Friday, February 8, 2013

ത്രിപുര: എങ്ങും പടരുന്നു; അറിവിന്റെ വെളിച്ചം


അഗര്‍ത്തല: ഇടതുമുന്നണി ഭരണം ത്രിപുരയിലെ ഓരോ ഗ്രാമത്തെയും എങ്ങനെ മാറ്റിമറിച്ചു എന്നതിന്റെ ജ്വലിക്കുന്ന തെളിവാകുയാണ് യുവരാജ്ഘട്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇടതുമുന്നണി സര്‍ക്കാരിന്റെ ഇടപെടല്‍ ഈ നാടിനെ എങ്ങനെ മാറ്റിത്തീര്‍ത്തു എന്ന് ഇവിടത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ സുജന്‍ദാസ് പറയും. കുട്ടിക്കാലത്ത് അച്ഛനൊപ്പം മീന്‍പിടിക്കാന്‍ പോയ ബാല്യത്തില്‍നിന്ന് അധ്യാപകനെന്ന നിലയിലേക്കുള്ള ഇന്നത്തെ മാറ്റത്തെക്കുറിച്ച് സുജന്‍ദാസ് വാചാലനാവും. കോലഘട്ടില്‍ നൃപന്‍ ചക്രവര്‍ത്തി സര്‍ക്കാരിന്റെ കാലത്ത് സ്കൂള്‍ ആരംഭിച്ചതാണ് സുജന്‍ദാസിന്റെ തലമുറയുടെ ജീവിതത്തിന് വെളിച്ചമായത്. വൈകിയാണെകിലും സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞു. അതേ സ്കൂളില്‍തന്നെ അധ്യാപകനുമായി. അനുജന്മാര്‍ക്കും പഠിക്കാന്‍ അവസരം ലഭിച്ചു. അനുജന്‍ ശങ്കര്‍ദാസ് ഇപ്പോള്‍ ഗ്രാമപ്രധാന്‍. മറ്റൊരു അനുജന്‍ സിവില്‍ എന്‍ജിനിയര്‍. വിദ്യാഭ്യാസം ലഭിക്കാതിരുന്ന സുജന്‍ദാസിന്റെ മൂത്ത ജ്യേഷ്ഠന്‍മാത്രമാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളിയായി തുടരുന്നത്.

 മത്സ്യത്തൊഴിലാളികളും കരകൗശലപ്പണിക്കാരുമായ പാല്‍ സമുദായക്കാരും ഏറെയുള്ള ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാന്‍ വിദ്യാഭ്യാസ സൗകര്യം സഹായിച്ചു. കരകൗശലവേലയില്‍ നൂതനമായ രീതി പഠിപ്പിക്കുന്ന കേന്ദ്രം തുറന്നതോടെ പുത്തനുണര്‍വ്. ഏഴുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റും ഗ്രാമത്തിലുണ്ട്. കാര്‍ഷികമാലിന്യങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഗ്യാസ്പ്ലാന്റ് വഴി 50 കുടുംബത്തിന് പാചകവാതകം ലഭിക്കുന്നു. മികച്ച ആരോഗ്യകേന്ദ്രവും ഗ്രാമത്തിലുണ്ട്. വാക്കിനേക്കാളേറെ പ്രവൃത്തിയില്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സമര്‍ഥമായ നേതൃത്വമാണ് ഈ നേട്ടത്തിന് കാരണമെന്ന് നാല്‍പ്പതുകാരനായ സുജന്‍ദാസ് പറയുന്നു.

