Friday, November 2, 2012

ധൂര്‍ത്തിന്റെ മേള: മന്ത്രി കെ സി ജോസഫ് പ്രതിക്കൂട്ടില്‍


മലയാളത്തിന്റെ മഹാരഥന്മാരായ സാഹിത്യനായകര്‍ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ പടുത്തുയര്‍ത്തിയ കേരള സാഹിത്യ അക്കാദമിയുടെ വിശ്വാസ്യത വിശ്വമലയാള മഹോത്സവത്തെ അപഹാസ്യമാക്കി സാംസ്കാരിക മന്ത്രി കെ സി ജോസഫ് തകര്‍ത്തു. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരനെ അനങ്ങാന്‍ പോലും അനുവദിക്കാതെ മന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ച മലയാള മഹോത്സവം എക്കാലത്തെയും വലിയ നാണക്കേട് ഭാഷയ്ക്കും സാഹിത്യത്തിനും സമ്മാനിച്ചപ്പോള്‍ സാഹിത്യ അക്കാദമിയുടെ നിലനില്‍പ്പിനെ കൂടിയാണ് അതു ബാധിച്ചത്. സര്‍ക്കാര്‍ അനുവദിച്ച പണം മുഴുവന്‍ ധൂര്‍ത്തടിക്കുകയാണെന്ന ആരോപണം അക്കാദമി അംഗങ്ങള്‍ തന്നെ ഉയര്‍ത്തിയതോടെയാണ് മഹോത്സവ നടത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെട്ടത്.

അക്കാദമി ജനറല്‍ കൗണ്‍സില്‍ കൂട്ടത്തോടെ പരിപാടി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും സാംസ്കാരിക മന്ത്രി അത് രാഷ്ട്രീയവിരോധം മാത്രമായി വ്യാഖ്യാനിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അക്കാദമി വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് ചടങ്ങ് ബഹിഷ്കരിച്ചപ്പോഴും മന്ത്രി അതിനെ ഗ്രൂപ്പുപോരായി ചിത്രീകരിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള ആളാണ് വൈസ് പ്രസിഡന്റ്. 21 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ അഞ്ചുപേര്‍ മാത്രമാണ് മന്ത്രിയോടൊപ്പം മഹോത്സവത്തിന് ഉണ്ടായിരുന്നത്. ആറ് എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് പ്രസിഡന്റിനെ തുണയ്ക്കുന്നത്. ജോസ് പനച്ചിപ്പുറം, ഡോ. അജയപുരം ജ്യോതിഷ്കുമാര്‍, പ്രമീളാദേവി, പി കെ പാറക്കടവ്, കെ രഘുനാഥന്‍ എന്നിവര്‍ അക്കാദമിയിലെ മലയാള മഹോത്സവ നടത്തിപ്പിലെ അഴിമതിക്കും അക്കാദമി സെക്രട്ടറിയുടെ ഏകാധിപത്യത്തിനും എതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ജനറല്‍ കൗണ്‍സിലിലെ നോമിനേറ്റഡ് അംഗങ്ങളും മേളയെ സഹായിച്ചില്ല. പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും ജനറല്‍ കണ്‍വീനര്‍ ജോണ്‍ സാമുവലും മൂന്ന് അംഗങ്ങളും മാത്രമാണ് സജീവമായുണ്ടായത്. ഇതിനിടെ, വ്യക്തിപരമായ അധിക്ഷേപവും അക്കാദമി സെക്രട്ടറി നടത്തിയതായി വിവാദമുയര്‍ന്നിട്ടുണ്ട്. ഒരു വനിതാ അക്കാദമി അംഗം സെക്രട്ടറിക്കെതിരെ വകുപ്പുമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. മേളയിലെ ഫണ്ട് വിനിയോഗത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അക്കാദമിയിലെ ഒരുവിഭാഗം.

ഒഴിവാക്കാന്‍ കാരണം തന്റെ നിലപാടുകളാകാം: സുഗതകുമാരി

വിശ്വമലയാള മഹോത്സവത്തില്‍ വികസന സെമിനാറിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ നീക്കിയത് സര്‍ക്കാരിനെതിരെയുള്ള തന്റെ പരിസ്ഥിതി നിലപാട് കാരണമായിരിക്കാമെന്ന് കവയിത്രി സുഗതകുമാരി പ്രതികരിച്ചു. എമര്‍ജിങ് കേരള അടക്കമുള്ള വിഷയങ്ങളിലും സര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു. തന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല. നാട് നേരിടുന്ന പ്രശ്നങ്ങള്‍ ഭരണാധികാരികളോട് പറയാന്‍ ലഭിച്ച അവസരം നഷ്ടമായതില്‍ നിരാശയുണ്ട്. ആറന്മുള വിമാനത്താവളവിഷയത്തില്‍ തന്റെ നിലപാടിന് ഒരു മാറ്റവും വരുത്തില്ല. വയല്‍ നികത്താന്‍ അനുവദിക്കില്ല. ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ടാകാം-സുഗതകുമാരി പറഞ്ഞു. സമാപനദിവസം കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യാനായി ചേരുമെന്ന് പ്രഖ്യാപിച്ച സെമിനാര്‍ കവയിത്രി സുഗതകുമാരിയെ അപമാനിച്ചതിന്റെപേരില്‍ മന്ത്രി കെ സി ജോസഫിനും കൂട്ടര്‍ക്കും നില്‍ക്കക്കള്ളിയില്ലാതായതോടെ ഉപേക്ഷിക്കേണ്ടിവന്നു. "നാളത്തെ കേരളം: വികസന കാഴ്ചപ്പാട്" എന്ന സെമിനാറിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് സുഗതകുമാരിയെ നീക്കംചെയ്ത് അപമാനിച്ചതോടെ സ്പീക്കര്‍ക്കുപോലും വിശ്വമലയാള മഹോത്സവത്തെ തള്ളിപ്പറയേണ്ടിവന്നു. മന്ത്രി കെ സി ജോസഫ് കവയിത്രിയുടെ വീട്ടിലെത്തി മാപ്പുപറഞ്ഞ ശേഷം സെമിനാര്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. സമാപനദിവസത്തെ പ്രധാന സെമിനാര്‍ ഉപേക്ഷിച്ചതോടെ വിശ്വമലയാള മഹോത്സവത്തിന്റെ സമാപനം നിറംകെട്ടതായി.

deshabhimani

No comments:

Post a Comment