Sunday, November 21, 2010

അല്പം വിദേശവാര്‍ത്തകള്‍ 3

രക്ഷാസമിതി പരിഷ്കരണം അടുത്തെങ്ങുമില്ല: യുഎസ്

യുഎന്‍ രക്ഷാസമിതി പരിഷ്കരണം സമീപകാലത്തൊന്നും നടക്കാനിടയില്ലെന്ന് അമേരിക്ക ഒരിക്കല്‍കൂടി വ്യക്തമാക്കി. രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അനന്തമായി നീളുമെന്ന് ഇതോടെ ഉറപ്പായി. രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വാഗ്ദാനം പൊള്ളയാണെന്നും ഇതോടെ വ്യക്തമാകുന്നു. പിന്തുണയ്ക്കാനുള്ള തീരുമാനം ഒബാമ അവസാന നിമിഷം എടുത്തതല്ലെന്നും നല്ലവണ്ണം ആലോചിച്ചുള്ളതാണെന്നും അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ളേക് വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒബാമ അങ്ങനെ പറഞ്ഞെങ്കിലും വളരെ സങ്കീര്‍ണവും ദീര്‍ഘകാലം എടുക്കുന്നതുമായ പ്രക്രിയയാണ് ഇതെന്നും ഇന്ത്യക്ക് നല്‍കിയ പിന്തുണയ്ക്ക് ഒരു ഉപാധിയും വച്ചിട്ടില്ലെന്നും ബ്ളേക് പറഞ്ഞു. ഏഷ്യയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ചെറുക്കാനല്ല കരുത്തുറ്റ ഇന്ത്യ- അമേരിക്ക ബന്ധം ഒബാമ ആഗ്രഹിക്കുന്നതെന്നും ബ്ളേക് പറഞ്ഞു.

സമാധാന നൊബേല്‍ പുരസ്കാരദാന ചടങ്ങിനുള്ള ക്ഷണം 6 രാജ്യങ്ങള്‍ നിരസിച്ചു

രാജ്യദ്രോഹക്കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിക്കുന്ന ചൈനീസ് വിമതനേതാവിന് സമാധാന നൊബേല്‍ പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിനുള്ള ക്ഷണം റഷ്യയടക്കം ആറ് രാജ്യങ്ങള്‍ നിരസിച്ചു. ഇന്ത്യയടക്കം 16 രാജ്യങ്ങള്‍ ക്ഷണക്കത്തിന് മറുപടി നല്‍കിയിട്ടില്ല. 36 രാജ്യങ്ങള്‍ ക്ഷണം സ്വീകരിച്ചതായി നോര്‍വെയിലെ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഗെയര്‍ ലുണ്ടസ്റ്റഡ് പറഞ്ഞു. റഷ്യയെ കൂടാതെ ചൈന, ക്യൂബ, ഇറാഖ്, മൊറോക്കോ, കസാക്കിസ്ഥാന്‍ എന്നിവരാണ് ക്ഷണം തള്ളിയത്.

എല്ലാ വര്‍ഷവും ഡിസംബര്‍ പത്തിനു നടക്കുന്ന നൊബേല്‍ സമ്മാനദാനച്ചടങ്ങിലേക്ക് നോര്‍വെ തലസ്ഥാനമായ ഓസ്ളോയിലുള്ള എല്ലാ രാജ്യങ്ങളുടെയും അംബാസഡര്‍മാര്‍ക്ക് നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്ഷണക്കത്ത് അയക്കാറുണ്ട്. പങ്കെടുക്കുന്ന വിവരം നവംബര്‍ പതിനഞ്ചിനകം അറിയിക്കണം. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയവരും മറുപടി നല്‍കിയിട്ടില്ല. അതത് സര്‍ക്കാരുകളില്‍നിന്ന് അനുമതി ലഭിച്ചിട്ടില്ല എന്നതാണ് കാരണമെന്ന് പറയുന്നു. ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ളോയിലെ ചൈനീസ് എംബസി മറ്റ് എംബസികള്‍ക്ക് കത്ത് നല്‍കിയിരുന്നു

മഡഗാസ്കറില്‍ പട്ടാളം അധികാരം പിടിച്ചു

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ മഡഗാസ്കറിന്റെ ഭരണം പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടു. തലസ്ഥാനമായ ആന്റനാനറിവോയിലെ വിമാനത്താവളത്തിനടുത്ത സൈനികകേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ ചാള്‍സ് അഡ്രിയാനസോവിനയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ സുരക്ഷാ മേധാവിയും ചാള്‍സിനൊപ്പം ഉണ്ടായിരുന്നു.