പത്ത് വര്‍ഷത്തിനകം നിരക്ഷരത കുറച്ചുകൊണ്ടുവന്ന സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചതും ത്രിപുരയ്ക്ക്. 2001 മുതല്‍ 2011 വരെ ആണ്‍-പെണ്‍ നിരക്ഷരത കുറച്ചുകൊണ്ടുവരുന്നതില്‍ ഇടതുമുന്നണി കര്‍ക്കാര്‍ കൈവരിച്ച നേട്ടമാണ് രാഷ്ട്രപതിയില്‍നിന്ന് 2011ലെ സാക്ഷരതാദിനത്തില്‍ ഈ പുരസ്കാരം നേടാന്‍ സഹായിച്ചത്. 2011 ലെ സെന്‍സസ് അനുസരിച്ച് ത്രിപുരയിലെ സാക്ഷരതാ നിരക്ക് 87.75 ശതമാനമാണ്. പുരുഷന്മാര്‍ക്കിടയില്‍ സാക്ഷരത 92.18 ശതമാനമാണെങ്കില്‍ സ്ത്രീകള്‍ക്കിടയിലേത് 83.15 ശതമാനം. 2001ലെ സെന്‍സസ് അനുസരിച്ച് ഇത് 16.1 ശതമാനമായിരുന്നു. മൊത്തം ശരാശരി സാക്ഷരതയാകട്ടെ 73.2 ശതമാനമായിരുന്നു. അതായത് സാക്ഷരതയില്‍ പത്ത് വര്‍ഷത്തിനകം 14 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ പുരുഷ-സ്ത്രീ സാക്ഷരതാ വ്യത്യാസം 7.07 ശതമാനം കുറഞ്ഞു. ഇടതുമുന്നണി അധികാരത്തില്‍ വന്ന 1978ല്‍ 1428 പ്രാഥമികവിദ്യാലയങ്ങളും 236 അപ്പര്‍പ്രൈമറി സ്കൂളും 29 സെക്കന്‍ഡറി സ്കൂളും 30 പ്ലസ് ടു സ്കൂളുമാണ് ഉണ്ടായിരുന്നത്. 2012 ആകുമ്പോഴേക്കും ഇത് യഥാക്രമം 2298, 1230, 875, 352 ആയി ഉയര്‍ന്നു. മൊത്തം സ്കൂളുകളുടെ എണ്ണം 1763 ല്‍ നിന്ന് 4645 ആയി ഉയര്‍ന്നു. കുട്ടികളുടെ എണ്ണമാകട്ടെ 236220 ല്‍ നിന്ന് ഇതേകാലയളവില്‍ 788257 ആയും ഉയര്‍ന്നു. 37 ലക്ഷംമാത്രം ജനസംഖ്യയുള്ള സംസ്ഥാനമാണ് ത്രിപുര. ഒന്നുമുതല്‍ അഞ്ചാം ക്ലാസ് വരെയുളള കുട്ടികളിലെ കൊഴിഞ്ഞുപോക്ക് 1978 ല്‍ 72.20 ശതമാനമായിരുന്നത് 3.61 ശതമാനമായി ഇടതുമുന്നണി ഭരണത്തില്‍ കുറഞ്ഞു. ഹൈസ്കൂളിലെ കൊഴിഞ്ഞുപോക്കാകട്ടെ 77.40 ശതമാനത്തില്‍നിന്ന് 9.05 ശതമാനമായും കുറയ്ക്കാനായി. ഉന്നത വിദ്യാഭ്യാസ രംഗത്തും ത്രിപുര കുതിച്ചു. എല്ലാ സബ്ഡിവിഷണല്‍ ആസ്ഥാനത്തും ഇന്ന് കോളേജുണ്ട്. 1978ല്‍ ആറ് ഡിഗ്രി കോളേജാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 26 ആയി. ഓരോ സബ്ഡിവിഷനിലും ഐടിഐയുമുണ്ട്. രണ്ട് മെഡിക്കല്‍ കോളേജും ഒരു കാര്‍ഷിക കോളേജും ഒരു വെറ്ററിനറി കോളേജും ഒരു ഫിഷറീസ് കോളേജും സംസ്ഥാനത്തുണ്ട്.

പണ്ട് അരിയില്ലാത്ത പ്രദേശം; ഇന്ന് വികസന മാതൃക

ധന്‍പുര്‍: ത്രിപുരയിലെ കോണ്‍ഗ്രസ് ഭരണത്തിന്റെ അഴിമതി ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ പട്ടാള മുന്നേറ്റത്തെപ്പോലും ബാധിച്ച സ്ഥലമാണ് മൈക്രോസപാറ. റോഡെവിടെ എന്ന് ഗ്രാമീണരോട് ചോദിച്ച സൈന്യത്തിന് കടലാസില്‍ മാത്രമാണ് ഇവിടെ റോഡ് കാണാനായത്. ഈ റോഡ്റയാഥാര്‍ഥ്യമാക്കിയത് പിന്നീട് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണെന്ന് 90കാരനായ രവിപാല ത്രിപുരി പറഞ്ഞു. അയല്‍ ജില്ലയായ ഉദയ്പുരില്‍നിന്ന് 1949 ല്‍ വന്ന് പുനംകൃഷി ആരംഭിച്ച കാലം മുതല്‍ ഗ്രാമത്തിന്റെ ഓരോ മാറ്റങ്ങളും കണ്ട വ്യക്തിയാണ് രവിപാല ത്രിപുരി എന്ന ആദിവാസി.

