Saturday, November 5, 2011

പിള്ളയെ ന്യായീകരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം സഭ വിട്ടു

ആര്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതിക്കേസില്‍ അല്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ നിയമസഭയില്‍ പ്രതിഷേധം. കോടതിവിധിയെയും മറികടന്ന് പിള്ളയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനാണ് പ്രശ്നം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അഴിമതി നടത്തിയതിന്റെ പേരിലാണ് പിള്ളയെ ശിക്ഷിച്ചതെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് കോടതി വിധി ഉദ്ധരിച്ച് വി എസ് വ്യക്തമാക്കി. വിചാരണ കോടതി നല്‍കിയ അഞ്ചുവര്‍ഷം കഠിനതടവ്, കേസില്‍ അന്തിമതീര്‍പ്പ് ഉണ്ടാകുന്നതിനെടുത്ത കാലവും കുറ്റവാളികളുടെ പ്രായവും പരിഗണിച്ചാണ് ഒരു വര്‍ഷമായി കുറച്ചത്. ഖജനാവില്‍നിന്ന് 2.39 കോടി രൂപ കവര്‍ന്നതിനാണ് ശിക്ഷ. എന്നാല്‍ , സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്തതിനാണ് പിള്ളയെ ശിക്ഷിച്ചെന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നതെന്ന് വി എസ് പറഞ്ഞു. ജയിലില്‍ അടക്കാന്‍ ഉത്തരവിട്ടുകൊണ്ട് ലഭിച്ച നോട്ടീസില്‍ പിള്ളയെ അഴിമതിക്ക് ശിക്ഷിച്ചതായി പറയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജയില്‍ വാറണ്ടില്‍ ശിക്ഷ ഉണ്ടാകില്ലെന്നും കോടതി വിധിയിലാണ് എന്തിനാണ് ശിക്ഷ എന്ന് വ്യക്തമാക്കുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

കീഴ്കോടതി പിള്ളയെ ശിക്ഷിച്ചത് അഴിമതി കുറ്റത്തിനാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. പിള്ളയെ ജയില്‍ മോചിതനാക്കിയത് നിയമപ്രകാരമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജയില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ശിക്ഷ ഇളവ് നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ചട്ടംലംഘിച്ച് ഒരാള്‍ക്കുപോലും ശിക്ഷ ഇളവ് നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമപ്രകാരം ശിക്ഷ ഇളവ് നല്‍കുന്നതില്‍ ഒരു വിവേചനവും കാട്ടിയിട്ടുമില്ല. കോണ്‍ഗ്രസുകാര്‍ക്കും ശിക്ഷ ഇളവ് നല്‍കി. എന്നാല്‍ , ഒരു വര്‍ഷം കഠിനതടവിന് സുപ്രീംകോടതി ശിക്ഷിച്ച പിള്ള മുഖ്യമന്ത്രിയുടെ കണക്കനുസരിച്ചുതന്നെ 91 ദിവസമാണ് ജയില്‍ കിടന്നത്. ഒരു വര്‍ഷം ശിക്ഷിക്കപ്പെടുന്നയാള്‍ കുറഞ്ഞത് എട്ടുമാസം ശിക്ഷ അനുഭവിക്കണമെന്നാണ് വ്യവസ്ഥ. പിള്ളയ്ക്ക് ഇതില്‍ ഇളവ് നല്‍കിയത് ജയില്‍ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. കനിമൊഴിക്കുപോലും ലഭിക്കാത്ത സൗജന്യമാണ് പിള്ളയ്ക്ക് ലഭിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

deshabhimani 051111

1 comment:

  1. കീഴ്കോടതി പിള്ളയെ ശിക്ഷിച്ചത് അഴിമതി കുറ്റത്തിനാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. പിള്ളയെ ജയില്‍ മോചിതനാക്കിയത് നിയമപ്രകാരമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

    ReplyDelete