രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതിലെ അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് യുപിഎ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് സൂചന. അന്വേഷണം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും ജെപിസി അന്വേഷണമെന്ന ആവശ്യം അംഗീകരിക്കാതെ പ്രശ്നം തീര്‍ക്കാന്‍ കഴിയുമോ എന്ന് പരീക്ഷിക്കാനാണ് ധാരണ. വെള്ളിയാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ വഴങ്ങുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. തുടര്‍ച്ചയായ അഞ്ചാം ദിവസവും ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ച സാഹചര്യത്തിലാണ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഈ പ്രശ്നം ചര്‍ച്ച ചെയ്തത്. 1995 മുതലുള്ള ടെലികോം ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്തി ജെപിസി അന്വേഷണം ആകാമെന്ന ചിന്തയും കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍പ്പെടുത്തുകയാണ് ലക്ഷ്യം.
2008ല്‍ രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് നല്‍കിയതില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായെന്ന് സിഎജി സ്ഥിരീകരിച്ചിട്ടുണ്ട്. രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന പ്രശ്നത്തില്‍ മറുപടി നല്‍കുന്നതില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസത്തെ സുപ്രീം കോടതി തന്നെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി തന്നെ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ചേര്‍ന്നത്. ജെപിസി അന്വേഷണം വന്നാല്‍ പ്രധാനമന്ത്രിയെയും അതു ബാധിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ജെപിസി അന്വേഷണത്തിന് ഡിഎംകെയും എതിരാണ്. ഇതൊക്കെയാണെങ്കിലും പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍, ജെപിസിക്ക് കോണ്‍ഗ്രസ് വഴങ്ങിയാലും അത്ഭുതമില്ല.
വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രിക്കു പുറമെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ധനമന്ത്രി പ്രണബ് മുഖര്‍ജി, പ്രതിരോധമന്ത്രി എ കെ ആന്റണി, ആഭ്യന്തരമന്ത്രി പി ചിദംബരം, സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, ടെലികോം മന്ത്രി കപില്‍ സിബല്‍ എന്നിവരാണ് പങ്കെടുത്തത്. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ജെപിസി രൂപീകരണവും ഒരു സാധ്യതയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുമ്പില്‍ മൂന്നു മാര്‍ഗം മാത്രമാണുള്ളത്. നിലവിലുള്ള പ്രതിസന്ധി തുടരാന്‍ അനുവദിക്കുക, ഇടതുപക്ഷം നേരത്തേ ആവശ്യപ്പെട്ടതുപോലെ ഫലപ്രദമായ അന്വേഷണകമീഷനെ വയ്ക്കുക അല്ലെങ്കില്‍ ജെപിസിക്ക് രൂപംനല്‍കുക എന്നിവയാണ് അവയെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ജെപിസി അന്വേഷണം അനുവദിക്കില്ലെന്നും പബ്ളിക്സ് അക്കൌണ്ട്സ് കമ്മിറ്റിക്ക് സിഎജി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാമെന്നുമായിരുന്നു കഴിഞ്ഞദിവസം വരെ കോണ്‍ഗ്രസിന്റെ സമീപനം. സുപ്രീം കോടതി പോലും പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതിനാല്‍ ജെപിസി രൂപീകരിക്കേണ്ടത് അനിവാര്യമായെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാജിവച്ച രാജ തന്നെ പറഞ്ഞത് ലൈസന്‍സ് നല്‍കിയതും മറ്റും പ്രധാനമന്ത്രിയുടെ പൂര്‍ണ അറിവോടെയാണെന്നാണ്. ആരോപണങ്ങളെക്കുറിച്ച് രാജ്യത്തോടും ജനങ്ങളോടും വിശദീകരിക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
(വി ബി പരമേശ്വരന്‍)
കമ്പനികളില്‍നിന്ന് നഷ്ടം ഈടാക്കണം: യെച്ചൂരി
രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് നല്‍കിയതുവഴി കേന്ദ്രഖജനാവിനുണ്ടായ നഷ്ടം കമ്പനികളില്‍നിന്ന് ഈടാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ലൈസന്‍സ് നല്‍കിയതുവഴി 1.76 ലക്ഷം കോടി കേന്ദ്ര ഖജനാവിന് നഷ്ടമുണ്ടായെന്നാണ് സിഎജി കണക്കാക്കിയിട്ടുള്ളത്. അനധികൃതമായി ലൈസന്‍സ് നേടിയ കമ്പനികളില്‍നിന്ന് സര്‍ക്കാര്‍ ഈ തുക ഈടാക്കണമെന്ന് പാര്‍ലമെന്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടു. ഈ തുകയ്ക്ക് ഇന്ത്യയിലെ എല്ലാ കുടുംബത്തിനും കിലോയ്ക്ക് മൂന്നുരൂപ തോതില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയുമായിരുന്നു. ഇത്രയും പേര്‍ക്ക് ഒരു വര്‍ഷം ഭക്ഷ്യധാന്യം നല്‍കാന്‍ 84,399 കോടി രൂപ വേണമെന്നാണ് കണക്കാക്കിയിരുന്നത്-യെച്ചൂരി പറഞ്ഞു.
കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഭൂമി ഇടപാടിനെക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ചോദ്യത്തിന് ഉത്തരമായി യെച്ചൂരി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സിപിഐ എമ്മിന്റെ സംസ്ഥാനഘടകം പ്രക്ഷോഭം നടത്തിവരികയാണ്. എല്ലാ പ്രകൃതിവിഭവങ്ങളും ദേശസാല്‍ക്കരിക്കണമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. ആദര്‍ശ് ഫ്ളാറ്റ് അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവയെക്കുറിച്ചും ജെപിസി അന്വേഷണം ആവാമെന്ന് യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രി വിശദമായ സത്യവാങ്മൂലം നല്‍കണം
സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി നിശ്ശബ്ദത പാലിച്ചതിനെപ്പറ്റി ശനിയാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്തുകൊണ്ട് മറുപടി വൈകിയെന്ന വിശദീകരണമാണ് വേണ്ടത്. രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടും 11 മാസം നടപടി സ്വീകരിക്കാതിരുന്നതിന്റെ കാരണം വിശദീകരിച്ചാകണം സത്യവാങ്മൂലം. ഉത്തരവാദപ്പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥനാകണം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന്‍മേല്‍ വിശദീകരണം നല്‍കാന്‍ ഹര്‍ജികാരനായ സുബ്രഹ്മണ്യസ്വാമിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രധാനമന്ത്രികാര്യാലയവും ഹര്‍ജിക്കാരനായ സുബ്രഹ്മണ്യം സ്വാമിയും തമ്മിലുള്ള കത്തിടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കാമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. എന്നാല്‍, വെറുതെ ഫയലുകള്‍മാത്രം ഹാജരാക്കുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രതികരണം. എന്തുകൊണ്ട് മറുപടി വൈകിയെന്ന വിശദീകരണമേ വസ്തുതകള്‍ മറച്ചുവച്ചിട്ടുണ്ടോയെന്ന് മനസ്സിലാക്കാനും ഉത്തരവാദികളെ കണ്ടെത്താനും സാധിക്കൂ. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
സ്പെക്ട്രം അഴിമതി തടയാന്‍ പ്രധാനമന്ത്രികാര്യാലയം നടപടിയെടുക്കാതിരുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അഴിമതിയുടെ കാര്യത്തില്‍ വ്യക്തമായ വിവരം ലഭിച്ചിട്ടും 11 മാസത്തോളം നിശ്ശബ്ദത പാലിച്ചത് ആശങ്കാജനകമാണെന്ന പ്രതികരണമാണ് കോടതിയില്‍നിന്നുണ്ടായത്. കത്തിടപാടിന്റെ രേഖകളെല്ലാം പരിശോധിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതി നിര്‍ദേശിച്ചിരുന്നു. എല്ലാ രേഖയും പരിശോധിച്ചെന്നും പൂര്‍ണമായും സുതാര്യമാണ് കത്തിടപാടുകളെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍, താന്‍ അഞ്ച് കത്ത് അയച്ചിട്ടും ഒരു കത്തിനുമാത്രമാണ് പ്രധാനമന്ത്രിയില്‍നിന്ന് മറുപടി ലഭിച്ചതെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. 2008ല്‍ താന്‍ ആദ്യത്തെ കത്തയച്ചെങ്കിലും 2010 മാര്‍ച്ചില്‍ മാത്രമാണ് മറുപടി ലഭിച്ചത്. മറ്റ് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. എന്നാല്‍, രാജയില്‍നിന്ന് തനിക്ക് ഒരു കത്ത് ലഭിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ അനുമതി സാധ്യമല്ലെന്ന വിധത്തിലായിരുന്നു കത്ത്- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഈ ഘട്ടത്തില്‍ ഇടപെട്ട കോടതി എങ്ങനെയാണ് രാജയ്ക്ക് കത്തയക്കാന്‍ സാധിക്കുകയെന്ന് ആരാഞ്ഞു. പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ട അധികാരകേന്ദ്രം രാജയല്ല. ഇക്കാര്യം തങ്ങള്‍ക്ക് പരിഗണിക്കാനാകില്ല- കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കാന്‍ കോടതി സോളിസിറ്റര്‍ ജനറലിന് നിര്‍ദേശം നല്‍കിയത്. സ്പെക്ട്രം അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് കോടതി ഫയലില്‍ സ്വീകരിച്ചു.
