Saturday, July 6, 2013

അധ്യയനം മാതൃഭാഷയില്‍: ഭരണഘടനാബെഞ്ച് തീരുമാനിക്കും

പ്രാഥമികവിദ്യാഭ്യാസ ഘട്ടത്തില്‍ മാതൃഭാഷ അധ്യയനഭാഷയായി നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിടാന്‍ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗൊഗോയ് എന്നിവരുള്‍പ്പെട്ട ബെഞ്ച് തീരുമാനിച്ചു. വിപുലമായ ബെഞ്ച് പരിഗണിക്കാന്‍ അര്‍ഹമായ കേസാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു. വരുംതലമുറയുടെകൂടി മൗലികാവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണിത്.

കര്‍ണാടകത്തില്‍ പ്രാഥമിക സ്കൂള്‍തലത്തില്‍ കന്നട നിര്‍ബന്ധമാക്കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ 1993ല്‍ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് വിസമ്മതിക്കുകയായിരുന്നു. ഇത് പരിഗണിക്കുമ്പോള്‍ വിപുലമായ ബെഞ്ചുതന്നെയാണ് കേസ് കേള്‍ക്കേണ്ടത്. അധ്യയനഭാഷ ഏതുവേണമെന്നത് കുട്ടിക്കോ മാതാപിതാക്കള്‍ക്കോ തീരുമാനിക്കാമെന്ന് തങ്ങളിപ്പോള്‍ തീര്‍പ്പുകല്‍പ്പിച്ചാല്‍ അത് കോടതിയുടെ നേരത്തെയുള്ള നിലപാടിന് വിരുദ്ധമാകും. പ്രാഥമികവിദ്യാഭ്യാസഘട്ടം കുട്ടിയുടെ ഭാവി അധ്യയനത്തിന്റെയും അടിത്തറയാണ്. ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പുനര്‍രൂപീകരണംപോലുമുണ്ടായത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ വിഷയം പരിഗണിക്കേണ്ടത് ഭരണഘടനാബെഞ്ചുതന്നെയാണ്- കോടതി പറഞ്ഞു. പ്രാഥമികവിദ്യാഭ്യാസത്തിന് കന്നട നിര്‍ബന്ധമാക്കിയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം.

deshabhimani

No comments:

Post a Comment