Wednesday, March 28, 2012

മലയാളത്തെ ആധുനിക ഭാഷയാക്കണം: കെ എന്‍ പണിക്കര്‍


മലയാളം ക്ലാസിക്കല്‍ ഭാഷയാക്കുകയല്ല ആധുനിക ഭാഷയാക്കുകയാണ് വേണ്ടതെന്ന് ഡോ. കെ എന്‍ പണിക്കര്‍. മലയാളത്തിന് വേണ്ടത് സര്‍വകലാശാലയോ ക്ലാസിക്കല്‍ പദവിയോ അല്ല. മലയാള സര്‍വകലാശാലയല്ല അന്താരാഷ്ട്ര വിജ്ഞാന പഠനത്തിനുള്ള സ്ഥാപനങ്ങളാണ് മലയാളത്തിലുണ്ടാവേണ്ടത്- സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ഭാഷ, സംസ്കാരം, ദേശീയത സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷയെ വീണ്ടെടുക്കണമെങ്കില്‍ അത് കൂടുതല്‍ സമ്പന്നവും ശക്തവുമാകണം. അറിവിന്റെയും വിജ്ഞാനത്തിന്റെയും മേഖലയില്‍സമ്പന്നമല്ലാത്തതാണ് മലയാളമടക്കമുള്ള ഭാഷകളുടെ ദൗര്‍ബല്യം. ഇംഗ്ലീഷിന്റെ ആധിപത്യം തുടരുന്നതിന് കാരണങ്ങളിലൊന്ന് അതിലെ വിജ്ഞാനസമ്പത്താണ്. ആശയ-വിനിമയ മേഖലയെ അധിനിവേശശക്തികള്‍ കൈയടക്കി. ഇത് പലപ്പോഴും തിരിച്ചറിയുന്നില്ല. ഇന്ത്യന്‍ സംസ്കാരത്തിലും ദേശീയതയിലും മതാധിഷ്ഠിത കാഴ്ചപ്പാട് പ്രബലമാണ്. സംസ്കാരത്തിന് ബഹുസ്വരതയുണ്ടെങ്കിലും സമത്വമില്ലാത്തത് പരിമിതിയാണ്. സംസ്കാരത്തിലൂടെയാണ് ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന അധിനിവേശം കടന്നുവരുന്നത്. സാംസ്കാരിക ചിന്തകള്‍ അന്യമായ തലമുറയെ സൃഷ്ടിക്കയാണ് ആഗോളവല്‍ക്കരണം. കുഞ്ഞുങ്ങള്‍ക്ക് വാങ്ങിനല്‍കുന്ന കളിക്കോപ്പില്‍ തുടങ്ങി വിനോദവ്യവസായത്തിലടക്കം ആഗോളവല്‍ക്കരണത്തിന്റെ താല്‍പര്യവും സംസ്കാരനിര്‍മിതിയും മേല്‍ക്കൈ നേടുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ജനകീയ ഇടപെടലുകള്‍ ഉണ്ടാകണം. ഇത് കലയുടെയോ മാധ്യമത്തിന്റെയോ സംസ്കാരത്തിന്റെയോ രംഗത്ത് ചുരുക്കിനിര്‍ത്താനാവില്ല. ജീവിതത്തിലുമുണ്ടാകണമെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.

സര്‍വകലാശാലയുണ്ടാക്കി മലയാളത്തെയല്ല ഒരു ഭാഷയെയും സംരക്ഷിക്കാനാവില്ലെന്ന് പി വത്സല പറഞ്ഞു. സ്കൂളില്‍ മലയാളമില്ലാതാവുന്നതില്‍ വേവലാതിയില്ലാതാവുകയും സര്‍വകലാശാലയില്‍ മലയാളത്തിനായി വാദിക്കുകയും ചെയ്യുന്നതുകൊണ്ടെങ്ങനെ ഭാഷ നിലനിര്‍ത്താനാകും. ഭാഷ കൈവിട്ടാല്‍ ജീവിതവും സ്വാതന്ത്ര്യവും കൈവിട്ടുപോകുമെന്നും അവര്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ ഡോ. കെ എന്‍ ഗണേഷ് അധ്യക്ഷനായി. ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി, ഡോ. ഖദീജ മുംതാസ്, സുനില്‍ പി ഇളയിടം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ "മലയാള നാടകം: താജ് വഴി" പുസ്തകം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരന്‍ എംഎല്‍എ താജിന്റെ ഭാര്യ ബിച്ചുതാജിന് നല്‍കി പ്രകാശനം ചെയ്തു. കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ എഡിറ്റര്‍ ഭാനുപ്രകാശാണ്. ദേശാഭിമാനി വാരികാ പത്രാധിപര്‍ ഡോ. കെ പി മോഹനന്‍ സ്വാഗതവും ടി ശിവദാസ് നന്ദിയും പറഞ്ഞു.

deshabhimani 280312

1 comment:

  1. മലയാളം ക്ലാസിക്കല്‍ ഭാഷയാക്കുകയല്ല ആധുനിക ഭാഷയാക്കുകയാണ് വേണ്ടതെന്ന് ഡോ. കെ എന്‍ പണിക്കര്‍. മലയാളത്തിന് വേണ്ടത് സര്‍വകലാശാലയോ ക്ലാസിക്കല്‍ പദവിയോ അല്ല. മലയാള സര്‍വകലാശാലയല്ല അന്താരാഷ്ട്ര വിജ്ഞാന പഠനത്തിനുള്ള സ്ഥാപനങ്ങളാണ് മലയാളത്തിലുണ്ടാവേണ്ടത്- സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ഭാഷ, സംസ്കാരം, ദേശീയത സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete