഈച്ചയാണ്. ഈച്ചയെ കൊല്ലാന്‍ പീരങ്കിവേണ്ടെന്നും അതുകൊണ്ടാണ് സമരക്കാരെ നേരിടാന്‍ പീരങ്കിയുമായി പൊലീസിനെ വിടാത്തതെന്നുമാണ് "രാധാമാധവ" സൂക്തം. അടുത്ത കാലത്ത് "ഈച്ച"യെന്ന പേരില്‍ ഡബ്ബ്ചെയ്ത ഒരു സിനിമ കളിച്ചുപോയി. നന്മയുള്ള നായകനെ കൊന്ന വില്ലനെ വകവരുത്താന്‍ നായകന്‍ ഈച്ചയായി പുനരവതരിച്ച് വിജയം നേടുന്നതാണ് ചിത്രം. ഈ കഥ ഓര്‍ത്തല്ല, സമരംചെയ്യുന്ന സ്വന്തം ജീവനക്കാരെയും അധ്യാപകരെയും നിലവിട്ട് പരിഹസിക്കാനായിരുന്നു ഈ പ്രയോഗം. ഇതേ വേളയിലാണ് എന്‍എസ്എസ് സേനാപതി ആഭ്യന്തരം കിട്ടിയതിന്റെ ഗുട്ടന്‍സ് വെളിപ്പെടുത്തി തിരുവഞ്ചൂരിന്റെ മുഖത്ത് മാലിന്യമെറിഞ്ഞത്. എന്നിട്ടും ചെളിതെറിപ്പിച്ച കാറിന്റെ സ്പീഡില്‍ അത്ഭുതം കൂറിയ, അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിലെ കഥാപാത്രത്തെ പോലെ ജി സുകുമാരന്‍നായര്‍ എന്ന "മണിച്ചേട്ടന്" എന്നെ പറ്റി എന്തും പറയാം എന്ന് പ്രതികരിച്ച് മണിച്ചേട്ടന്റെ സ്പീഡിനെ അഭിനന്ദിക്കുകയായിരുന്നു ഈ "വിനയകുമാരന്‍". താന്‍ ധരിക്കുന്ന ആഭ്യന്തരക്കുപ്പായം പെരുന്നയെ പേടിച്ച് ഉമ്മന്‍ചാണ്ടി ദാനം ചെയ്തതാണെന്നും അതിനാല്‍ സുകുമാരന്‍നായരുടെ കസേരയിലുള്ള മൂട്ടകള്‍ യജമാനനെ കടിച്ചാല്‍ കീടനാശിനി തളിച്ചില്ലാതാക്കാനാകുമെന്നും മറ്റാരേക്കാള്‍ നന്നായി അറിയുന്നവനാരോ അവനാകുന്നു ഹജൂര്‍കച്ചേരിയിലെ ആഭ്യന്തരന്‍.
പണിമുടക്കുസമരത്തിന് എതിരെ അങ്ങുമിങ്ങുമുള്ള അഞ്ചാറുകെഎസ്യുക്കാരെ ഇളക്കിവിട്ട ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഭാവിതലമുറയ്ക്കാണ് അപമാനമുണ്ടാക്കിയത്. അതുകൊണ്ടും അടങ്ങാതെ ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപവാസം നടത്തുമെന്ന സുഗ്രീവപ്രഖ്യാപനം ചെന്നിത്തല വകയായി കേട്ടു. യഥാര്‍ഥത്തില്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരം വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും അറബ്വസന്തവും പോലെ ആവേശകരമാണ്. ഭാവി തലമുറയ്ക്ക് വേണ്ടിയാണ് ഈ സമരം. കേന്ദ്രസര്‍ക്കാര്‍ രാജ്യമാകെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയാണ്. പഴയ അടിമത്തം പുതിയ രൂപത്തില്‍ തിരിച്ചുകൊണ്ടു വരുകയാണ്. അത് നടപ്പാക്കാന്‍ കേരളത്തില്‍ നീലക്കുപ്പായ കുട്ടികളെയും മൂവര്‍ണക്കുപ്പായക്കാരെയും കോണ്‍ഗ്രസ് തെരുവില്‍ ഇറക്കുമ്പോള്‍ നാളെ ഇവരുടെ സമരം വളരുന്നത്, ഡീസല്‍ വില ഇനിയും കയറ്റണം, പാചകവാതക സിലിന്‍ഡര്‍ സബ്സിഡി വേണ്ടേ വേണ്ട, തീവണ്ടിക്കൂലി ഇനിയും കൂട്ടണം, അരിവില കിലോക്ക് നൂറാക്കണം എന്നിത്യാദി മുദ്രാവാക്യങ്ങള്‍ വിളിക്കാനാകും.
കേരളസമൂഹത്തെ വലതുപക്ഷവല്‍ക്കരിച്ചാല്‍ പിന്തിരിപ്പന്‍ ഭരണപരിഷ്കാരങ്ങള്‍ പ്രയാസരഹിതമായി നടപ്പാക്കാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. അതിന് മനോരമാദി പത്ര-ദൃശ്യമാധ്യമങ്ങളുടെ പിന്തുണയുണ്ട്. പക്ഷേ, നെഹ്റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും കാലത്തുള്ള സാമൂഹ്യസുരക്ഷിത്വ-സേവന പാതകളെ വിസ്മരിക്കുന്നതിന് എതിരായ ശബ്ദം നാളെ കോണ്‍ഗ്രസില്‍നിന്നടക്കം ഉയരും. അപ്പോള്‍ ചരിത്രത്തിന്റെ പ്രതിക്കൂട്ടില്‍ ഉമ്മന്‍ചാണ്ടിക്ക് ഒപ്പം ഇടം നേടാതിരിക്കാനുള്ള വിവേകമെങ്കിലും ചെന്നിത്തലയ്ക്കുണ്ടാകുമോ ആവോ.
ആര്‍ എസ് ബാബു deshabhimani 140113
Labels:
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment