Monday, May 30, 2011

അവര്‍ പറയുന്നു 1

കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കാനുള്ള ചങ്കൂറ്റം ഉമ്മന്‍ചാണ്ടിക്കില്ല: വി എസ്

ആലപ്പുഴ: വകുപ്പ് വിഭജനക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ എതിര്‍ത്തുപറയാനുള്ള ചങ്കൂറ്റം ഉമ്മന്‍ചാണ്ടിക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിപിഐ എം കണ്ണര്‍കാട് ലോക്കല്‍കമ്മറ്റി ഓഫീസായ പി ആര്‍ തങ്കപ്പന്‍ സ്മാരകം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞാലിക്കുട്ടി ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ മുഖ്യമന്ത്രി ഇരിക്കുന്നിടം നനയും. അസംബ്ലി നടക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മൂത്രം ഒഴിക്കാന്‍ പോലും പോകാനാകാത്ത അവസ്ഥയാണ്. അത്രയേറെ കരുതലോടെയാണ് കേരളജനത യുഡിഎഫിനെ വെച്ചുകെട്ടിയിരിക്കുന്നത്. യുഡിഎഫ് മന്ത്രിമാര്‍ക്ക് നല്‍കിയ വകുപ്പുകളില്‍ ഓരോന്നിലും കൈയേറ്റം നടക്കുകയാണ്. ഇത് സംബന്ധിച്ച് പരാതി പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കുന്നില്ല. പഞ്ചായത്തുകളില്‍ ഗ്രാമ ഭരണം എന്ന വകുപ്പ് മാത്രം ലീഗ് മന്ത്രിയായ മുനീറിന് നല്‍കി. കോര്‍പറേഷനും മുനിസിപ്പാലിറ്റിയും കുഞ്ഞാലിക്കുട്ടി കൈവശം വച്ചിരിക്കുകയാണ്. നഗരങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന വലിയ കെട്ടിടങ്ങളുടെ അപേക്ഷയുമായി വരുന്നവരുടെ കൈയില്‍ നിന്നും പണം പിരിക്കുന്നതിനാണിത്. ഇങ്ങനെ ലഭിക്കുന്ന പണം മുനീറിന് കിട്ടാതെ സ്വന്തം പോക്കറ്റില്‍ വീഴണമെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്. ഒരു വകുപ്പിന് മൂന്നു മന്ത്രിമാരുള്ള സ്ഥിതിയാണ്. വകുപ്പു വിഭജനം സംബന്ധിച്ച വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിട്ടുണ്ടെന്നു വി എസ് പറഞ്ഞു. യോഗത്തില്‍ ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനായി.

ഭരണനിയന്ത്രണം ലീഗിന്: കോടിയേരി

തലശേരി: സംസ്ഥാന ഭരണത്തിന്റെ നിയന്ത്രണം മുസ്ലിംലീഗ് ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലിംലീഗ് മന്ത്രിമാരെ മാത്രമല്ല, വകുപ്പുകളും ഇത്തവണ പാണക്കാട് തങ്ങളാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാണ് മന്ത്രിമാരുടെ വകുപ്പുകള്‍ സാധാരണ നിശ്ചയിക്കുക. ഇത്തവണ അതുണ്ടായില്ല. തലശേരി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുവിഭജനത്തോടെ യുഡിഎഫില്‍ അടിയാണ്. വകുപ്പുകള്‍ പോരാതെ വന്നപ്പോള്‍ വെട്ടിമുറിക്കാന്‍ തുടങ്ങി. തദ്ദേശഭരണവകുപ്പിന് ഇപ്പോള്‍ മൂന്ന് മന്ത്രിമാരാണ്. സാംസ്കാരിക വകുപ്പിനും മന്ത്രിമാര്‍ മൂന്നായി. സിനിമക്ക് ഒരു മന്ത്രി, നാടകത്തിന് മറ്റൊരാള്‍ ഇങ്ങനെ പോകുന്നു വകുപ്പുകള്‍ . തലങ്ങും വിലങ്ങും വകുപ്പുകള്‍ മുറിച്ച് മന്ത്രിസഭാ രൂപീകരണംതന്നെ അപഹാസ്യമാക്കി.

