Saturday, May 28, 2011

200 പ്രവൃത്തിദിനങ്ങള്‍, പാല്‍ വില വര്‍ധന

അടുത്ത അധ്യയന വര്‍ഷത്തില്‍ 200 ദിവസം പ്രവൃത്തിദിനങ്ങളാക്കാന്‍ ഇന്നലെ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മോണിറ്ററിംഗ് സമിതി തീരുമാനിച്ചു. പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഐ ടി പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

നിലവില്‍ 196 ദിവസങ്ങളാണ് അധ്യയന ദിനങ്ങളായി ഉള്ളത്. അധ്യയനദിനം 200 ആക്കുന്നതിന്റെ ഭാഗമായി ജൂണ്‍ നാല് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി. പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് അഞ്ചു ദിവസത്തെ ഐ ടി പരിശീലനമാണ് നല്‍കുക. ജൂലൈ ഒന്നുമുതല്‍ ഈ പരിശീലനം ആരംഭിക്കും. ഒരു ക്ലാസിലെ ഒരു അധ്യാപകനാണ് ആദ്യം പരിശീലനത്തില്‍ പങ്കെടുക്കുക. പിന്നീട് ഘട്ടം ഘട്ടമായി എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കും.  ക്ലസ്റ്റര്‍ പരിശീലന ദിനങ്ങളും നിശ്ചയിച്ചു. ഓഗസ്റ്റ് 20, സെപ്തംബര്‍ 3, സെപ്തംബര്‍ 24, ഒക്‌ടോബര്‍ 29, ജനുവരി 28 എന്നീ ദിവസങ്ങളിലായിരിക്കും ക്ലസ്റ്റര്‍ പരിശീലനം. ഫെബ്രുവരി മാസത്തില്‍ ഏതെങ്കിലുമൊരു ദിവസം പഞ്ചായത്ത്-മുനിസിപ്പല്‍ തലങ്ങളില്‍ മികവ് പ്രഖ്യാപന യോഗങ്ങള്‍ നടത്തും.

ഇംഗ്ലീഷും ഗണിതവും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. അധ്യാപകര്‍ക്കായുള്ള തത്സമയ പിന്തുണ സംവിധാനം (ഒ എസ് എസ്) കാര്യക്ഷമമാക്കാനും ഡി പി ഐ മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

എന്‍ ശ്രീകുമാര്‍ (എ കെ എസ് ടി യു) കെ ഷാജഹാന്‍ (കെ എസ് ടി എ), എ കെ സൈനുദീന്‍ (കെ എസ് ടി യു), പി ഹരിഗോവിന്ദന്‍ (കെ പി എസ് ടി യു), ജെ ശശി (ജി എസ് ടി യു), കെ മോയിന്‍കുട്ടി (കെ എ ടി എഫ്), ഇമാമുദീന്‍ (കെ എ എം എ), ജോസഫ്(കെ പി എസ് എച്ച് എ), സിറിയക് കാവില്‍(കെ എസ് ടി എഫ്) തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

പാല്‍ വില വര്‍ധന: ഇനി ചര്‍ച്ചയില്ലെന്ന് മില്‍മ

തിരുവനന്തപുരം: പാല്‍ വില വര്‍ധന സംബന്ധിച്ചു സര്‍ക്കാരുമായി ഇനി ചര്‍ച്ചയില്ലെന്നു മില്‍മ. വില വര്‍ധന സ്റ്റേ ചെയ്ത് കൊണ്ടുള്ള ക്ഷീരവികസന വകുപ്പ് റജിസ്റ്റാറുടെ നടപടിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ കേസുമായി മുന്നോട്ടു പോകും. മില്‍മ വിലവര്‍ധന അനിവാര്യമാണെന്നും മില്‍മ അറിയിച്ചു. വിലവര്‍ധന സ്‌റ്റേ ചെയ്ത മില്‍മ ക്ഷീരവികസന വകുപ്പ് റജിസ്റ്റാറുടെ നടപടിയെ ചോദ്യം ചെയ്തു മില്‍മ ഹര്‍ജി നല്‍കിയിരുന്നു. പാല്‍വില ലീറ്ററിന് അഞ്ചു രൂപ കൂട്ടാനായിരുന്നു മില്‍മ നേരത്തെ തീരുമാനിച്ചിരുന്നത്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ തന്നെ വില കൂട്ടാന്‍ അധികാരമുണ്ടെന്നാണ് മില്‍മയുടെ നിലപാട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ വില വര്‍ധിപ്പിക്കുമെന്നും മില്‍മ പറഞ്ഞിരുന്നു.

എന്നാല്‍ സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് ഏകപക്ഷീയമായി സാധിക്കില്ലെന്നാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാടെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാല്‍ വില വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ തീരുമാനം ക്ഷീരവികസന രജിസ്ട്രാര്‍ സ്റ്റേ ചെയ്തതും. സഹകരണ നിയമത്തിലെ 66(5) വകുപ്പ് പ്രകാരമാണ് നടപടി സ്റ്റേ ചെയ്തത്. സഹകരണ സംഘം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മില്‍മ എടുക്കുന്ന തീരുമാനങ്ങള്‍ രജിസ്ട്രാറുടെയും, സര്‍ക്കാരിന്റെയും അറിവോടെ മാത്രമേ നടപ്പാക്കാന്‍ സാധിക്കു. എന്നാല്‍ മില്‍മ ഏക പക്ഷീയമായാണ് പാല്‍ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പാല്‍ വില ഇതുവരെ മില്‍മ വര്‍ധിപ്പിച്ചിരുന്നതും സര്‍ക്കാരിന്റെയും, രജിസ്ട്രാറുടെയും അറിവോടെ മാത്രമാണ്. ഇത്തരത്തിലുള്ള ഏക പക്ഷീയമായ തീരുമാനം നടപ്പാക്കാന്‍ മില്‍മയ്ക്ക് അധികാരമില്ലാത്തതിനാലാണ് നടപടി സ്റ്റേ ചെയ്തത്. അതേസമയം സര്‍ക്കാര്‍ മില്‍മയുടെ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേഷ് പറഞ്ഞു.

ജനയുഗം 280511

1 comment:

  1. അടുത്ത അധ്യയന വര്‍ഷത്തില്‍ 200 ദിവസം പ്രവൃത്തിദിനങ്ങളാക്കാന്‍ ഇന്നലെ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മോണിറ്ററിംഗ് സമിതി തീരുമാനിച്ചു. പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഐ ടി പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

    ReplyDelete