Friday, May 27, 2011

അനധികൃത വിദ്യാഭ്യാസ സ്ഥാപന ഉടമയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: കെ അജിത

ഒട്ടേറെ ആരോപണങ്ങള്‍ക്ക് വിധേയമായ കോട്ടയത്തെ വിദ്യാഭ്യാസസ്ഥാപനത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് വെറും കൈയോടെ മടങ്ങിയ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിക്കണമെന്ന് സ്ത്രീവേദി സംസ്ഥാന കണ്‍വീനര്‍ കെ അജിത ആവശ്യപ്പെട്ടു. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന വിശ്വേശരയ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിംഗ് ടെക്‌നോളജി ഡയറക്ടര്‍ ടോം ടി ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്തിയിരിക്കുന്നതെന്ന് അജിത പത്രസമ്മേളനത്തില്‍ ആരോപിച്ചു. അനധികൃതമായി സ്ഥാപനം നടത്തുകയും അവിടെയുള്ള വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുകയും ചെയ്യുന്ന ടോം ടി ജോസഫുമായി  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്ഥാപനത്തിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ പരാതികള്‍ സത്യമാണെന്ന് ക്രൈംബ്രാഞ്ച് എഫ് ഐ ആറില്‍ വ്യക്തമാക്കിയിരിക്കെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിനായി അദ്ദേഹത്തിന്റെ ആസ്ഥാനത്ത് പൊലീസ് എത്തിയത്. എന്നാല്‍ അറസ്റ്റ് ചെയ്യാതെ പൊലീസ് മടങ്ങിയത് ആരുടെ സമ്മര്‍ദ്ദത്തിലാണെന്നതിന് ഉമ്മന്‍ ചാണ്ടി മറുപടി പറയണം.

സ്ഥാപനമുടമയുടെ പീഡനത്തിനെതിരെ നിരവധി രക്ഷിതാക്കളും കുട്ടികളും നല്‍കിയ പരാതിയനുസരിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചത്. അന്വേഷണത്തില്‍ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയുകയും ചെയ്തു. എന്നാല്‍ മാറിവന്ന സര്‍ക്കാര്‍ അന്വേഷണനടപടികള്‍ അട്ടിമറിക്കുകയാണ്. ചില കുട്ടികളെ സ്ഥാപന ഉടമ വില്‍പ്പനച്ചരക്കാക്കുന്നുണ്ടോ എന്ന സംശയമുണ്ടെന്നും രാത്രികാലങ്ങളില്‍ ഹോസ്റ്റലിലേക്ക് വാഹനങ്ങള്‍ വരുന്നതിന്റെ ശബ്ദം കേള്‍ക്കാറുണ്ടെന്നും ചില കുട്ടികള്‍ ഇറങ്ങിപ്പോകുന്നത് കാണാറുണ്ടെന്നതുമടക്കം സ്ഥാപനത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. പലതലത്തിലും ഉന്നതബന്ധം പുലര്‍ത്തുന്ന സ്ഥാപന ഉടമ കോഴിക്കോട്ടും ഇതേ സ്ഥാപനത്തിന്റെ ശാഖ തുടങ്ങിയിട്ടുണ്ടെന്ന് അജിത പറഞ്ഞു.

ജനയുഗം 270511

1 comment:

  1. ഒട്ടേറെ ആരോപണങ്ങള്‍ക്ക് വിധേയമായ കോട്ടയത്തെ വിദ്യാഭ്യാസസ്ഥാപനത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് വെറും കൈയോടെ മടങ്ങിയ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിക്കണമെന്ന് സ്ത്രീവേദി സംസ്ഥാന കണ്‍വീനര്‍ കെ അജിത ആവശ്യപ്പെട്ടു

    ReplyDelete