ജനവിരുദ്ധ നടപടികളുടെ ഘോഷയാത്രയാണിപ്പോള്‍ . പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് രാജ്യത്തെ ശിക്ഷിച്ചത്. ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം പത്തു ലക്ഷമായി കുറയ്ക്കുകയാണ്. 20 രൂപ വരുമാനമുള്ളവരെല്ലാം എപിഎല്‍ ആകും. 24 ലക്ഷം കുടുംബങ്ങളാണ് ബിപിഎല്‍ പട്ടികയില്‍നിന്ന് പുറത്താവുക. പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുകയാണ്. ചെറുകിട വ്യാപാരമേഖലയിലും വിദേശനിക്ഷേപം കൊണ്ടുവരികയാണ്. രാജ്യത്തെ കോടിക്കണക്കിന് ചെറുകിട വ്യാപാരികളുടെ കഞ്ഞികുടി മുട്ടിക്കുന്ന നടപടിയാണിത്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍പോവുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ശമ്പളം കൂട്ടിക്കൊടുത്താണ് സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിച്ചത്. ഇതുമൂലം എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താന്‍ കഴിഞ്ഞു. അതാണ് ഇല്ലാതാക്കുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ ശക്തമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.

ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമം: വി എസ്


കൊച്ചി: അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി പി സി ഐപ്പിനെ നിയമിച്ചതിലൂടെ കേസുകള്‍ അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് കുത്സിതപ്രവൃത്തിയും ചെയ്യാന്‍ മടിക്കില്ലെന്നു വ്യക്തമായതായി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഐസ്ക്രീം കേസിലെ കഥാനായകന്‍ മന്ത്രിയായപ്പോള്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായ ആളെ അഡീഷണല്‍ എജിയായി അവരോധിച്ചത് ആരെയൊക്കയോ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ജേണലിസ്റ്റ് ഇനിഷ്യേറ്റീവിന്റെ "ജുഡീഷ്യറി, ജനാധിപത്യം, പൊതുതാല്‍പ്പര്യം" എന്ന സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

എക്സിക്യൂട്ടീവ്, ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനുതെളിവാണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്. ഇതില്‍ ജഡ്ജിമാരെ സ്വാധീനിച്ചുവെന്ന് വെളിപ്പെടുത്തിയത് ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രിയുടെ ബന്ധുതന്നെ. സ്റ്റേറ്റ് അറ്റോര്‍ണിയായിരുന്ന വ്യക്തിയാണ് ഇടനിലക്കാരനായത്. അദ്ദേഹത്തെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആരോപണവിധേയനായ ആ വ്യക്തിയെയാണ് ഇപ്പോള്‍ അഡീഷണല്‍ എജിയായി അവരോധിച്ചിരിക്കുന്നത്. എന്നാല്‍ , കേസ് അട്ടിമറിക്കാന്‍ എന്തൊക്കെ ചെയ്താലും സത്യം എല്ലാക്കാലത്തേക്കും മറച്ചുവയ്ക്കാന്‍ കഴിയുമെന്ന് കരുതുന്നത് വ്യാമോഹമാണ്. അഴിമതിക്കെതിരെ കോടതികളുടെ ശക്തമായ താക്കീത് ഉണ്ടായിട്ടുണ്ടെങ്കിലും ജുഡീഷ്യറി പൂര്‍ണമായി കുറ്റവിമുക്തമായ സംവിധാനമല്ല. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ സ്പെക്ട്രം കേസ് ആദ്യം സുപ്രീംകോടതിയില്‍ വന്നപ്പോള്‍ സമീപനം നിഷേധാത്മകമായിരുന്നു. എന്നാല്‍ , ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി എന്നിവയില്‍ കോടതി ഇടപെടല്‍ നിര്‍ണായകമായി.

