Tuesday, January 15, 2013

ഫേസ്ബുക്കില്‍ അഭിപ്രായം - പൊലീസിനെതിരെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തെന്ന് കോടതി


ശിവസേനാ തലവന്‍ ബാല്‍താക്കറെയ്ക്കെതിരെ ഫേസ്ബുക്കില്‍ അഭിപ്രായം പോസ്റ്റ് ചെയ്തതിന് രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി എടുത്തെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തില്‍ ഫെബ്രുവരി 12നകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് അഭയ് ഓകയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടത്. കേസ് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കേതന്‍ തിരോദ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്.

കേസ് സംബന്ധിച്ച് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് തിരോദ്കര്‍ ഹര്‍ജി സമര്‍പ്പിച്ചത്. കൊങ്കണ്‍മേഖലാ ഐജി സുഖ്വീന്ദര്‍ സിങ് കേസ് സംബന്ധിച്ച് അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വാര്‍ത്തയില്‍ പറഞ്ഞത്. അറസ്റ്റ് ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്നും പെണ്‍കുട്ടികള്‍ക്കെതിരായ കേസ് പിന്‍വലിക്കേണ്ടതായിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായും വാത്തയില്‍ പറയുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീലും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പൊലീസുകാര്‍ക്കെതിരെ നടപടി വൈകാന്‍ കാരണമെന്നു പറയുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുന്നതില്‍ മുഖ്യമന്ത്രി അനുകൂലമാണെങ്കിലും ആഭ്യന്തരമന്ത്രിക്ക് ഇക്കാര്യത്തില്‍ യോജിപ്പില്ല.

deshabhimani 160113

No comments:

Post a Comment