Tuesday, May 31, 2011

ഐഒസി പെട്രോള്‍വില നാളെ വീണ്ടും കൂടും

ന്യൂഡല്‍ഹി: നാളെ മുതല്‍ പെട്രോളിന് ലിറ്ററിന് 1.35 രൂപ വീതം കൂട്ടുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. കഴിഞ്ഞ 15 നാണ് ലിറ്ററിന് 5 രൂപ കൂട്ടിയത്. ഈവര്‍ധന കൊണ്ട് അസംസ്കൃത എണ്ണയുടെ വിലവര്‍ധനയെ അതിജീവിക്കാനാവാത്തതിനാലാണ് വീണ്ടും കൂട്ടുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. വില്‍പ്പന നികുതിയടക്കം ലിറ്ററിന് 4.58 രൂപ വീതം നഷ്ടത്തിലാണിപ്പോള്‍ പെട്രോള്‍ വിതരണം നടത്തുന്നതെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ എസ് ബുട്ടോല പറയുന്നു. നിരക്ക് കുറച്ചുവില്‍ക്കുന്നതിന്റെ നഷ്ടം സര്‍ക്കാര്‍ നികത്തിക്കൊടുക്കുന്നില്ല. പാചകവാതകവും മണ്ണെണ്ണയും നഷ്ടത്തിലാണ് വിതരണത്തിന് നല്‍കുന്നത്. ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി ജൂണ്‍ ഒന്‍പതിന് കമ്പനിയുടെ പ്രതിനിധിസംഘം ധനമന്ത്രി പ്രണബ് മുഖര്‍ജിയെ കാണുന്നുണ്ട്.

ഇന്ധന വിലവര്‍ധന: ജൂണ്‍ 23 ട്രേഡ് യൂണിയന്‍ പ്രതിഷേധദിനം

ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിച്ചതിനും ഡീസല്‍ , മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിനുമെതിരെ ജൂണ്‍ 23ന് പ്രതിഷേധദിനം ആചരിക്കാന്‍ കേന്ദ്ര ട്രേഡ്യൂണിയനുകള്‍ തീരുമാനിച്ചു. അന്ന് തൊഴിലിടങ്ങളിലും ജില്ല-സംസ്ഥാന കേന്ദ്രങ്ങളിലും പ്രകടനങ്ങളും റാലികളും ധര്‍ണകളും സംഘടിപ്പിക്കാനും ട്രേഡ്യൂണിയന്‍ നേതാക്കളുടെ യോഗം തീരുമാനിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കും. ഇത് തൊഴിലാളികളുടെ ജീവിതനിലവാരത്തെ ബാധിക്കുമെന്നും ട്രേഡ് യൂണിയനുകള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭം വിജയിപ്പിക്കാന്‍ എല്ലാ വിഭാഗം തൊഴിലാളികളോടും യോഗം അഭ്യര്‍ഥിച്ചു.

ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ , എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത, ബിഎംഎസ്, എച്ച്എംഎസ്, എഐയുടിയുസി, എഐസിസിടിയു, യുടിയുസി, ടിയുസിസി, എസ്യുഡബ്ല്യുഎ എന്നീ സംഘടനകളുടെ നേതാക്കളും പങ്കെടുത്തു.

ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനെതിരെ ജൂലൈ ഏഴിന് നടക്കുന്ന ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കാനും ജൂണ്‍ 28 ന്റെ ദേശീയ കണ്‍വന്‍ഷന്‍ പ്രഖ്യാപിക്കുന്ന കല്‍ക്കരിമേഖലയിലെ പണിമുടക്കിനെ പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു. ജൂണ്‍ 27 ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനമെടുക്കുമെന്ന് സഞ്ജീവ റെഡ്ഡി അറിയിച്ചു. വിലക്കയറ്റം ഉള്‍പ്പെടെ തൊഴിലാളിവര്‍ഗം മുന്നോട്ടുവച്ച പ്രധാന ഉല്‍ക്കണ്ഠകള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ട്രേഡ്യൂണിയനുകളുടെ യോജിച്ച പ്രക്ഷോഭംപോലും കണ്ടില്ലെന്ന് നടിക്കുകയാണ്. സമരഐക്യംശക്തിപ്പെടുത്താനും കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനും യോഗം തൊഴിലാളികളോട് ആഹ്വാനംചെയ്തു.

ദേശാഭിമാനി 310511

1 comment:

  1. ളെ മുതല്‍ പെട്രോളിന് ലിറ്ററിന് 1.35 രൂപ വീതം കൂട്ടുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. കഴിഞ്ഞ 15 നാണ് ലിറ്ററിന് 5 രൂപ കൂട്ടിയത്. ഈവര്‍ധന കൊണ്ട് അസംസ്കൃത എണ്ണയുടെ വിലവര്‍ധനയെ അതിജീവിക്കാനാവാത്തതിനാലാണ് വീണ്ടും കൂട്ടുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. വില്‍പ്പന നികുതിയടക്കം ലിറ്ററിന് 4.58 രൂപ വീതം നഷ്ടത്തിലാണിപ്പോള്‍ പെട്രോള്‍ വിതരണം നടത്തുന്നതെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ എസ് ബുട്ടോല പറയുന്നു

    ReplyDelete