Friday, May 27, 2011

മെത്രാന്മാര്‍ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ ആലഞ്ചേരി എതിര്‍ത്തിരുന്നു

ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്

കൊച്ചി: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പായി തക്കല ബിഷപ് ഡോ. ജോര്‍ജ് ആലഞ്ചേരി(66)യെ തെരഞ്ഞെടുത്തു. സഭ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ ഞായറാഴ്ച ആരംഭിച്ച തെരഞ്ഞെടുപ്പിന് സമാപനംകുറിച്ച് പുതിയ ആര്‍ച്ച്ബിഷപ്പിന്റെ പേര് വ്യാഴാഴ്ച പകല്‍ 3.30ന് വത്തിക്കാനിലും കൊച്ചിയിലും ഒരേസമയം പ്രഖ്യാപിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ വര്‍ക്കിവിതയത്തില്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. മേജര്‍ ആര്‍ച്ച്ബിഷപ് എന്ന നിലയില്‍ സിറോ മലബാര്‍ സഭയുടെ 29 രൂപതകളുടെ അധിപന്‍ എന്ന പദവികൂടാതെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാന്‍ എന്ന ഉത്തരവാദിത്തവും ഉണ്ടാകും. അതിരൂപത ആസ്ഥാനമായ എറണാകുളം സെന്റ് മേരിസ് ബസിലിക്കയില്‍ ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ ഡോ. ജോര്‍ജ് ആലഞ്ചേരി ചുമതലയേല്‍ക്കും. കോട്ടയം തുരുത്തിയില്‍ ആലഞ്ചേരി പീലിപ്പോസ്-മേരി ദമ്പതികളുടെ മകനാണ്.

ആലഞ്ചേരിയെ കൂടാതെ തൃശൂര്‍ അതിരൂപത ബിഷപ് ആന്‍ഡ്രൂസ് താഴത്ത്, കുരിയ മെത്രാന്‍ ബോസ്കോ പുത്തൂര്‍ , പാലക്കാട് ബിഷപ് ജേക്കബ് മനന്തോടം എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. ആദ്യ രണ്ടുഘട്ടത്തില്‍ത്തന്നെ ജേക്കബ് മനന്തോടം ഒഴിവായി. ചങ്ങനാശേരി അതിരൂപത ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ചതോടെ ആന്‍ഡ്രൂസ് താഴത്തും ഒഴിവായി. തുടര്‍ന്നു നടന്ന വോട്ടെടുപ്പില്‍ ബോസ്കോ പുത്തൂരിനെക്കാള്‍ നാലു വോട്ട് കൂടുതല്‍ നേടി ജോര്‍ജ് ആലഞ്ചേരി പുതിയ ആര്‍ച്ച്ബിഷപ്പായി. സഭയുടെ 46 ബിഷപ്പുമാരില്‍ 44 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. വോട്ടെടുപ്പ് തുടങ്ങിയ ചൊവ്വാഴ്ചമുതല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബിഷപ്പുമാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. അതീവ രഹസ്യസ്വഭാവത്തോടെ നടത്തിയ തെരഞ്ഞെടുപ്പല്‍ ബിഷപ്പുമാര്‍ക്ക് മൊബൈല്‍ഫോണും നിഷേധിച്ചിരുന്നു. തലശേരി സീനിയര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം തെരഞ്ഞെടുപ്പു പ്രക്രിയയുടെ അധ്യക്ഷനായി.

മെത്രാന്മാര്‍ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ ആലഞ്ചേരി എതിര്‍ത്തിരുന്നു


കൊച്ചി: കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നതിലുപരി വലിയ വലിയ കര്‍മങ്ങളാണ് മെത്രാന്മാര്‍ അനുഷ്ഠിക്കേണ്ടതെന്ന നിലപാടാണ് സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടേത്. ഭാരതീയസംസ്കാരത്തിന്റെ നല്ലവശങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന നിലപാടുകാരനാണ്. വിവിധ രൂപതകളിലെ ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. എന്നും സമന്വയത്തിന്റെ പാതയാണ് സ്വീകരിച്ചിരുന്നത്. തികഞ്ഞ ആത്മീയജീവിതവും ആര്‍ച്ച്ബിഷപ് സ്ഥാനത്തേക്ക് അദ്ദേഹത്തെ കൂടുതല്‍ സ്വീകാര്യനാക്കി. കോട്ടയം തുരുത്തിയില്‍ ആലഞ്ചേരി പീലിപ്പോസ്- മേരി ദമ്പതികളുടെ 10 മക്കളില്‍ ആറാമനായി 1945ല്‍ ജനിച്ച ജോര്‍ജ് ആലഞ്ചേരി "72 നവംബര്‍ 11ന് പൗരോഹിത്യം സ്വീകരിച്ചു. 1996 നവംബര്‍ 11ന് ബിഷപ്പായി നിയമിതനായ അദ്ദേഹം 97 ഫെബ്രുവരി രണ്ടിന് തക്കല ബിഷപ്പായി ചുമതലയേറ്റു. ചങ്ങനാശേരി സഹായമെത്രാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986 മുതല്‍ "93 വരെ കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയും പാലാരിവട്ടം പിഒസി ഡയറക്ടറുമായിരുന്നു. 1965ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ രണ്ടാംറാങ്കോടെ വിജയിച്ച ജോര്‍ജ് ആലഞ്ചേരി ആലുവ പൊന്തിഫിക്കല്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് തിയോളജിയില്‍ ബിരുദാനന്തരബിരുദവും പാരിസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തില്‍ പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

deshabhimani 270511

1 comment:

  1. കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നതിലുപരി വലിയ വലിയ കര്‍മങ്ങളാണ് മെത്രാന്മാര്‍ അനുഷ്ഠിക്കേണ്ടതെന്ന നിലപാടാണ് സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടേത്. ഭാരതീയസംസ്കാരത്തിന്റെ നല്ലവശങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന നിലപാടുകാരനാണ്. വിവിധ രൂപതകളിലെ ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. എന്നും സമന്വയത്തിന്റെ പാതയാണ് സ്വീകരിച്ചിരുന്നത്.

    ReplyDelete