Monday, October 29, 2012

വിശ്വമലയാള മഹോത്സവം യാത്രാബത്ത കൊടുക്കാന്‍ കവികളെ ഗ്രേഡ് തിരിച്ചു


മലയാള സാഹിത്യനായകരോട് വിശ്വമലയാളമഹോത്സവ നടത്തിപ്പുകാരുടെ മാപ്പര്‍ഹിക്കാത്ത അവഹേളനം വീണ്ടും. സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യസംഭാവനകള്‍ അര്‍പ്പിച്ച പ്രിയ കവികളെ എ, ബി, തെരുവ് കവി എന്നിങ്ങനെ വേര്‍തിരിച്ച് സംഘാടകര്‍ അപമാനിച്ചു. ഭാഷയിലും സാഹിത്യത്തിലും കേട്ടുകേള്‍വിയില്ലാത്ത ഗ്രേഡ് തിരിക്കല്‍, കവിസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യാത്രാ ഇനത്തിലും മറ്റും നല്‍കുന്ന തുക നിശ്ചയിക്കാനാണെന്നാണ് ഔദ്യോഗികഭാഷ്യം. കേരളത്തിലെ പ്രമുഖ കവികളെ പോലും തെരുവ് കവികളുടെ പട്ടികയില്‍ പെടുത്തി. എന്നാല്‍, സാംസ്കാരിക വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും മന്ത്രി കെ സി ജോസഫിന്റെ സ്റ്റാഫിലുള്ള സാഹിത്യകാരന്റെയും പാര്‍ശ്വവര്‍ത്തികളായ ചിലര്‍ക്ക് ഉയര്‍ന്ന ഗ്രേഡുണ്ട്. സാഹിത്യനായകരുടെ പ്രതിമയെന്ന പേരില്‍ മറ്റുള്ളവരുടെ പ്രതിമ സ്ഥാപിച്ച മണ്ടത്തരത്തിനു പിന്നാലെയാണ് കവികളെ തരംതിരിച്ചുള്ള അധിക്ഷേപം.

വിശ്വമലയാള മഹോത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കവിസമ്മേളനങ്ങളിലോ സാഹിത്യചര്‍ച്ചകളിലോ ഒന്നും മധ്യതിരുവിതാംകൂറിലെയോ വടക്കന്‍ ജില്ലകളിലെയോ സാഹിത്യകാരന്മാരെ അധികം ഉള്‍പ്പെടുത്തിയിട്ടില്ല. പുരോഗമന സാഹിത്യ പക്ഷത്തുള്ള കവികളെ അവഗണിക്കാന്‍ പ്രത്യേക ശ്രദ്ധ കാട്ടിയിട്ടുമുണ്ട്. മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര സന്ധ്യകളിലെ കാവ്യസദസ്സുകളില്‍ പങ്കെടുത്ത കവികളെയാണ് തെരുവ് കവികള്‍ എന്ന വിഭാഗത്തില്‍ പെടുത്തിയത്. എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയ കവികള്‍ക്ക് പതിനായിരം രൂപ നല്‍കുമ്പോള്‍ തെരുവ് കവി വിഭാഗത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ യുവകവികള്‍ക്ക് കൊടുത്തത് 500 രൂപയാണ്. മഹോത്സവത്തിന്റെ വിളംബരസന്ധ്യകള്‍ക്കും ജാഥയ്ക്കുമായി അഞ്ചുലക്ഷം രൂപയാണ് അനുവദിച്ചത്. ശുഷ്കമായ വിളംബരജാഥയ്ക്കാകട്ടെ അമ്പതിനായിരം രൂപപോലും ചെലവഴിച്ചിട്ടില്ല. 30 കവികളെയാണ് തെരുവ് കവികളുടെ പട്ടികയില്‍പെടുത്തിയത്. ഇവര്‍ക്ക് ആകെ നല്‍കിയത് 15,000 രൂപയാണ്.

തലസ്ഥാനത്ത് താമസമാക്കിയ പല പ്രമുഖരെയും മഹോത്സവത്തില്‍ പങ്കെടുപ്പിക്കാതെ പേരിന് നടത്തുന്ന വിളംബര പരിപാടികളിലേക്ക് മാത്രമാണ് ക്ഷണിച്ചത്. ചിലരെ ക്ഷണിച്ചിട്ടുമില്ല. മലയാള ചലച്ചിത്രഗാനശാഖയിലും കവിതാരംഗത്തും ശ്രദ്ധേയ സംഭാവന നല്‍കിയ ചുനക്കര രാമന്‍കുട്ടിയെ സംഘാടകര്‍ അവഗണിച്ചു. മണ്‍മറഞ്ഞ മഹാസാഹിത്യപ്രതിഭകളെപോലും അറിയാതെ പ്രതിമകള്‍ സ്ഥാപിച്ച് ഭാഷയ്ക്കും സാഹിത്യത്തിനും നാണക്കേടുണ്ടാക്കിയ ഒരു സംഘം സംഘടിപ്പിക്കുന്ന ഭാഷാമഹോത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാത്തത് ഭാഗ്യമായി കരുതുന്നതായി ചുനക്കര രാമന്‍കുട്ടി പറഞ്ഞു.
(എം വി പ്രദീപ്)

deshabhimani

1 comment:

  1. മലയാള സാഹിത്യനായകരോട് വിശ്വമലയാളമഹോത്സവ നടത്തിപ്പുകാരുടെ മാപ്പര്‍ഹിക്കാത്ത അവഹേളനം വീണ്ടും. സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യസംഭാവനകള്‍ അര്‍പ്പിച്ച പ്രിയ കവികളെ എ, ബി, തെരുവ് കവി എന്നിങ്ങനെ വേര്‍തിരിച്ച് സംഘാടകര്‍ അപമാനിച്ചു. ഭാഷയിലും സാഹിത്യത്തിലും കേട്ടുകേള്‍വിയില്ലാത്ത ഗ്രേഡ് തിരിക്കല്‍, കവിസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യാത്രാ ഇനത്തിലും മറ്റും നല്‍കുന്ന തുക നിശ്ചയിക്കാനാണെന്നാണ് ഔദ്യോഗികഭാഷ്യം. കേരളത്തിലെ പ്രമുഖ കവികളെ പോലും തെരുവ് കവികളുടെ പട്ടികയില്‍ പെടുത്തി. എന്നാല്‍, സാംസ്കാരിക വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും മന്ത്രി കെ സി ജോസഫിന്റെ സ്റ്റാഫിലുള്ള സാഹിത്യകാരന്റെയും പാര്‍ശ്വവര്‍ത്തികളായ ചിലര്‍ക്ക് ഉയര്‍ന്ന ഗ്രേഡുണ്ട്. സാഹിത്യനായകരുടെ പ്രതിമയെന്ന പേരില്‍ മറ്റുള്ളവരുടെ പ്രതിമ സ്ഥാപിച്ച മണ്ടത്തരത്തിനു പിന്നാലെയാണ് കവികളെ തരംതിരിച്ചുള്ള അധിക്ഷേപം.

    ReplyDelete