Thursday, October 31, 2013

കേട്ടെഴുത്തിന് "ശ്രുതിലേഖിത"; തര്‍ജമയ്ക്ക് "പരിഭാഷിക"യും

ഭാഷാ കംപ്യൂട്ടിങ് രംഗത്ത് വിസ്ഫോടനത്തിനിടയാക്കുന്ന നാല് സോഫ്റ്റ്വെയറുകള്‍ നവംബര്‍ ഒന്നിന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) തിരുവനന്തപുരം കേന്ദ്രം മലയാളത്തിന് സമര്‍പ്പിക്കും. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം നടത്തുന്ന പരിഭാഷിക, വാക്കുകളുടെയും വാക്യങ്ങളുടെയും അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന സ്പെല്‍ചെക്കര്‍, മലയാളം ഫോണ്ടുകളുടെ രൂപകല്‍പ്പന, മലയാളം ഒസിആര്‍ തുടങ്ങിയ സോഫ്റ്റ്വെയറുകളാണ് കേരളപ്പിറവി ദിനത്തില്‍ പുറത്തിറക്കുന്നത്.

വിവര്‍ത്തനസഹായിയായ "പരിഭാഷിക"യെ പഠിപ്പിച്ചെടുത്തത് ആറുവര്‍ഷം കൊണ്ടാണ്. ഇംഗ്ലീഷ് വാക്യഘടനകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോള്‍ പ്രശ്നങ്ങള്‍ ഏറെയായിരുന്നു. ഒന്നിലേറെ വാക്കുകള്‍ ചേരുന്ന ഇംഗ്ലീഷ് നാമം "പരിഭാഷിക" ആദ്യഘട്ടത്തില്‍ വിവര്‍ത്തനം ചെയ്യുന്നത് കണ്ട് സി- ഡാക്കിലെ വിദഗ്ധര്‍ അന്തംവിട്ടു. ചൈനീസ് ഫിഷിങ് നെറ്റ് എന്ന പദം മലയാളത്തിലേക്ക് വിവര്‍ത്തനത്തിന് ശ്രമിച്ചപ്പോള്‍ ചീനവലയ്ക്ക് പകരം സോഫ്റ്റ്വെയര്‍ നല്‍കിയത് ചൈന മീന്‍വല എന്നാണ്. ഇത്തരം പ്രശ്നങ്ങള്‍ സമര്‍ഥമായി പരിഹരിക്കാന്‍ ഭാഷാവിജ്ഞാനത്തിന്റെ ആഴങ്ങളിലൂടെ എന്‍ജിനിയര്‍മാര്‍ സഞ്ചരിച്ചെന്ന് സി-ഡാക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി രമണി പറഞ്ഞു.

മലയാളത്തില്‍ എന്തുപറഞ്ഞാലും കേട്ടെഴുതുന്ന "ശ്രുതിലേഖിത"യുടെ അവസാന മിനുക്കുപണിയിലാണ് സി-ഡാക് കേന്ദ്രത്തിലെ സാങ്കേതികവിദഗ്ധര്‍. അമ്പത്തൊന്നക്ഷരാളിയെ കൂട്ടുപിടിച്ച് രണ്ട് വര്‍ഷം മുമ്പാണ് കേട്ടെഴുത്ത് സോഫ്റ്റ്വെയര്‍ നിര്‍മാണം തുടങ്ങിയത്. ചില സംസ്കൃതപദങ്ങള്‍ പറയുമ്പോള്‍ "ശ്രുതിലേഖിത"യ്ക്ക് പിണയുന്ന അക്ഷരത്തെറ്റ് കൂടി പരിഹരിക്കാനായാല്‍ മലയാളം കേട്ടെഴുത്തുകാരി ഈ വര്‍ഷംതന്നെ മലയാളത്തിന് സ്വന്തമാകും. അതിവേഗം ശ്രുതിലേഖിത കേട്ടെഴുത്തില്‍ നൂറില്‍ നൂറും നേടുമെന്ന് ഡി- ഡാക്ക് അസോസിയറ്റ് ഡയറക്ടര്‍ വി കെ ഭദ്രന്‍ പറഞ്ഞു. ശ്രേഷ്ഠഭാഷാപദവിക്ക് നേരത്തെ അര്‍ഹമായ തമിഴിനും കന്നടയ്ക്കും തെലുങ്കിനും ഒപ്പം ഭാഷാ കംപ്യൂട്ടിങ് രംഗത്ത് മലയാളത്തിന്റെയും സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സി-ഡാക്കിന്റെ പലതും ലക്ഷ്യത്തിലെത്തുകയാണ്.

deshabhimani

No comments:

Post a Comment