Friday, November 11, 2011

പിള്ളയുടെ മോചനം: ഹര്‍ജികള്‍ സുപ്രീംകോടതി ഡിസം. 9 ന് പരിഗണിക്കും

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണ പിള്ളയെ നേരത്തെ വിട്ടയച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നിയമ വിദ്യാര്‍ഥി മഹേഷ് മോഹനും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഡിസംബര്‍ ഒന്‍പതിന് വാദം കേള്‍ക്കും. വിശദമായി വാദം കേള്‍ക്കുന്നതിനായാണ് ഹര്‍ജി മാറ്റുന്നതെന്ന് ജസ്റ്റിസുമാരായ പി സദാശിവവും ജെ ചെലമേശ്വരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സൂചിപ്പിച്ചു. മുമ്പ് പിള്ളയുടെ കേസ് കേട്ട പി സദാശിവവും ബി എസ് ചൗഹാനും ഉള്‍പ്പെടുന്ന ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. ബാലകൃഷ്ണ പിള്ളയെ ജയിലില്‍ നിന്നും വിട്ടയച്ച സാഹചര്യത്തില്‍ അടിയന്തിരമായി കേസ് കേള്‍ക്കേതില്ലെന്ന് കോടതി നിരീക്ഷിച്ചു.

വി എസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവും മഹേഷിനുവേണ്ടി കെ ടി എസ് തുള്‍സിയും ഹാജരായി. പിള്ളക്കുവേണ്ടി കെ പി റാവുവും സംസ്ഥാനസര്‍ക്കാരിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പരാക് കൃപാഡിയും ഹാജരായി. ലക്ഷങ്ങള്‍ ഫീസു കൊടുത്താണ് സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനായ പരാക് കൃപാഡിയെ കേസിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്്. പിള്ളയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പണമൊന്നും മുടക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.

ബോര്‍ഡ്- കോര്‍പറേഷന്‍ : യുഡിഎഫ് തന്നോട്ആലോചിച്ചില്ല പിള്ള

ബോര്‍ഡ് -കോര്‍പറേഷന്‍ ഭാരവാഹികളുടെ കാര്യത്തില്‍ യുഡിഎഫ് നേതൃത്വം പാര്‍ട്ടിയുമായി ആലോചിച്ചിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. പാര്‍ട്ടിയോഗത്തിനുശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയെങ്കിലും നിയമിക്കാന്‍ പാര്‍ട്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഏതെങ്കിലും സ്ഥാനത്ത് നിയമിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയുടെ ചെലവിലല്ല. വാളകം പ്രസിദ്ധമായതില്‍ സന്തോഷമുണ്ട്. അധ്യാപകന്‍ കൃഷ്ണകുമാറും താനും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും കൃഷ്ണകുമാറിന്റെ കുടുംബം തനിക്കെതിരെ കേസ് കൊടുത്തതിനെക്കുറിച്ച് അറിയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. അധ്യാപകന് മര്‍ദ്ദനമേറ്റതിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. സിബിഐ അന്വേഷിക്കുന്ന സംഭവമായതിനാല്‍ അതേക്കുറിച്ചും പറയില്ല. കുറേക്കാര്യങ്ങള്‍ കൂടി പുറത്തു വരാനുണ്ട്.

ജയിലില്‍ കിടക്കുമ്പോള്‍ തന്റെ ഫോണ്‍ പാര്‍ട്ടി പ്രവര്‍ത്തകരടക്കം പലരും ഉപയോഗിച്ചിട്ടുണ്ട്. താന്‍ പണമടയ്ക്കുന്ന ഫോണ്‍ കൂടെയുള്ളവര്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും നല്‍കിയിട്ടില്ല. ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. അനുകൂലമായി ഒരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടുമില്ല. സ്റ്റേറ്റ് ബോര്‍ഡ് വെച്ച അഞ്ച് കാറുകള്‍ ഗണേഷ്കുമാര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിയില്ല. അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. അന്വേഷിക്കും. താന്‍ ഒരു കാര്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ഓരോരുത്തരുടെയും സ്വഭാവത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പിള്ള പറഞ്ഞു. ഗണേഷ്കുമാറിന്റെ പത്തനാപുരം പ്രസംഗവും ശരിയായില്ല. 88 വയസുള്ള വിഎസിനെ അങ്ങനെ പറയരുതായിരുന്നു.ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്്. കേരളകോണ്‍ഗ്രസ് ബി തെരഞ്ഞെടുപ്പ് ഉടന്‍ ആരംഭിക്കും. സംസ്ഥാന ഇലക്ഷന്‍ ഡിസംബര്‍ 30ന് നടക്കും. റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നോട് മാനുഷികപരിഗണന കാട്ടിയില്ലെന്നും പിള്ള പറഞ്ഞു.

deshabhimani news

1 comment:

  1. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണ പിള്ളയെ നേരത്തെ വിട്ടയച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നിയമ വിദ്യാര്‍ഥി മഹേഷ് മോഹനും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഡിസംബര്‍ ഒന്‍പതിന് വാദം കേള്‍ക്കും. വിശദമായി വാദം കേള്‍ക്കുന്നതിനായാണ് ഹര്‍ജി മാറ്റുന്നതെന്ന് ജസ്റ്റിസുമാരായ പി സദാശിവവും ജെ ചെലമേശ്വരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സൂചിപ്പിച്ചു. മുമ്പ് പിള്ളയുടെ കേസ് കേട്ട പി സദാശിവവും ബി എസ് ചൗഹാനും ഉള്‍പ്പെടുന്ന ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. ബാലകൃഷ്ണ പിള്ളയെ ജയിലില്‍ നിന്നും വിട്ടയച്ച സാഹചര്യത്തില്‍ അടിയന്തിരമായി കേസ് കേള്‍ക്കേതില്ലെന്ന് കോടതി നിരീക്ഷിച്ചു.

    ReplyDelete