രണ്ടു കോടി ജനസംഖ്യയുള്ള മഡഗാസ്കറില്‍ രാഷ്ട്രീയ അനിശ്ചിതത്വം പതിവാണ്. സൈനിക പിന്തുണയോടെ 2009ല്‍ അധികാരമേറിയ പ്രസിഡന്റ് ആന്‍ഡ്രി രജോലിനയെക്കുറിച്ച് ചാള്‍സ് ഒന്നും വെളിപ്പെടുത്തിയില്ല. രജോലിന തലസ്ഥാനത്തുതന്നെയുണ്ടെന്ന് കരുതുന്നു. രജോലിനയുടെ കാലാവധി അനന്തമായി നീട്ടാനുള്ള പുതിയ ഭരണഘടനയുടെ അംഗീകാരത്തിന് വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. ദേശീയതലത്തില്‍ പുനഃസംഘടന നടത്തുമെന്ന് ചാള്‍സ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും രാജ്യത്തെ നയിക്കാന്‍ താല്‍ക്കാലികമായി ഒരു ദേശീയ കമ്മിറ്റി രൂപീകരിക്കുകയുംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാതൃരാജ്യത്തെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യവുമായി രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കും. പലായനംചെയ്തവരോട് തിരിച്ചുവരാന്‍ ആവശ്യപ്പെടും.

അഫ്ഗാനില്‍ നിന്നുള്ള സേനാപിന്മാറ്റം 2014ല്‍ പൂര്‍ത്തിയാകും: യുഎസ്

അഫ്ഗാനിസ്ഥാനില്‍നിന്ന് 2014 ഓടെ പൂര്‍ണമായും പിന്‍വാങ്ങുമെന്ന് അമേരിക്ക. ലിസ്ബണില്‍ നടക്കാനിരിക്കുന്ന സുപ്രധാന നാറ്റോ ഉച്ചകോടിക്കു മുന്നോടിയായാണ് ഈ പ്രഖ്യാപനം. അഫ്ഗാന്‍സേനയ്ക്ക് നിയന്ത്രണം കൈമാറുന്ന നടപടി 2011 മധ്യത്തോടെ ആരംഭിച്ച് 2014ല്‍ പൂര്‍ത്തിയാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ അഫ്ഗാന്‍- പാകിസ്ഥാന്‍ പ്രത്യേക ഉദ്യോഗസ്ഥന്‍ ഡൌ ലൂട്ട് വ്യക്തമാക്കി. സുരക്ഷാ ചുമതല അഫ്ഗാന്‍സേനയ്ക്ക് കൈമാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാറ്റോ ഉച്ചകോടിയിലുണ്ടാകും. പിന്മാറ്റം പൂര്‍ത്തിയായാലും നാറ്റോസേന അഫ്ഗാനിസ്ഥാനുമായി സഹകരണം തുടരുമെന്ന് ലൂട്ട് വ്യക്തമാക്കി.

ബേനസീറിന്റെ കൊലയ്ക്കുപിന്നില്‍ പാക് താലിബാനെന്ന് റിപ്പോര്‍ട്ട്

ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിനു പിന്നില്‍ പാക് താലിബാനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവം നടന്ന് 35 മാസത്തിനുശേഷമാണ് മുഷറഫ് ഭരണകാലത്തു നടത്തിയ അന്വേഷണത്തിലെ വിവരങ്ങളെല്ലാം ശരിവയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. സര്‍ക്കാര്‍ നിയോഗിച്ച സംയുക്ത അന്വേഷണസംഘം റാവല്‍പ്പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഷറഫിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കി.

