Wednesday, October 31, 2012

മുഖ്യപ്രഭാഷകന്‍ 5 മാസം മുമ്പ് മരിച്ച കവി; ഗംഗോപാധ്യായയെയും അറിയില്ല


സാഹിത്യവും ഭാഷയും അറിയാത്തവരുടെ സംഘാടന വീഴ്ചകൊണ്ട് മലയാളത്തിന് അപമാനമായി മാറിയ വിശ്വമലയള മഹോത്സവത്തില്‍ ഭാഷയെയും സാഹിത്യത്തെയും അവഹേളിക്കുന്നത് തുടരുന്നു. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ചത്തെ സെമിനാറിലെ മുഖ്യപ്രഭാഷകന്‍ അഞ്ചുമാസംമുമ്പ് അന്തരിച്ച കവിയും ദളിത് പ്രവര്‍ത്തകനുമായ സണ്ണി കവിക്കാടാണ്. കോട്ടയം മധുരവേലി സ്വദേശിയായ സണ്ണി 2012 മെയ് 14നാണ് മരിച്ചത്. വൈകിട്ട് കനകക്കുന്ന് പുസ്തകോത്സവത്തില്‍ നടക്കുന്ന "ദളിത് ജീവിതം കാലങ്ങളിലൂടെ" എന്ന സെമിനാറിലാണ് സണ്ണിമുഖ്യപ്രഭാഷകനാകുന്നത്.അകാലത്തില്‍ പൊലിഞ്ഞ കവിക്ക് ഒരാദരംപോലും ഇതുവരെ അര്‍പ്പിക്കാത്ത സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയുമാണ് എം ടി വാസുദേവന്‍നായരടക്കം പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷകനായി പരേതനെ നിയോഗിച്ചിരിക്കുന്നത്.

മഹോത്സവത്തിന്റെ വാര്‍ത്താപത്രികയിലും തെറ്റുകളുടെ പൂരമാണ്. ഒരാഴ്ചമുമ്പ് അന്തരിച്ച വിഖ്യാത ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായ മഹോത്സവനടത്തിപ്പുകാര്‍ക്ക് കന്നട കവി ഡോ. സിദ്ധലിംഗപട്ടണ ഷെട്ടിയാണ്. കന്നട കവിയുടെ പേരും തെറ്റി. പട്ടണഷെട്ടി എന്നതിനു പകരം പട്ടാന്‍ ഷെട്ടി എന്നാണ് നല്‍കിയിരിക്കുന്നത്. മഹോത്സവം ധൂര്‍ത്തിനാണെന്നുള്ള സാഹിത്യ അക്കാദമി അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഴുവന്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് പരേതനെ മുഖ്യ പ്രഭാഷകനാക്കിയതിലൂടെ വെളിപ്പെടുന്നത്. പ്രഭാഷണത്തിന് പരേതന്‍ വന്നില്ലെങ്കിലും പരിപാടികഴിഞ്ഞ് യാത്രപ്പടി കണക്കില്‍ പരേതനും വന്‍ തുക ചെലവഴിക്കുമെന്നുറപ്പ്.

സാഹിത്യകാരന്മാരെ അറിയാതെ പ്രതിമകള്‍ സ്ഥാപിച്ചും കവികളെ ഗ്രേഡ് തിരിച്ച് അപമാനിച്ചും സാക്ഷരകേരളത്തിന് അപമാനമായി മാറിയ മഹോത്സവത്തില്‍ ദേശീയ സാഹിത്യനായകരെയും അപമാനിച്ചിരിക്കുകയാണ്.

deshabhimani

No comments:

Post a Comment