Wednesday, January 16, 2013

സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം സമരരംഗത്ത്


സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനികളുടെ മുഴുവന്‍ പ്രതിഷേധം. പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ പ്രിന്‍സിപ്പലിനെ തിരിച്ചുകൊണ്ടുത്തരണമെന്ന ആവശ്യവുമായി സമരരംഗത്ത് എത്തിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പൊതുപണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരിലാണ് പട്ടം സ്കൂളിലെ പ്രിന്‍സിപ്പല്‍ എന്‍ രത്നകുമാറിനെ ചിറയിന്‍കീഴ് കൂന്തളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് സ്ഥലംമാറ്റിയത്.

ഇദ്ദേഹത്തിനെതിരെ പ്രതികാരനടപടി എടുത്ത ദിവസംതന്നെ വിദ്യാര്‍ഥിനികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നടപടി റദ്ദുചെയ്ത് സ്കൂളിന് പ്രിയപ്പെട്ട പ്രിന്‍സിപ്പലിനെ തിരകെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനികള്‍ രംഗത്തെത്തി. പണിമുടക്ക് ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പണിമുടക്കിയവര്‍ക്കെതിരായ പ്രതികാരനടപടികള്‍ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ചയും രത്നകുമാറിനെ തിരികെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പകരം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥിനികള്‍ പ്രത്യക്ഷസമരം തുടങ്ങിയത്. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥിനികളും ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ച് പ്രത്യക്ഷസമരം തുടങ്ങി. സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റാന്‍ സ്കൂളിലെത്തിയ രത്നകുമാറിനെ കുട്ടികള്‍ പോകാന്‍ അനുവദിച്ചില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുട്ടികള്‍ അധ്യാപകനെ തടഞ്ഞത്. ഇദ്ദേഹത്തിന് പകരമെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥിനികള്‍ സ്കൂളിന് മുന്നില്‍ തടഞ്ഞു.

ഇതോടെ രക്ഷിതാക്കളും കുട്ടികളുടെ പ്രതിഷേധത്തിനൊപ്പം കൂടി. പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ സ്ഥലത്തെത്തി കുട്ടികളും രക്ഷിതാക്കളുമായി സംസാരിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് സെക്രട്ടറി കുട്ടികള്‍ക്ക് ഉറപ്പുനല്‍കി. ഇതിനിടെ, പൊലീസ് സംഘവും സ്കൂളിലെത്തി.

deshabhimani 160113

No comments:

Post a Comment