2007 ഡിസംബര്‍ 27ന് റാവല്‍പ്പിണ്ടിയില്‍ റാലി കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിലാണ് ബേനസീര്‍ കൊല്ലപ്പെട്ടത്. കേന്ദ്ര അന്വേഷണ ഏജന്‍സി മേധാവി ഖാലിദ് ഖുറേഷിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്. മുഷറഫിനെ കാണാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ സര്‍ക്കാരിന് മുഷറഫുമായി ചില ഇടപാടുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ ചോദ്യംചെയ്യാനാകില്ലെന്നും പറഞ്ഞ് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വിലക്കിയെന്ന് മന്ത്രാലയത്തിലെ ഉന്നതര്‍ പറയുന്നു. പട്ടാള ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ തേടാനും അന്വേഷണസംഘത്തിനു സാധിച്ചില്ല. പാക് താലിബാന്‍ മേധാവി ബൈത്തുള്ള മെഹ്സൂദ്, ഇബാദുര്‍ റഹ്മാന്‍ എന്നിവരുമായി ചേര്‍ന്ന് നൌഷേര മദ്രസയിലെ പൂര്‍വ വിദ്യാര്‍ഥികളായ ഇബാദുര്‍ റഹ്മാന്‍, അബ്ദുള്ള, ഫൈസ് മുഹമ്മദ് എന്നിവരാണ് ആക്രമണം ആസൂത്രണംചെയ്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബൈത്തുള്ള മസൂദ് പുറത്തുവിട്ട വീഡിയോ യഥാര്‍ഥമാണെന്ന് സംഘം കണ്ടെത്തി. 48 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ 124 സാക്ഷികളെ പരാമര്‍ശിക്കുന്നു.

റാവല്‍പ്പിണ്ടി മുന്‍ പൊലീസ് മേധാവി സയ്യദ് സൌദ് അസീസ്, മറ്റൊരു പൊലീസ് ഉന്നതനായ ഖുറം ഷഹ്സാദ് എന്നിവര്‍ തങ്ങളുടെ ജോലിയില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. സംഭവം അന്വേഷിക്കുന്ന യുഎന്‍ കമീഷനുമായി ബന്ധപ്പെട്ടെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ബേനസീറിന്റെ ജീവനു ഭീഷണിയുണ്ടെന്ന വിവരം നല്‍കിയ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരില്‍നിന്നും വിവരംതേടി. എന്നാല്‍, ആ വിവരത്തിനു പിന്‍ബലമേകുന്ന ഒരു രേഖയും തങ്ങളുടെ പക്കലില്ലെന്നായിരുന്നു അഫ്ഗാന്‍ വിദേശമന്ത്രാലയത്തിന്റെ മറുപടി. ബേനസീറിന്റെ ജീവനു ഭീഷണിയുണ്ടെന്ന് യുഎഇ സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശാഭിമാനി 201110

1 comment:

  1. രാജ്യദ്രോഹക്കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിക്കുന്ന ചൈനീസ് വിമതനേതാവിന് സമാധാന നൊബേല്‍ പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിനുള്ള ക്ഷണം റഷ്യയടക്കം ആറ് രാജ്യങ്ങള്‍ നിരസിച്ചു. ഇന്ത്യയടക്കം 16 രാജ്യങ്ങള്‍ ക്ഷണക്കത്തിന് മറുപടി നല്‍കിയിട്ടില്ല. 36 രാജ്യങ്ങള്‍ ക്ഷണം സ്വീകരിച്ചതായി നോര്‍വെയിലെ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഗെയര്‍ ലുണ്ടസ്റ്റഡ് പറഞ്ഞു. റഷ്യയെ കൂടാതെ ചൈന, ക്യൂബ, ഇറാഖ്, മൊറോക്കോ, കസാക്കിസ്ഥാന്‍ എന്നിവരാണ് ക്ഷണം തള്ളിയത്.

    ReplyDelete