Sunday, January 13, 2013

ബലാത്സംഗക്കേസുകളില്‍ രണ്ടു ശ്രദ്ധേയവിധികള്‍


ചെന്നൈ: ബലാത്സംഗക്കേസുകളില്‍ ശ്രദ്ധേയമായ രണ്ടുവിധികള്‍ ചെന്നൈ ഹൈക്കോടതി പുറപ്പെടുവിച്ചു. ബലാത്സംഗത്തിനിരയാകുന്ന പെണ്‍കുട്ടി ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങിയാല്‍ പോലും കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ടി സുദന്തിറാം വിധി പ്രസ്താവിച്ചു. അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് ഈ വിധി. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയും അവളുടെ അമ്മായിയും അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് എഴുതി നല്‍കിയതിലും കേസ് തങ്ങള്‍ രമ്യതയിലാക്കിയതായി തിരുച്ചിറപ്പള്ളി പൊലീസ് മൊഴി നല്‍കിയതിലും ജഡ്ജി അമ്പരപ്പ് രേഖപ്പെടുത്തി. അജ്ഞാതമായ കാരണങ്ങളാല്‍ ഇരകളാക്കപ്പെട്ടവര്‍ പരാതി പിന്‍വലിച്ചതായാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ വക്കീല്‍ എന്‍ പ്രഭ അവകാശപ്പെടുന്നത്.

ഒന്നുകില്‍ കേസിനാസ്പദമായ സംഭവം നടന്നിട്ടില്ല എന്ന വാദം അല്ലെങ്കില്‍ പിന്മാറുന്നു എന്ന ഇപ്പോഴത്തെ വാദം ഇതില്‍ ഏതോ ഒന്ന് കള്ളമാണെന്ന് ഹൈക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. രണ്ടുവിധത്തിലായാലും അതീവ ഗൗരവത്തോടെവേണം ഇതിനെ കാണാന്‍. 14 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതാണ് രണ്ടാമത്തെ പരാതി. ഇതില്‍ ഡി എന്‍ എ പരിശോധനയില്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ബലാത്സംഗം ചെയ്തയാളല്ലെന്ന് തെളിഞ്ഞതുകൊണ്ട് കേസ് ഇല്ലാതാക്കണമെന്ന പ്രതിയുടെ വാദമാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.

കുഞ്ഞിന്റെ പിതൃത്വമെന്നത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനാഫലം എന്തായാലും ശരി ബലാത്സംഗം നടന്നതുകൊണ്ട് കേസിന്റെ മറ്റ് വാദങ്ങള്‍ കൂടി വിശദമായി വിലയിരുത്തിയതിനുശേഷം മാത്രമേ അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് ഇതുസംബന്ധിച്ച വിധിയില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി സുദന്തിറാം അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യത്തെ നടുക്കിയ ഡല്‍ഹി ബലാത്സംഗക്കേസിന്റെ വിചാരണ തുറന്നകോടതിയില്‍ നടക്കണമെന്ന ഒരുവിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യം ഉന്നയിച്ചുകൊണ്ട് അഡ്വക്കേറ്റ് മീനാക്ഷി ലഖി ഫയല്‍ ചെയ്ത അന്യായം കോടതി സ്വീകരിച്ചില്ല. എന്നാല്‍ സംഭവം നടന്ന ഡിസംബര്‍ 16-ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ പേരുവിവരങ്ങള്‍ നല്‍കാതിരുന്ന പൊലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

janayugom

No comments:

Post a Comment