Friday, May 27, 2011

വനംകൊള്ളയ്ക്ക് ഭരണകക്ഷിയുടെ ഒത്താശ;

പീരുമേട്: അനധികൃതമായി തടി കടത്തുന്നതായ പരാതികളെ തുടര്‍ന്ന് വനംവകുപ്പധികൃതര്‍ അടച്ചുപൂട്ടിയ ഹൈറേഞ്ചിലെ തടിമില്ലുകള്‍ക്ക് വീണ്ടും ലൈസന്‍സ് നല്‍കാന്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി. ഭരണമാറ്റം വന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെയാണ് തടിലോബിയുടെ കരുനീക്കങ്ങള്‍. മില്ലുടമകളുമായി നേതാക്കള്‍ ലക്ഷങ്ങളുടെ വിലപേശലും തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വനംവകുപ്പധികൃതര്‍ പൂട്ടി സീല്‍ ചെയ്ത മില്ലുകളില്‍ കോടിക്കണക്കിനു രൂപയുടെ മര ഉരുപ്പടികളാണ് സൂക്ഷിച്ചിരിക്കുന്നത്. വനത്തില്‍ നിന്ന് മുറിച്ചുകടത്തിയ കള്ളത്തടിയാണ് ഇവയെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞ സാഹചര്യത്തില്‍ തടിയുടെ ഉറവിടത്തെക്കുറിച്ചും വനംകൊളളക്കാരെക്കുറിച്ചും മറ്റും വനംവകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. ഈ ഘട്ടത്തില്‍ ഭരണമാറ്റമുണ്ടായതാണ് മില്ലുടമകള്‍ക്ക് തക്കമായത്. ഇതു മുതലെടുത്താണ് ഭരണകക്ഷി നേതാക്കള്‍ വിലപേശലും നടത്തുന്നത്.

കുമളി, അയ്യപ്പന്‍കോവില്‍, നഗരംപാറ ഫോറസ്റ്റ് റേഞ്ചുകള്‍ക്ക് കീഴിലുള്ള ഒന്നാംമൈല്‍, വെള്ളാരംകുന്ന്, ഗാന്ധിശില, അമരാവതി, മുരിക്കടി, ഉപ്പുതറ, കഞ്ഞിക്കുഴി, തടിയമ്പാട്, അണക്കര, മരിയാപുരം, ചാലിസിറ്റി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 11 തടിമില്ലുകളാണ് കഴിഞ്ഞ 22 ന് വനംവകുപ്പധികൃതര്‍ സീല്‍ ചെയ്തത്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ അടച്ചുപൂട്ടല്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും മില്ലുടമകള്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ഉത്തരവ് സമ്പാദിക്കുകയായിരുന്നു. സ്‌റ്റേ ഒഴിവായതിനെ തുടര്‍ന്നാണ് അധികൃതര്‍ മില്ലുകള്‍ അടച്ചുപൂട്ടിയത്.

ഹൈറേഞ്ചിലെ വിവിധ വനമേഖലകളില്‍ നിന്ന് വനംകൊള്ളക്കാര്‍ വെട്ടിമാറ്റിയ തേക്ക്, ഈട്ടി എന്നിവയടക്കമുള്ള തടികള്‍ ഈ മില്ലുകളിലെത്തിച്ച് രായ്ക്കുരാമാനം ഉരുപ്പടികളാക്കി വാഹനങ്ങളില്‍ സംസ്ഥാനത്തിന്റെ ഭാഗങ്ങളിലേക്ക് കടത്തിവരികയായിരുന്നു. പീരുമേട് താലൂക്ക് ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ കുത്തകപാട്ട ഭൂമിയില്‍ നിന്ന് വനംവകുപ്പിന്റെ അനുമതി രേഖകളില്ലാതെയായിരുന്നു തടി കടത്തിയിരുന്നത്. വനമേഖലയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലം പാലിച്ചു മാത്രമേ മില്ലുകള്‍ നടത്താന്‍ പാടുള്ളൂവെന്ന നിയമവും ഈ മില്ലുകള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.