ജനകീയ ജാഗ്രതയുമായി ബന്ധപ്പെട്ടാണ് കോടതികളുടെ ഇടപെടല്‍ എന്നതിനാല്‍ ജുഡീഷ്യറി നമ്മെ സംരക്ഷിച്ചുകൊള്ളും എന്നു കരുതി മാറിനില്‍ക്കുന്നത് മൗഢ്യമാണ്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി പൊതുപ്രവര്‍ത്തകരും ജനാധിപത്യപ്രസ്ഥാനങ്ങളും നടത്തുന്ന പ്രക്ഷോഭവും മാധ്യമങ്ങളുടെ വെളിപ്പെടുത്തലും കോടതി ഇടപെടലുമെല്ലാം പരസ്പരപൂരകമാണ്. എന്നാല്‍ , പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ സ്വതന്ത്രമായി ഇടപെട്ടില്ലെങ്കില്‍ മറ്റു പ്രസ്ഥാനങ്ങള്‍ക്ക് മുന്നാട്ടുപോകാന്‍ പ്രയാസമാകും. അഴിമതിക്കെതിരായ പോരാട്ടങ്ങളെ തകര്‍ക്കാനുള്ള കുത്സിതശ്രമങ്ങളും നടക്കുന്നു. പ്രമുഖ അഭിഭാഷകരായ ശാന്തിഭൂഷണും പ്രശാന്ത് ഭൂഷണുമെതിരായ സിഡി വിവാദം അതായിരുന്നു. ഇടമലയാര്‍ കേസിലെ വിധി വന്നപ്പോള്‍ , തന്നെ പ്രതികാരദാഹിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമം നടന്നതായും വി എസ് പറഞ്ഞു. ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍നായര്‍ അധ്യക്ഷനായി. പത്രപ്രവര്‍ത്തകരായ പി രാജന്‍ , സി ഗൗരീദാസന്‍നായര്‍ , എന്‍ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

സഹകരണമേഖല കലുഷിതമാക്കുന്നതിന്എതിരെ ജാഗ്രത വേണം: പിണറായി

കണ്ണൂര്‍ : മുന്‍ യുഡിഎഫ് ഭരണകാലത്തെ നടപടികള്‍ ആവര്‍ത്തിച്ചാല്‍ സഹകരണ മേഖല കലുഷിതമാകുമെന്നും ഇതിനെതിരെ സഹകാരികള്‍ ജാഗ്രത പാലിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് മണ്ടൂര്‍ ശാഖാകെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ സഹകരണമന്ത്രി സഹകാരികൂടിയാണ്. തെരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘം ഭരണസമിതികളെ അന്യായമായി പിരിച്ചുവിടില്ലെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. സഹകരണമേഖലയില്‍ മുന്‍ യുഡിഎഫ് ഭരണകാലത്തെ അനുഭവങ്ങള്‍ കടുത്തതാണ്. ആ നിലയിലേക്ക് മാറിയാല്‍ സഹകരണമേഖല കലുഷിതമാകും. വളര്‍ച്ച പിറകോട്ടടിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ സഹകരണ മേഖലയില്‍ കുതിച്ചുചാട്ടമുണ്ടായി. കേന്ദ്രസര്‍ക്കാര്‍ ആദായനികുതി ചുമത്തിയത് സഹകരണ ബാങ്കുകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നാടിന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയുന്ന രീതിയിലേക്ക് സഹകരണ ബാങ്കുകള്‍ വളരണം. ഇതിന് നിയമത്തിന്റെ പരിമിതികളുണ്ട്. സാമൂഹ്യനന്മക്കുവേണ്ടി നിയമപരിമിതി മാറ്റണം. ബാങ്കുകള്‍ക്ക് നോണ്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങളും നടത്താവുന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തണം- പിണറായി പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ക്ക് ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കണം: എസ്ആര്‍ പി

കായംകുളം: എല്ലാം ത്യജിച്ച് പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സാമാന്യജീവിതം ഉറപ്പുവരുത്തുന്നതിനുള്ള വരുമാനം നല്‍കുന്നതിനെക്കുറിച്ച് രാഷ്ട്രീയപാര്‍ടികള്‍ ചിന്തിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. എം ആര്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും കായംകുളം ഡവലപ്മെന്റ് സുവനീര്‍ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നും പ്രതീക്ഷിക്കാതെ പൂര്‍ണമായ പൊതുപ്രവര്‍ത്തനം നടത്തുന്നവരുടെ സംരക്ഷണം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഉറപ്പുവരുത്തിയില്ലെങ്കില്‍ സംശുദ്ധമായ ജീവിതം എന്നത് പ്രയാസകരമായിരിക്കും. അഴിമതിയുടെ കറപുരളാതെ സംശുദ്ധ പൊതുജീവിതം നയിച്ച വ്യക്തിത്വമായിരുന്നു എം ആര്‍ ഗോപാലകൃഷ്ണന്‍ . ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും നാടിന്റെ വികസനത്തില്‍ അതീവ ശ്രദ്ധചെലുത്തുകയും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവക്കുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് എസ് ആര്‍ പി അനുസ്മരിച്ചു.

