Saturday, November 20, 2010

അഴിമതിക്കേസില്‍ പുറത്തായ രാജയ്ക്കായി ഡി എം കെ ജാതിക്കാര്‍ഡിറക്കുന്നു

രണ്ടാം തലമുറ സ്‌പെക്ട്രം അഴിമതി കേസില്‍പ്പെട്ട് അധികാരമൊഴിയേണ്ടി വന്ന കേന്ദ്ര ടെലികോം മന്ത്രി എ രാജയെ ഹീറോ ആയി ചിത്രീകരിക്കാന്‍ ഡി എം കെ, തമിഴ് രാഷ്ട്രീയത്തില്‍ പുതിയ ജാതിക്കാര്‍ഡ് കളിക്കുന്നു. രാജിവെച്ച ശേഷം ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ രാജയ്ക്ക് വന്‍ വരവേല്‍പ്പാണ് ഡി എം കെ ഒരുക്കിയത്. രാജയുടെ രാജി എ ഐ എ ഡി എം കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുതലെടുക്കാന്‍ കഴിയരുതെന്ന ഉദ്ദേശത്തോടെയാണ് അഴിമതി കേസിന് പുതിയ മാനം സൃഷ്ടിക്കാന്‍ ശ്രമം. ജനാധിപത്യ സംവിധാനത്തില്‍ ബ്രാഹ്മണ മേല്‍ക്കോയ്മ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നതിന് തെളിവാണ് ദളിതനായ രാജയുടെ രാജിയെന്നതായിരുന്നു സ്വീകരണത്തിലെ മുഖ്യമുദ്രാവാക്യം. കരുണാനിധിയുടെ ചെറുമകന്‍ ദയാനിധിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയപ്പോഴും രാജയ്ക്ക് വന്‍ സ്വീകരണമാണ് ഡി എം കെ പ്രവര്‍ത്തകര്‍ ഒരുക്കിയത്. അവിടെയും ബ്രാഹ്മണാധിപത്യത്തിന്റെ ഇരയായിട്ടാണ് രാജയെ ചിത്രീകരിച്ചത്.

ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകള്‍ ഉള്‍പ്പെടുന്ന രാജയുടെ ലോക്‌സഭാ മണ്ഡലമായ നീലഗിരിയുടെ പലഭാഗത്തും സ്ഥാനമൊഴിഞ്ഞ മന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഡി എം കെ പ്രാദേശിക ഘടകങ്ങള്‍ ബാനറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിലും രാജയുടെ രാജിക്ക് കാരണം ജനാധിപത്യ സംവിധാനത്തിലെ ബ്രാഹ്മണ മേല്‍ക്കോയ്മയെന്നാണ് ചേര്‍ത്തിട്ടുള്ളത്. ദളിത് സമുദായത്തില്‍ നിന്നുള്ളയാള്‍ രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്നത് ബ്രാഹ്മണര്‍ അടക്കമുള്ള സവര്‍ണര്‍ക്ക് ദഹിക്കുന്നില്ലെന്ന് വിശദീകരിക്കാന്‍ ഡി എം കെ പ്രവര്‍ത്തകര്‍ പ്രാദേശികമായി പ്രചരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. രണ്ടാംതലമുറ സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ജാതി രാഷ്ട്രീയം കളിച്ചാല്‍ മാത്രമെ  നാല് മാസങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രക്ഷയുള്ളൂവെന്ന തിരിച്ചറിവാണ് ഡി എം കെയെ ഇത്തരമൊരു പ്രചാരണത്തിന് പ്രേരിപ്പിക്കുന്നത്.

