സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇംഗ്ലീഷിന് അമിത പ്രാധാന്യം നല്‍കി യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി) പരീക്ഷ പരിഷ്‌കരിച്ച് പുറത്തിറക്കിയ വിവാദ ഉത്തരവിനെച്ചൊല്ലി മറ്റ് സംസ്ഥാനങ്ങളിലും പാര്‍ലമെന്റിലും എതിര്‍പ്പുകള്‍ ഉയരുമ്പോഴും പ്രതികരണമില്ലാതെ കേരള സര്‍ക്കാര്‍.
സിവില്‍ സര്‍വീസ് പരീക്ഷാ സിലബസ് പരിഷ്‌ക്കരിച്ച് കഴിഞ്ഞ അഞ്ചിനാണ് ഉത്തരവിറങ്ങിയത്. കേരള സര്‍ക്കാര്‍ മലയാളത്തെ ശ്രേഷ്ഠ ഭാഷയാക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പി എസ് സി പരീക്ഷകളിലും മലയാളം നിര്‍ബന്ധമാക്കാനും ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍വീസിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മലയാളത്തില്‍ ഉത്തരം എഴുതാനുള്ള സാഹചര്യമാണ് പുതിയ ഉത്തരവിലൂടെ ഇല്ലാതാകുന്നത്.
എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാനോ ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ഉത്തരവ് ഇറങ്ങിയ ഉടന്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഈ വിഷയം ബഹളങ്ങള്‍ക്ക് ഇടയാക്കുകയും ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വിജ്ഞാപനം അനുസരിച്ച് യു പി എസ് സി യുടെ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള 25 ഐച്ഛിക വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത് പഠിക്കാം. അല്ലെങ്കില്‍ 21 ഭാഷകളില്‍ ഏതെങ്കിലുമൊന്നിന്റെ സാഹിത്യം ഐച്ഛിക വിഷമായെടുക്കാം. എന്നാല്‍ സാഹിത്യം ഐച്ഛികമായി എടുക്കണമെങ്കില്‍ ഈ വിഷയത്തില്‍ ബിരുദധാരിയായിരിക്കണമെന്ന നിബന്ധന ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി എ മലയാളം പഠിക്കാത്തവര്‍ക്ക് ഇതനുസരിച്ച് മലയാളം സാഹിത്യം ഐച്ഛിക വിഷയമായി സ്വീകരിക്കാന്‍ പറ്റില്ല. പുതിയ ഉത്തരവിലുള്ള മറ്റൊരു പ്രധാന മാറ്റം പ്രാദേശിക ഭാഷയില്‍ പരീക്ഷയെഴുതുന്നത് സംബന്ധിച്ചാണ്. കഴിഞ്ഞ വര്‍ഷം വരെ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഭരണഘടനയിലുള്ള പ്രാദേശികഭാഷകളിലോ മെയിന്‍ പരീക്ഷയുടെ മുഴുവന്‍ പേപ്പറുകള്‍ക്കും ഉത്തരമെഴുതാമായിരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥയനുസരിച്ച് ഒരു പ്രാദേശിക ഭാഷയില്‍ മെയിന്‍വിഷയത്തിന്റെ പരീക്ഷയെഴുതാന്‍ 25 പേരെങ്കിലും ഇല്ലെങ്കില്‍ ആ വിഷയം ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ എഴുതാന്‍ സാധിക്കൂ. ഇതോടെ സിവില്‍ സര്‍വീസ് പരീക്ഷാ പരിഷ്‌ക്കാരങ്ങളുടെ ഗുണം ഹിന്ദി ഭാഷ സംസാരിക്കുന്ന ഏഴ് സംസ്ഥാനങ്ങള്‍ക്ക് മാത്രമാകുമെന്ന അവസ്ഥയാണ്.
കേരളത്തില്‍ നിന്ന് മുമ്പ് പരീക്ഷ എഴുതിയവരില്‍ 60 ശതമാനവും മലയാളത്തിലാണ് എഴുതിയിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിന് ലഭിച്ച സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളില്‍ 65 ശതമാനം പേരും മലയാളം ഐച്ഛിക വിഷയമായി എടുത്തവരാണെന്ന് പാലായിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ട് ജോയിന്റ് ഡയറക്ടര്‍ ബാബു പറയുന്നു.
ഈ വര്‍ഷം പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നവരില്‍ 65 പേര്‍ മലയാളം ഐച്ഛികമായി എടുത്തവരാണ്. ഇവരുടെ പഠനമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. നേരത്തേ ഇംഗ്ലീഷ് യോഗ്യതാ പരീക്ഷയായിരുന്നത് പുതിയ ഉത്തരവോടെ നിര്‍ബന്ധ വിഷയമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിലെ പ്രതിഷേധവും അതിന്റെ ഫലമായുള്ള ഉത്തരവ് മരവിപ്പിക്കലും തങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ സഹായകമാകുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍.
(പത്മേഷ് കെ വി )
janayugom
യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ മലയാളത്തിൽ എഴുതാനും മലയാളത്തിൽ അഭിമുഖം നേരിടാനുമുള്ള അവസരമുണ്ട് പരീക്ഷ എഴുതുന്ന വ്യക്തിക്ക് തീരുമാനം എടുക്കാം തനിക്കു ഏതു ഭാഷയിൽ എഴുതണമെന്നത് ..പക്ഷെ കേരളത്തിലെ അവസ്ഥ എന്താണ്?..... .മലയാളത്തിൽ പരീക്ഷ/അഭിമുഖം നടത്താൻ സാധിക്കുന്നുണ്ടോ ?കേരളത്തിൽ സർവകലാശാലകളിലും പി എസ് സി യിലും എല്ലാം ഇംഗ്ലീഷിൽ മാത്രം അഭിമുഖം നടത്തുന്നു .ഭരണഘടനയുടെ പതിനാലാം വകുപ്പ് (സമത്വത്തിനുള്ള അവകാശം) ഉറപ്പുനല്‍കുന്ന തുല്യ അവസരം എന്ന സങ്കല്‍പ്പത്തിന് നിരക്കാത്തതാണ് ഭാഷയുടെ പേരിലുള്ള ഈ വിവേചനം.ഭാരതത്തിലെ ഉയര്ന്ന തലങ്ങളിലെ ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ/അഭിമുഖം പ്രാദേശിക ഭാഷയിൽ നേരിടാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് പ്രാദേശികമായി നടത്തുന്ന പരീക്ഷകൾ /അഭിമുഖങ്ങൾ എന്നിവയ്ക്ക് മാതൃഭാഷയിൽ അവസരം നല്കിക്കൂടാ ?മലയാള ഭാഷയെ ഒഴിവാക്കുന്ന നടപടിക്കെതിരെ പ്രതികരിക്കുക.
ReplyDeletehttp://malayalatthanima.blogspot.in