Wednesday, November 17, 2010

അധ്യാപകന് തലസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം

മതതീവ്രവാദികള്‍ കൈവെട്ടിയ പ്രൊഫ. ടി ജെ ജോസഫിന് തലസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം. ജോസഫിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന കോളേജ് മാനേജ്മെന്റിന്റെ നിലപാടിനെ തിരുവനന്തപുരം വിജെടി ഹാളില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷന്‍ അപലപിച്ചു. വന്‍ ജനാവലി പങ്കെടുത്ത കണ്‍‌വെന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ദുരിതദിനങ്ങളില്‍ പൊതുസമൂഹം നല്‍കിയ പിന്തുണയും സ്നേഹവുമാണ് തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്ന് പ്രൊഫ. ജോസഫ് പറഞ്ഞു. തന്റെ സ്ഥിതി കണ്ടുംകേട്ടുമറിഞ്ഞ് ഒരുപാട് മനുഷ്യസ്നേഹികള്‍ എല്ലാരീതിയിലും സഹായിക്കാന്‍ മുന്നോട്ടുവന്നു. ഉണ്ടായ അപകടങ്ങളിലൊന്നും ഇപ്പോള്‍ അത്ര വിഷമമില്ല. സ്നേഹവും നന്മയുമൊക്കെ ഈ ലോകത്തുനിന്ന് ഇല്ലാതായിട്ടില്ലെന്നു തെളിയിക്കുന്ന അനുഭവമാണ് കഴിഞ്ഞ മൂന്നുനാലുമാസത്തിനിടെ തനിക്ക് ഉണ്ടായത്. ഒരുപരിചയവുമില്ലാത്ത ആള്‍ക്കാരുടെ സ്നേഹം തന്നെ കരയിച്ചു. ഇതുവരെയുള്ള അനുഭവങ്ങള്‍ നേട്ടമായി കരുതുന്നു. നന്മയും ന്യായവുമൊക്കെ ആഗ്രഹിക്കുന്നവരാണ് ലോകത്ത് കൂടുതലെന്നു മനസിലാക്കാന്‍ കഴിഞ്ഞു. നഷ്ടപ്പെട്ടുവെന്നു കരുതിയ മതേതരത്വവും വിശാലവീക്ഷണവും പുനഃരുജ്ജീവിപ്പിക്കാന്‍ ഈ സംഭവങ്ങളിലൂടെ കഴിയുമെങ്കില്‍ താന്‍ കൃതാര്‍ഥനായെന്നും ജോസഫ് പറഞ്ഞു.

സഹോദരി സിസ്റ്റര്‍ സ്റ്റെല്ലയ്ക്കൊപ്പമാണ് ജോസഫ് സ്വീകരണത്തിനെത്തിയത്. പന്ന്യന്‍ രവീന്ദ്രന്‍, ഡോ. നൈനാന്‍കോശി, ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി, സി ഗൌരീദാസന്‍നായര്‍, പുതുശേരി രാമചന്ദ്രന്‍, കെ ഇ എന്‍, അലോഷ്യസ് ഡി ഫെര്‍ണാണ്ടസ്, എ ശ്രീകുമാര്‍, വി രാജേന്ദ്രന്‍, കെ ജയകുമാര്‍, കെ ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി രഘുനാഥ് അധ്യക്ഷനായി.

ദേശാഭിമാനി 171110

2 comments:

  1. മതതീവ്രവാദികള്‍ കൈവെട്ടിയ പ്രൊഫ. ടി ജെ ജോസഫിന് തലസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം. ജോസഫിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന കോളേജ് മാനേജ്മെന്റിന്റെ നിലപാടിനെ തിരുവനന്തപുരം വിജെടി ഹാളില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷന്‍ അപലപിച്ചു.

    ReplyDelete
  2. തൊടുപുഴ ന്യൂമാന്‍ കോളേജില്‍നിന്ന് പ്രൊഫ. ടി ജെ ജോസഫിനെ അന്യായമായി പിരിച്ചുവിട്ട നടപടി തിരുത്താനും അദ്ദേഹത്തെ നിരുപാധികം തിരിച്ചെടുക്കാനും മാനേജ്മെന്റ് തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളീയ പൊതുസമൂഹം ഒറ്റക്കെട്ടായി ടി ജെ ജോസഫിനൊപ്പമാണെന്ന് ഇവര്‍ തിരിച്ചറിയണം. ഇതു മനസ്സിലാക്കി മാനേജ്മെന്റില്‍ സമ്മര്‍ദം ചെലുത്താന്‍ സഭ തയ്യാറാകണമെന്ന് പിണറായി പറഞ്ഞു. ടി ജെ ജോസഫിന് സ്വീകരണം നല്‍കി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ കവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. ജോസഫ് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികളുണ്ട്. എന്നാല്‍, അതിന്കാത്തുനില്‍ക്കാതെ സാധാരണ നിയമസംവിധാനത്തെ അട്ടിമറിക്കുകയായിരുന്നു മതതീവ്രവാദികളും മാനേജ്മെന്റും. പോപ്പുലര്‍ ഫ്രണ്ട് ജോസഫിന്റെ കൈവെട്ടിയപ്പോള്‍ മാനേജ്മെന്റ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഹീനമായ ഈ നടപടികളിലൂടെ ഇരുകൂട്ടരും തമ്മില്‍ വ്യത്യാസമില്ലെന്ന് തെളിയിച്ചു. ജോസഫിന്റെ കാര്യത്തില്‍ ഇരുകൂട്ടരും യോജിച്ചു. സംഭവത്തെ സമൂഹമാകെ അപലപിച്ചപ്പോള്‍ മാനേജ്മെന്റിനെ ന്യായീകരിക്കുന്ന നിലപാട് സഭയുടെ ഭാഗത്തുനിന്നുണ്ടായി. മുസ്ളിം സമുദായം മാപ്പുനല്‍കിയാല്‍ ജോസഫിനെ തിരികെ എടുക്കാമെന്നാണ് സഭ പറഞ്ഞത്. മുസ്ളിം സമുദായവും പണ്ഡിതരുമെല്ലാം സംഭവത്തെ അപലപിച്ചിരിക്കെ, ദൌര്‍ഭാഗ്യവശാല്‍ സഭ സമുദായമായി കാണുന്നത് പോപ്പുലര്‍ ഫ്രണ്ടിനെയാണ്. ഇത് അപകടകരമാണ്. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ പ്രതിയായ അനസ് ബ്ളോക്ക് പഞ്ചായത്ത് അംഗമായി ജയിച്ചത് കോണ്‍ഗ്രസ്- യുഡിഎഫ് സഹായത്തോടെയാണ്. കോണ്‍ഗ്രസിന് നല്ല സ്വാധീനമുള്ള ഡിവിഷനില്‍ 1900ലധികം വോട്ടിനാണ് ഇയാള്‍ വിജയിച്ചത്. ആകെയുള്ള എട്ട് ബ്ളോക്ക് ഡിവിഷനില്‍ ഏഴിലും യുഡിഎഫാണ് വിജയിച്ചത്. ഒരു വാര്‍ഡില്‍ മതതീവ്രവാദസംഘടനയുടെ പ്രവര്‍ത്തകന്‍ വിജയിച്ചതിനുപിന്നിലെ മറിമായം എന്തെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. സ്വന്തം വോട്ട് അവര്‍ക്ക് മറിച്ചുനല്‍കുകയായിരുന്നു യുഡിഎഫ്. ഇത് അപകടകരമാണ്. വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനും എതിരായി ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും പിണറായി പറഞ്ഞു.

    ReplyDelete