Wednesday, November 17, 2010

പുറത്തേക്കുള്ള വഴിയില്‍ ഊഴംകാത്ത് മന്ത്രിപ്പട

ഐപിഎല്ലില്‍ ശശി തരൂര്‍, ആദര്‍ശ് ഫ്ളാറ്റില്‍ അശോക് ചവാന്‍, സ്പെക്ട്രത്തില്‍ എ രാജ... കേന്ദ്രമന്ത്രിസഭയില്‍നിന്നുള്ള അഴിമതിക്കാരുടെ രാജിപ്പട്ടിക നീളുകയാണ്. ആരോപണവിധേയര്‍ ഇനിയുമുണ്ട്. അടുത്ത രാജി ആരുടേതെന്ന ആശങ്കയാണ് രണ്ടാം യുപിഎ സര്‍ക്കാരിനെ വേട്ടയാടുന്നത്. ഫ്ളാറ്റ് അഴിമതിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ കൂട്ടാളികളായ വിലാസ്റാവു ദേശ്മുഖും സുശീല്‍കുമാര്‍ ഷിന്‍ഡെയും കേന്ദ്രമന്ത്രിസഭയില്‍ തുടരുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണത്തിന് നേതൃത്വം നല്‍കിയ എ രാജയെ രണ്ടുവര്‍ഷം സ്വന്തം ചിറകിനടിയില്‍ സംരക്ഷിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസും പ്രതിക്കൂട്ടിലാവുകയാണ്.

അഴിമതിക്കെതിരായ കോണ്‍ഗ്രസിന്റെ നടപടികളിലെ ആത്മാര്‍ഥതയില്ലായ്മ വെളിവാക്കുന്നതാണ് സ്പെക്ട്രം ഇടപാട്. 2008ലാണ് ഒമ്പത് കമ്പനിക്ക് രണ്ടാംതലമുറ സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എ രാജ വമ്പന്‍ അഴിമതി നടത്തിയത്. രണ്ടുവര്‍ഷത്തിനിടെ രാജയുടെ അഴിമതി നഗ്നമായി വെളിവാക്കുന്ന നിരവധി തെളിവ് പുറത്തുവന്നെങ്കിലും അതെല്ലാം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചു. പൊതുഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കിയ രാജയ്ക്കെതിരെ ശക്തമായ വിമര്‍ശവുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും രംഗത്തെത്തിയിട്ടും പ്രധാനമന്ത്രി രാജയെ സംരക്ഷിക്കുകയായിരുന്നു.

ശശി തരൂരാണ് ഐപിഎല്‍ ക്രിക്കറ്റ് അഴിമതിവിവാദത്തിലകപ്പെട്ട് രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്ന് ആദ്യം പുറത്തായത്. ഏപ്രില്‍ 19നാണ് തരൂര്‍ രാജിവച്ചത്. തരൂരിന്റെ അന്നത്തെ കാമുകിയും ഇന്നത്തെ ഭാര്യയുമായ സുനന്ദ പുഷ്കറിന് കൊച്ചി ഐപിഎല്‍ ടീമില്‍ 70 കോടി രൂപയുടെ 'വിയര്‍പ്പ് ഓഹരി' അനുവദിച്ചത് വെളിപ്പെട്ടതോടെയാണ് തരൂരിന്റെ കസേര തെറിച്ചത്.

കാര്‍ഗില്‍യുദ്ധത്തില്‍ രക്തസാക്ഷികളായ ജവാന്മാരുടെ വിധവകള്‍ക്കും രാജ്യത്തിനായി പോരാടിയ സൈനികര്‍ക്കുമായി മുംബൈയില്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ കൈയടക്കിയ കേസില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം പ്രതിക്കൂട്ടിലായി. മുഖ്യമന്ത്രിയായ അശോക് ചവാനെ രാജിവയ്പിച്ച് മുഖംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും കൂട്ടാളികള്‍ ഇപ്പോഴും മന്‍മോഹന്‍മന്ത്രിസഭയില്‍ തുടരുന്നു. ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ മാനം കെടുത്തിയ കോമവെല്‍ത്ത് ഗെയിംസ് അഴിമതിക്ക് ചുക്കാന്‍പിടിച്ച സുരേഷ് കല്‍മാഡി കോണ്‍ഗ്രസ് എംപിയായി തുടരുകയാണ്. 75,000 കോടിയോളം രൂപ പൊടിച്ച ഗെയിംസില്‍ പതിനായിരക്കണക്കിന് കോടി രൂപ വെട്ടിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലെ പലര്‍ക്കും ഇതിന്റെ വിഹിതം കല്‍മാഡി കൃത്യമായി എത്തിക്കുകയും ചെയ്തു. ഗെയിംസ് വില്ലേജടക്കം എല്ലാ നിര്‍മാണപ്രവര്‍ത്തനത്തിലും അഴിമതിയും ക്രമക്കേടും നടന്നെന്ന് സിഎജിതന്നെ വ്യക്തമാക്കിയെങ്കിലും കല്‍മാഡി സംഘാടകസമിതിയുടെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയും തലപ്പത്ത് സുരക്ഷിതനായി തുടരുന്നു. പ്രധാനമന്ത്രിയോ സോണിയ ഗാന്ധിയോ ആവശ്യപ്പെട്ടാല്‍ സ്ഥാനം ഒഴിയാമെന്നാണ് കല്‍മാഡി പറഞ്ഞത്. എന്നാല്‍, മന്‍മോഹനോ സോണിയയോ ഇതിനോട് പ്രതികരിക്കുകപോലും ചെയ്തില്ല.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 161110

1 comment:

  1. ഐപിഎല്ലില്‍ ശശി തരൂര്‍, ആദര്‍ശ് ഫ്ളാറ്റില്‍ അശോക് ചവാന്‍, സ്പെക്ട്രത്തില്‍ എ രാജ... കേന്ദ്രമന്ത്രിസഭയില്‍നിന്നുള്ള അഴിമതിക്കാരുടെ രാജിപ്പട്ടിക നീളുകയാണ്. ആരോപണവിധേയര്‍ ഇനിയുമുണ്ട്. അടുത്ത രാജി ആരുടേതെന്ന ആശങ്കയാണ് രണ്ടാം യുപിഎ സര്‍ക്കാരിനെ വേട്ടയാടുന്നത്.

    ReplyDelete