ഏതു മന്ത്രിയുടെ കീഴിലെന്ന് വ്യക്തമാക്കണം: തോമസ് ഐസക്


ആലപ്പുഴ: പഞ്ചായത്തും മുനിസിപ്പാലിറ്റിയും രണ്ടു മന്ത്രിമാര്‍ക്ക് പകുത്തുനല്‍കിയ സാഹചര്യത്തില്‍ ഏതു മന്ത്രിയ്ക്കാണ് കുടുംബശ്രീയുടെ ഉത്തരവാദിത്വമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. കണ്ണര്‍കാട് ലോക്കല്‍കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മന്ത്രിയുടെ കീഴിലായിരുന്ന പഞ്ചായത്തും മുനിസിപ്പാലിറ്റിയും . രണ്ടായി പകുത്ത് ഒരു പാര്‍ടിയില്‍പ്പെട്ട രണ്ടു മന്ത്രിമാര്‍ കൈകാര്യം ചെയ്യുകയാണ്. ഇത് ശരിയല്ലെന്നു പറയാന്‍ വ്യക്തമായ കാരണമുണ്ട്. പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കുടുംബശ്രീയുണ്ട്. ഇതിന്റെ മന്ത്രി ആരെന്ന് നിശ്ചയമില്ല. മാത്രമല്ല ലോക്പാല്‍ , ഓംബുഡ്സ്മാന്‍ , അപ്പലേറ്റ് അതോറിറ്റി ഇങ്ങനെ അസംഖ്യം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് വിഷമസ്ഥിതിയിലാക്കും. അശാസ്ത്രീയമായ വകുപ്പു വിഭജനം അധികാര വികേന്ദ്രീകരണ പ്രക്രിയയെ പുറകോട്ടടിപ്പിക്കും. തങ്ങളുടെ ജനപിന്തുണ ഇത്രയേ ഉള്ളൂ എന്ന് മനസിലാക്കാതെയുള്ള അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് കഴിഞ്ഞ രണ്ടാഴ്ചയായി യുഡിഎഫ് ഭരണത്തില്‍ നടക്കുന്നത്. വകുപ്പ് വിഭജനം പുനപരിശോധിക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് ധാര്‍ഷ്ട്യമാണ്. ഇത്തരം അഹങ്കാരം പറയാനുള്ള ജനപിന്തുണ യുഡിഎഫിന് ഇല്ലെന്ന് ഭരിക്കുന്നവര്‍ മനസിലാക്കണം. എല്‍ഡിഎഫ് ബജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും അവകാശങ്ങളും പുതുക്കിയ ബജറ്റില്‍ ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അവകാശ ആനുകൂല്യങ്ങള്‍ക്കുമേല്‍ കൈവച്ചാല്‍ ആ കൈ തട്ടിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ : തരംതാണ ചര്‍ച്ചയാക്കി- തേറമ്പില്‍


തൃശൂര്‍ : സ്പീക്കര്‍പദവിയെ കോണ്‍ഗ്രസ് തരംതാണ ചര്‍ച്ചാവിഷയമാക്കിയത് ഒട്ടും ഭൂഷണമായില്ലെന്ന് മുന്‍സ്പീക്കര്‍കൂടിയായ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ. സ്പീക്കര്‍പദവി മാധ്യമങ്ങള്‍ക്ക് തട്ടിക്കളിക്കാന്‍ സാഹചര്യമൊരുക്കിയത് ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷംപോലും സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താനായില്ല. മുമ്പ് ഒരുകാലത്തും ഇല്ലാത്തവിധം കോണ്‍ഗ്രസ് ഈ വിഷയം വഷളാക്കി. യുഡിഎഫിന് ഭൂരിപക്ഷം വളരെ കുറവായതിനാല്‍ സ്പീക്കര്‍സ്ഥാനത്തിന് ഏറെ പ്രാധാന്യമുണ്ട്. ചുരുങ്ങിയ കാലം മാത്രമേ താന്‍ സ്പീക്കര്‍പദവി വഹിച്ചിട്ടുള്ളൂ എങ്കിലും അത്രയും കാലം നന്നായി പ്രവര്‍ത്തിച്ചതായി ജനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്നും തേറമ്പില്‍ പറഞ്ഞു.

ദേശാഭിമാനി 300511

1 comment:

  1. വി.എസ്, പിണറായി,കൊടിയേരി,എസ്.ആര്‍.പി, തോമസ് ഐസക്, തേറമ്പില്‍...

    ReplyDelete