Wednesday, August 10, 2011

പിള്ളയ്ക്ക് ആശുപത്രിയില്‍ സുഖവാസം: മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലില്‍നിന്ന് പുറത്തിറക്കി മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്തതിന് ഉമ്മന്‍ചാണ്ടിക്ക് വക്കീല്‍ നോട്ടീസ്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ഥിയായ മഹേഷ് മോഹനാണ് നോട്ടീസ് അയച്ചത്. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് വിട്ടയക്കുന്നതിന് മുഖ്യമന്ത്രി സ്വീകരിച്ച നടപടി സത്യപ്രതിജ്ഞാലംഘനവും ക്രിമിനല്‍ കുറ്റവുമാണെന്ന് നോട്ടീസില്‍ പറഞ്ഞു.

പിള്ളയെ വിട്ടയക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഗസ്ത് അഞ്ചിന് ഇറക്കിയ പ്രത്യേക ഉത്തരവ് അധികാര ദുര്‍വിനിയോഗമാണ്. സുപ്രീംകോടതി പിള്ളയ്ക്ക് കഠിന തടവാണ് വിധിച്ചത്. എന്നാല്‍ , മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലം അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. കഠിനതടവിന് ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിന് അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ പ്രതിക്ക് കട്ടില്‍ , കൊതുകുവല, എയര്‍ കൂളര്‍ എന്നിവ അനുവദിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ അനുവദിച്ചിരുന്ന മൊബൈല്‍ഫോണില്‍നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെയും ബ്യൂറോക്രാറ്റുകളെയും നിരന്തരം വിളിച്ചിട്ടുണ്ട്. പിള്ളയ്ക്ക് അനുവദിച്ച പരോളിലെ ചട്ടപ്രകാരം, പരോള്‍ കഴിഞ്ഞ് അടുത്തത് അനുവദിക്കണമെങ്കില്‍ ആറുമാസം കഴിയണം. പിള്ള ശിക്ഷാകാലാവധിയില്‍ 169ല്‍ 75 ദിവസവും ജയിലിന് പുറത്താണ്.

തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ പിള്ളയെ ജയിലില്‍നിന്ന് മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം ഭാര്യയുടെ അസുഖത്തിന്റെ പേരില്‍ അടിയന്തരമായി പരോളില്‍ പുറത്തിറങ്ങി. എന്നാല്‍ , പരോളിലിറങ്ങിയ പിള്ള വീട്ടില്‍ "അസുഖ"മുള്ള ഭാര്യയുടെ സാന്നിധ്യത്തില്‍ സദ്യ കഴിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ശിക്ഷാ കാലാവധിയില്‍ അധികദിവസവും പിള്ളയ്ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത് ആഭ്യന്തര, ജയില്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിന്റെ ഫലമായാണ്. ചികിത്സയുടെ പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങിയ പിള്ളയ്ക്ക് സുഖചികിത്സ മാത്രമാണ് നടത്തുന്നത്. പിള്ളയെ പുറത്തിറക്കുന്നതിന് പ്രത്യേക ഉത്തരവ് ഇറക്കുന്നതിനുമുമ്പ് മുഖ്യമന്ത്രി അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍നിന്ന് പുറത്തിറക്കുന്നതിന് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് പിന്‍വലിച്ച് അദ്ദേഹത്തെ ജയിലില്‍ തിരിച്ചയച്ചില്ലെങ്കില്‍ കോടതിയലക്ഷ്യത്തിനും അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള നിയമനടപടിക്കും സുപ്രീംകോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ പറഞ്ഞു.

deshabhimani 100811

1 comment:

  1. ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലില്‍നിന്ന് പുറത്തിറക്കി മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്തതിന് ഉമ്മന്‍ചാണ്ടിക്ക് വക്കീല്‍ നോട്ടീസ്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ഥിയായ മഹേഷ് മോഹനാണ് നോട്ടീസ് അയച്ചത്. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് വിട്ടയക്കുന്നതിന് മുഖ്യമന്ത്രി സ്വീകരിച്ച നടപടി സത്യപ്രതിജ്ഞാലംഘനവും ക്രിമിനല്‍ കുറ്റവുമാണെന്ന് നോട്ടീസില്‍ പറഞ്ഞു.

    ReplyDelete