ഇടുക്കിയിലെ സി എച്ച് ആര്‍ മേഖലയില്‍ നിന്നു കടത്തിക്കൊണ്ടുവരുന്ന തടികളും വിവിധ എസ്‌റ്റേറ്റുകളില്‍ നിന്ന് വെട്ടിമാറ്റുന്ന തടികളും വനംവകുപ്പിന്റെ വിവിധ ചെക്ക് പോസ്റ്റുകളില്‍ നേരത്തെ പിടിച്ചെടുത്ത് കേസാക്കിയിരുന്നു. എന്നാല്‍ തടികള്‍ ഉരുപ്പടി രൂപത്തിലാക്കിയതിന്റെ മറപറ്റി നിയമ നടപടികളില്‍ നിന്ന് തലയൂരാന്‍ പലപ്പോഴും മില്ലുടമകള്‍ക്കു കഴിഞ്ഞിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അനധികൃത മില്ലുകള്‍ അടച്ചുപൂട്ടാന്‍ കോട്ടയം ഡി എഫ് ഒ കഴിഞ്ഞ 19 ന് ഉത്തരവിട്ടത്. അടച്ചുപൂട്ടിയ മില്ലുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ തടി കടത്തല്‍ നടക്കുന്നതായി വനംവകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും നടന്നുവരികയാണ്.

ഇടുക്കിയുടെ സമീപപ്രദേശമായ ഈരാറ്റുപേട്ടയിലേക്കും പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുമാണ് ഉരുപ്പടികളാക്കിയ കള്ളത്തടി കൃത്രിമ രേഖകളുപയോഗിച്ച് വ്യാപകമായി എത്തിച്ചുകൊണ്ടിരുന്നത്.

കട്ടപ്പന ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എ ജെ ജോസഫ്, അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസര്‍ സജീവന്‍, മുണ്ടക്കയം ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ കെ എ സാജു എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് സ്‌ക്വാഡുകളാണ് കഴിഞ്ഞ ഞായറാഴ്ച തടിമില്ലുകള്‍ പൂട്ടി സീല്‍ ചെയ്തത്. മില്ലുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഹൈറേഞ്ചിലെ കള്ളത്തടി വെട്ട് നിലച്ചിരിക്കുകയായിരുന്നു. അവയുടെ ലൈസന്‍സ് പുതുക്കുന്നത് വന്‍തോതില്‍ വനംകൊള്ളയ്ക്ക് കളമൊരുക്കുമെന്ന് പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

പി ജെ ജിജിമോന്‍ ജനയുഗം 270511

3 comments:

  1. അനധികൃതമായി തടി കടത്തുന്നതായ പരാതികളെ തുടര്‍ന്ന് വനംവകുപ്പധികൃതര്‍ അടച്ചുപൂട്ടിയ ഹൈറേഞ്ചിലെ തടിമില്ലുകള്‍ക്ക് വീണ്ടും ലൈസന്‍സ് നല്‍കാന്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി. ഭരണമാറ്റം വന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെയാണ് തടിലോബിയുടെ കരുനീക്കങ്ങള്‍. മില്ലുടമകളുമായി നേതാക്കള്‍ ലക്ഷങ്ങളുടെ വിലപേശലും തുടങ്ങിക്കഴിഞ്ഞു.

    ReplyDelete
  2. മാണിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ഞാന്‍ പരിസ്ഥിതിക്ക് ഇതിലും നീതിയുള്ള നടപടികള്‍ പ്രതീക്ഷിക്കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തില്‍ അവര്‍ അങ്ങനെ ഒരു റോള്‍ അവകാശപ്പെടുമെന്നും തോന്നുന്നില്ല. അതിനാലാണ് പ്രതിപക്ഷമായിടും ഇടതിന്റെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്.
    ഇടതുപക്ഷ വിമര്‍ശനം ഭരണകക്ഷിക്ക് വളമാവരുതല്ലോ,