ഒന്നേമുക്കാല്‍ ലക്ഷം കോടിയിലേറെ രൂപയുടെ അഴിമതിയിലൂടെ ലഭിച്ച വിഹിതത്തിന്റെ തിളക്കം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ മത്സരിച്ച നീലഗിരി മണ്ഡലത്തിലെങ്ങും പ്രകടമായിരുന്നു. ഒരോ വാര്‍ഡ് കമ്മിറ്റിക്കും തിരഞ്ഞെടുപ്പ് ചെലവിലേക്ക് കൊടുത്തത് അര ലക്ഷം രൂപ വീതമാണ്. കൂടുതല്‍ തുക ആവശ്യപ്പെട്ടവര്‍ക്കെല്ലാം അതും കൊടുത്തു. ഡി എം കെയുടെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കള്‍ക്കും തിരഞ്ഞെടുപ്പ് കൊയ്ത്തുകാലമായിരുന്നു. ഒരു ലക്ഷം മുതല്‍ മുകളിലേക്കുള്ള തുകയാണ് മണ്ഡലം നേതാക്കള്‍ക്ക്  ലഭിച്ചത്. വാഹനങ്ങളില്‍ ചാക്കുകെട്ടുകളാക്കിയാണ് പണം ഒരോ കേന്ദ്രത്തിലും എത്തിച്ചത്. നിര്‍ധനരായ വോട്ടര്‍മാര്‍ക്ക് ആയിരം രൂപയുടെ പുത്തന്‍ നോട്ടുമായുള്ള കവറും വിതരണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ശേഷം വോട്ടര്‍മാരോട് രാജ നന്ദി പറഞ്ഞത് എല്ലാ പത്രങ്ങളിലും ഒരു പേജ് കളര്‍ പരസ്യം നല്‍കിയാണ്. മലയാളത്തിലെ രണ്ട് പത്രങ്ങള്‍ക്കും അര പേജ് കളര്‍ പരസ്യം ലഭിച്ചിരുന്നു. രാജയുടെ രാജി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ ബാധിച്ചെങ്കിലും നീലഗിരി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് രാജ പ്രിയങ്കരനാണ്. അതിന് പിന്നിലും സാമ്പത്തിക താല്‍പര്യമെന്ന് വ്യക്തം.

കേന്ദ്രത്തില്‍ ഇനി മന്ത്രിപദവി ലഭിക്കില്ലെന്ന് ഉറപ്പായാല്‍ എം പി സ്ഥാനം രാജിവെച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജയെ മല്‍സരിപ്പിക്കണമെന്ന് നീലഗിരി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡി എം കെ ആസ്ഥാനത്തേക്ക് നിവേദനങ്ങള്‍ പ്രവഹിക്കുകയാണ്. സംസ്ഥാന സര്‍ക്കാറില്‍ മുഖ്യ വകുപ്പ് കൊടുത്ത് രാജയുടെ സാന്നിധ്യം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവരില്‍ ഘടക കക്ഷിയായ കോണ്‍ഗ്രസും ഉണ്ട്.

janayugom 211110

1 comment:

  1. രണ്ടാം തലമുറ സ്‌പെക്ട്രം അഴിമതി കേസില്‍പ്പെട്ട് അധികാരമൊഴിയേണ്ടി വന്ന കേന്ദ്ര ടെലികോം മന്ത്രി എ രാജയെ ഹീറോ ആയി ചിത്രീകരിക്കാന്‍ ഡി എം കെ, തമിഴ് രാഷ്ട്രീയത്തില്‍ പുതിയ ജാതിക്കാര്‍ഡ് കളിക്കുന്നു. രാജിവെച്ച ശേഷം ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ രാജയ്ക്ക് വന്‍ വരവേല്‍പ്പാണ് ഡി എം കെ ഒരുക്കിയത്. രാജയുടെ രാജി എ ഐ എ ഡി എം കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുതലെടുക്കാന്‍ കഴിയരുതെന്ന ഉദ്ദേശത്തോടെയാണ് അഴിമതി കേസിന് പുതിയ മാനം സൃഷ്ടിക്കാന്‍ ശ്രമം. ജനാധിപത്യ സംവിധാനത്തില്‍ ബ്രാഹ്മണ മേല്‍ക്കോയ്മ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നതിന് തെളിവാണ് ദളിതനായ രാജയുടെ രാജിയെന്നതായിരുന്നു സ്വീകരണത്തിലെ മുഖ്യമുദ്രാവാക്യം. കരുണാനിധിയുടെ ചെറുമകന്‍ ദയാനിധിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയപ്പോഴും രാജയ്ക്ക് വന്‍ സ്വീകരണമാണ് ഡി എം കെ പ്രവര്‍ത്തകര്‍ ഒരുക്കിയത്. അവിടെയും ബ്രാഹ്മണാധിപത്യത്തിന്റെ ഇരയായിട്ടാണ് രാജയെ ചിത്രീകരിച്ചത്.

    ReplyDelete