(എം പ്രശാന്ത്)
സ്പെക്ട്രം: 62 ലൈസന്‍സ് റദ്ദാക്കാന്‍ ട്രായ് ശുപാര്‍ശ
വിവാദ സ്പെക്ട്രം ഇടപാടിലൂടെ അഞ്ച് ടെലികോം കമ്പനികള്‍ക്ക് അനര്‍ഹമായി നല്‍കിയ 62 ലൈസന്‍സുകള്‍ റദ്ദാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. യൂണിനോര്‍, എത്തിസലാത്ത് (സ്വാന്‍), വീഡിയോകോ, ലൂപ്പ്, സിസ്റ്റെമ എന്നീ കമ്പനികളുടെ 62 ലൈസന്‍സുകള്‍ റദ്ദാക്കാനാണ് ശുപാര്‍ശ. കരാര്‍പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാത്തതിനും ക്രമരഹിതമായി ശൃംഖലകള്‍ക്ക് തുടക്കമിട്ടതിനുമാണ് ലൈസന്‍സുകള്‍ റദ്ദാക്കാന്‍ ട്രായ് ശുപാര്‍ശ ചെയ്തത്. 2008ല്‍ 2ജി സ്പെക്ട്രം വിതരണത്തില്‍ നടത്തിയ ക്രമക്കേടുകള്‍ വഴി 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിഎജി കണ്ടെത്തിയതിന് പിന്നാലെയാണ് വിവാദ കമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള ട്രായ് ശുപാര്‍ശ. എത്തിസലാത്തിന് (നേരത്തെ സ്വാന്‍ എന്ന പേരില്‍ അറിയപ്പെട്ട കമ്പനി) 15 ടെലികോം സര്‍ക്കിളുകളില്‍ നല്‍കിയ ലൈസന്‍സുകള്‍, യൂണിടെക് ഗ്രൂപ്പിന്റെ യൂണിനോറിന് എട്ട് സര്‍ക്കിളുകളില്‍ നല്‍കിയ ലൈസന്‍സ്, റഷ്യയിലെ സിസ്റ്റെമയും ഇന്ത്യയിലെ ശ്യാം ഗ്രൂപ്പും ചേര്‍ന്നുള്ള സിസ്റ്റെമ- ശ്യാമിന് പത്ത് സര്‍ക്കിളുകളില്‍ നല്‍കിയ ലൈസന്‍സ്, വീഡിയോകോ ഗ്രൂപ്പിന്റെ പത്ത് ലൈസന്‍സുകള്‍, ലൂപ്പ് ടെലികോമിന്റെ 19 ലൈസന്‍സുകള്‍ എന്നിവയാണ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തത്. അനില്‍ അംബാനി ഗ്രൂപ്പിന്റെ ബിനാമി സ്ഥാപനമെന്ന് സിഎജി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുള്ള കമ്പനിയാണ് പിന്നീട് എത്തിസലാത്ത് ആയി മാറിയ സ്വാന്‍ ഗ്രൂപ്പ്. ലൈസന്‍സ് ലഭിച്ചശേഷം, കരാര്‍ പ്രകാരമുള്ള ഉറപ്പുകള്‍ പാലിക്കാത്തതിനാണ് എത്തിസലാത്ത്, യൂണിനോര്‍, ലൂപ്പ്, സിസ്റ്റെമ എന്നിവയുടെ 34 ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള ശുപാര്‍ശ. ക്രമരഹിതമായി സര്‍വീസ് ആരംഭിച്ചതിന്റെ പേരിലാണ് ശേഷിക്കുന്ന 28 ലൈസന്‍സുകള്‍ റദ്ദാക്കിയത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് സ്പെക്ട്രം പണം
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഎംകെയും ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും ഒഴുക്കിയത് സ്പെക്ട്രം അഴിമതിപ്പണം. ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം ലൈസന്‍സ് വിതരണവുമായി ബന്ധപ്പെട്ട് മുപ്പതിനായിരം കോടിയോളം രൂപയാണ് കോര്‍പറേറ്റുകള്‍ കോണ്‍ഗ്രസിനും മറ്റുപാര്‍ടികള്‍ക്കും കോഴയായി നല്‍കിയത്. 