    ReplyDelete
  3. അവിടത്തെ പ്രധാന വിഷയം ഏലമലക്കാട് പ്രദേശത്തെ ഭൂമിയുടെ സ്റ്റാറ്റസ് വനമാണോ റവന്യൂ തരിശാണോ എന്നതാണ്. സര്‍ക്കാര്‍ പറയുന്നത് റവന്യൂ എന്നാകയാല്‍ വനം വകുപ്പുദ്യോഗസ്ധര്‍ക്ക് മരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരിമിതിയുണ്ട്.
    'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' കൊടുത്ത കേസില്‍ അത് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത് കൊണ്ടാണ് മരം മുറിക്കുന്നതിന് ആ പ്രദേശത്ത് നിയന്ത്രണം. എന്നാല്‍ മാറി മാറി വന്ന ഇടതു-വലതു സര്‍ക്കാരുകള്‍ ഈ കേസുകളില്‍ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. ഭരണത്തില്‍ ഏറി ആദ്യ മന്ത്രിസഭാ യോഗം മുതല്‍ പറയുന്നതാണ് ഞങ്ങള്‍ ആ കേസില്‍ പരിസ്ഥിതി സംരക്ഷിക്കുന്ന നടപടി കൈക്കൊള്ളും എന്ന്. അഞ്ച് വര്‍ഷം ഇരുന്നിട്ടും ഇടതുസര്‍ക്കാര്‍ ആ കേസില്‍ മറുപടി സത്യവാന്ഗ്മൂലം പോലും ഫയല്‍ ചെയ്തില്ല. ഈ വിഷയത്തില്‍ ആത്മാര്‍ധത ഇല്ലാത്തതാണ് കാരണം. അന്നത് ചെയ്തിരുന്നെങ്കില്‍ ആ പ്രദേശം വനമായി സംരക്ഷിക്കാന്‍ ഇന്നേയ്ക്ക് സുപ്രീം കോടതി വിധി ഉണ്ടായേനെ.

    യു.ഡി.എഫ് (വിശിഷ്യാ മാണി) അധികാരത്തില്‍ വന്നാല്‍ സ്വാഭാവികമായും വനം താല്പര്യങ്ങള്‍ ബലികഴിക്കും എന്നറിയാഞ്ഞിട്ടല്ല ഇടതുപക്ഷം അന്നത് വൈകിച്ചത്. മറിച്ച്, വനമാണെന്ന് മറുപടി ഫയല്‍ ചെയ്‌താല്‍ നഷ്ടപ്പെടുന്ന പ്രദേശവാസികളുടെ നൂറു വോട്ട് പേടിച്ചാണ്.. ഇതാണ് പ്രശ്നം.
    പോകുന്ന പത്തോ നൂറോ വോട്ട് പേടിച്ചു ഇടതുപക്ഷം ചെയ്യുമെന്ന് ജനങ്ങള്‍ കരുതിയ നല്ല കാര്യങ്ങള്‍ ചെയ്യാതെ വിടുമ്പോള്‍ (മൂന്നാര്‍ രണ്ടാം ദൌത്യം അടക്കം) നഷ്ടപ്പെടുന്നത് 'ഇടതുപക്ഷം' എന്ന ബദല്‍ ആണ് എന്നത് അവര്‍ മറന്നു പോവുന്നു.

    ഇനിയും വൈകിയിട്ടില്ല. നല്ലൊരു റവന്യൂ മന്ത്രിയാണ് വലതുപക്ശത്ത്. പ്രതിപക്ഷത്തിന്റെ ക്രിയാത്മക ഇടപെടല്‍ കാണിച്ചു ആ കേസ് എത്രയും വേഗം തീര്‍ത്തു പ്രദേശവാസികളുടെ കാത്തിരിപ്പിനു അന്ത്യം ഉണ്ടാക്കാനും, വനമായ ഭൂമിയിലെ മരങ്ങള്‍ വെട്ടുന്നത് തടയാനും ഇടപെടണം. എങ്കിലേ പ്രശ്നം ശാശ്വതമായി തീരൂ..

    ReplyDelete