മൈക്രോസപാറ എന്ന പദത്തിന്റെ കോക്ക്ബരോ ഭാഷയിലെ അര്‍ഥംപോലും "അരിയില്ലാത്ത പ്രദേശമെന്നായിരുന്നു". 1960 കളില്‍ പട്ടിണിമരണം ഈ പ്രദേശത്തെ ഒട്ടനവധി പേരുടെ ജീവനൊടുക്കി. പലരും പലായനം ചെയ്തു. ഒരു കാലത്ത് സര്‍ക്കാര്‍ ജീവനക്കാരെ ശിക്ഷിക്കാന്‍ അയച്ചിരുന്ന ഈ കുന്നിന്‍പ്രദേശം ഇന്നാകെ മാറിയിരിക്കുന്നു. സബ്ഡിവിഷന്‍ കേന്ദ്രമായ സോണാമുറയില്‍നിന്ന് മൈക്രോസപാറയിലേക്ക് ഇന്ന് ടാറിട്ട റോഡുണ്ട്. സ്കൂളും പ്രാഥമികാരോഗ്യ കേന്ദ്രവും ഇവിടെയുണ്ട്. ലാബും, മൈനര്‍ ഓപ്പറേഷന്‍ തിയറ്ററും ഉള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാരും നാല് നേഴ്സുമാരും ഉള്‍പ്പെടെ 20 സ്റ്റാഫും ഉണ്ടെന്ന് ത്രിപുര മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പാസായ അഗര്‍ത്തലക്കാരനായ ഡോ. ദേബാഷിഷ് ഘോഷ് പറഞ്ഞു.

മൈക്രോസപാറ ഉള്‍പ്പെടുന്ന ധന്‍പുര്‍ മണ്ഡലത്തെ 1998 മുതല്‍ പ്രതിനിധീകരിക്കുന്നത് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മണിക്ക്സര്‍ക്കാരാണ്. 2003 ലും 2008 ലും ഇതേ മണ്ഡലത്തില്‍നിന്നു തന്നെ മൂവായിരത്തിലധികം വോട്ടിന് ജയിച്ചു. 1972 ല്‍ സംസ്ഥാനം രൂപംകൊണ്ടതുമുതല്‍ ബംഗ്ലാദേശിനോട് അതിര്‍ത്തി തീര്‍ക്കുന്ന ധന്‍പുര്‍ മണ്ഡലം സിപിഐ എം സ്ഥാനാര്‍ഥികളെ മാത്രമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍, മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമായതുകൊണ്ടുള്ള പ്രത്യേക വികസനമൊന്നും ഇവിടെയുണ്ടെന്ന് പറയാനാവില്ല. ഏതൊരു മണ്ഡലത്തിലും ഇടതുമുന്നണിസര്‍ക്കാര്‍ നടപ്പാക്കിവരുന്ന വികസപ്രവര്‍ത്തനം മാത്രമേ ഇവിടെയും കാണാനാകൂ. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മൈക്രോസപാറയില്‍ തെളിയിക്കുന്നതും അതാണെന്ന് മണിക്ക് സര്‍ക്കാര്‍ പറഞ്ഞു. സാഹ ആലമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മണിക്ക് സര്‍ക്കാരിന് വോട്ട് അഭ്യര്‍ഥിച്ചുള്ള ചെറിയ ബോര്‍ഡുകളും ചെമ്പതാകയും മണ്ഡലത്തിലുടനീളം ദൃശ്യമാണെങ്കിലും അദ്ദേഹത്തിന്റെ പടമുള്ള ഒരു ബോര്‍ഡോ പോസ്റ്ററോ കാണാനായില്ല. എങ്കിലും ധന്‍പുരിലെ ജനങ്ങളുടെ മനസ്സിലുള്ള ചിത്രം മണിക്ക് ദായുടേത് മാത്രമാണ്.
(വി ബി പരമേശ്വരന്‍)

deshabhimani 080213

No comments:

Post a Comment