2007-08 കാലയളവില്‍ നടന്ന ഇടപാടിലൂടെ ലഭിച്ച പണത്തില്‍ നല്ല പങ്കും 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ കക്ഷികള്‍ ഒഴുക്കുകയായിരുന്നു. അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിച്ച മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും സ്പെക്ട്രം ഇടപാടിലൂടെ ഭരണകക്ഷി നേതാക്കള്‍ വലിയ തോതില്‍ പണം സമ്പാദിച്ചതായി സാക്ഷ്യപ്പെടുത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അറിവോടെയാണ് കോണ്‍ഗ്രസ് അഴിമതിപ്പണം വാങ്ങിയതെന്ന് സുപ്രീംകോടതിയില്‍ സ്പെക്ട്രം കേസ് നടത്തുന്ന സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു. ഈ പണത്തില്‍ ഒരു ഭാഗമാണ് 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപയോഗിച്ചത്. മുമ്പെങ്ങുമില്ലാത്ത ഭീമമായ വിധത്തിലാണ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണമൊഴുക്കിയത്-സ്വാമി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിഎംകെ ഒഴുക്കിയതും സ്പെക്ട്രം പണംതന്നെയാണ്. തമിഴ്നാട്ടില്‍ ഡിഎംകെ മത്സരിച്ച മണ്ഡലങ്ങളില്‍ 25 കോടി വീതമാണ് രാജയുടെ വകയായി മാത്രം ചെലവഴിച്ചത്. 2ജി ലൈസന്‍സ് നേടിയ സ്വാന്‍ എന്ന കമ്പനിയില്‍ ഏതാണ്ട് 350 കോടിയുടെ ഓഹരിയാണ് ഡിഎംകെ നേതാക്കള്‍ക്കുണ്ടായിരുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വലിയ തോതില്‍ പണം ചെലവഴിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനു വേണ്ടി ഡല്‍ഹിയില്‍നിന്ന് കൊണ്ടുവന്ന കള്ളപ്പണം യൂത്ത്കോണ്‍ഗ്രസ് നേതാവ് മുക്കിയത് ഏറെ വിവാദമായിരുന്നു. ഇത്തരത്തില്‍ കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും കോടിക്കണക്കിന് രൂപ ഡല്‍ഹിയില്‍നിന്ന് ലഭിച്ചിരുന്നു. തമിഴ്നാട്ടില്‍ ഡിഎംകെ വ്യാപകമായി പണം ചെലവഴിച്ചതിന് മധുരയില്‍ അഴഗിരിയുടെ ജയംതന്നെയാണ് ഉദാഹരണം. ഓരോ വോട്ടര്‍ക്കും പണവും മറ്റ് സമ്മാനങ്ങളും നല്‍കിയായിരുന്നു അഴഗിരിയുടെ വോട്ടുപിടിത്തം. മധുരയില്‍മാത്രം കോടികളാണ് ഡിഎംകെ ഒഴുക്കിയത്.
ദേശാഭിമാനി 191110
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഎംകെയും ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും ഒഴുക്കിയത് സ്പെക്ട്രം അഴിമതിപ്പണം. ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം ലൈസന്‍സ് വിതരണവുമായി ബന്ധപ്പെട്ട് മുപ്പതിനായിരം കോടിയോളം രൂപയാണ് കോര്‍പറേറ്റുകള്‍ കോണ്‍ഗ്രസിനും മറ്റുപാര്‍ടികള്‍ക്കും കോഴയായി നല്‍കിയത്. 2007-08 കാലയളവില്‍ നടന്ന ഇടപാടിലൂടെ ലഭിച്ച പണത്തില്‍ നല്ല പങ്കും 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ കക്ഷികള്‍ ഒഴുക്കുകയായിരുന്നു. അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിച്ച മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും സ്പെക്ട്രം ഇടപാടിലൂടെ ഭരണകക്ഷി നേതാക്കള്‍ വലിയ തോതില്‍ പണം സമ്പാദിച്ചതായി സാക്ഷ്യപ്പെടുത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അറിവോടെയാണ് കോണ്‍ഗ്രസ് അഴിമതിപ്പണം വാങ്ങിയതെന്ന് സുപ്രീംകോടതിയില്‍ സ്പെക്ട്രം കേസ് നടത്തുന്ന സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു. ഈ പണത്തില്‍ ഒരു ഭാഗമാണ് 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപയോഗിച്ചത്. മുമ്പെങ്ങുമില്ലാത്ത ഭീമമായ വിധത്തിലാണ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണമൊഴുക്കിയത്-സ്വാമി പറഞ്ഞു.
ReplyDelete