Tuesday, May 31, 2011

വാര്‍ത്തകള്‍ ചുരുക്കത്തില്‍ - ട്രോളിംഗ്, ലാവ്ലിന്‍, എന്‍ഡോസള്‍ഫാന്‍...

ഐജിയുടെ ഓഫീസില്‍ ചാണകവെള്ളം തളിക്കല്‍ : തുടര്‍നടപടിക്ക് സ്റ്റേ

കൊച്ചി: തിരുവനന്തപുരത്ത് പട്ടികജാതിക്കാരനായ രജിസ്ട്രേഷന്‍ ഐജിയുടെ ഓഫീസില്‍ ചാണകവെള്ളം തളിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു. രജിസ്ട്രേഷന്‍ ഐജിയായിരുന്ന എ കെ രാമകൃഷ്ണന്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് ഓഫീസില്‍ ചാണകംതളിച്ചതെന്നും ഇത് കുറ്റകരമല്ലെന്നും ചൂണ്ടിക്കാട്ടി രണ്ടും മൂന്നും പ്രതികളായ മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസ് യുഡി ക്ലര്‍ക്ക് ഗിരീഷ്കുമാര്‍ , ശിപായി സുബു എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ക്യു ബര്‍ക്കത്തലിയുടെ ഇടക്കാല ഉത്തരവ്. ചാണകം തളിക്കുന്നത് ശാസ്ത്രീയവും മതപരവും സാമൂഹ്യവുമായ ആചാരമാണെന്നിരിക്കെ ഇത് വിസര്‍ജ്യവസ്തുവായി കണക്കാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ ഹര്‍ജി. പൊതുജനസാന്നിധ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗക്കാരെ അപമാനിക്കുന്ന പ്രവൃത്തികള്‍ മാത്രമേ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കുറ്റകരമാകൂവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ജൂണ്‍ 27 വരെയാണ് കേസിലെ തുടര്‍നടപടികള്‍ തടഞ്ഞത്.

ലാവ്ലിന്‍ കേസ്: തുടരന്വേഷണം വൈകിക്കാന്‍ ശ്രമം- സിബിഐ

കൊച്ചി: ലാവ്ലിന്‍ കേസില്‍ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും അന്വേഷണവിധേയമാക്കുമെന്നും തുടരന്വേഷണം വൈകിക്കാനാണ് ക്രൈം നന്ദകുമാറിന്റെ ശ്രമമെന്നും സിബിഐ പ്രത്യേകകോടതിയില്‍ വ്യക്തമാക്കി. ലാവ്ലിന്‍ കേസില്‍ കോടിയേരി ബാലകൃഷ്ണനെയും ടി ശിവദാസമേനോനെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ നന്ദകുമാറിന് നിയമപരമായി അവകാശമില്ല. ലാവ്ലിന്‍ കമ്പനിക്കും പ്രസിഡന്റ് ക്ലൗഡ് ട്രന്‍ഡലിനുമെതിരെ ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കണമെന്ന സിബിഐയുടെ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

എന്‍ഡോസള്‍ഫാന്‍ : ട്രിബ്യൂണല്‍രൂപീകരണം അറിയിക്കണം

കൊച്ചി: സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രിബ്യൂണല്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഒരുമാസത്തിനകം നിലപാട് അറിയിക്കാനാണ് ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായരും ബി പി റേയും അടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. ആസിഫ് അലി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്.

പെപ്സിയുടെ ജലമൂറ്റല്‍ : വിദഗ്ധസമിതിയെ നിയോഗിക്കണം

കൊച്ചി: പുതുശേരിയിലെ പെപ്സി കമ്പനിയുടെ ഭൂജല ഉപയോഗം സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജ. പി ആര്‍ രാമചന്ദ്രമേനോന്‍ നിര്‍ദേശിച്ചു. ഭൂജല ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത് പെപ്സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കമ്പനിയുടെ പ്രവര്‍ത്തനംമൂലം പ്രദേശത്ത് ഭൂജലംഗണ്യമായി കുറഞ്ഞതായി ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം. ഭൂജല ഉപയോഗക്കാര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചു. പ്രതിദിനം ആറുലക്ഷം ലിറ്റര്‍ ഭൂജലം ഉപയോഗിക്കാനാണ് താല്‍ക്കാലിക അനുമതി.

സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് മാന്ദ്യം പിടിമുറുക്കുമെന്ന ആശങ്ക വര്‍ധിപ്പിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദ വാര്‍ഷിക കാലയളവില്‍ മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ (9.4ശതമാനം) അപേക്ഷിച്ച് 7.8 ശതമാനമായി കുറഞ്ഞു. നിര്‍മാണ മേഖലയിലെ വളര്‍ച്ച മുന്‍വര്‍ഷത്തെ 11.2 ശതമാനത്തെ അപേക്ഷിച്ച് 5.5 ശതമാനമായി. ഖനി, ക്വാറി മേഖലയിലെ വളര്‍ച്ച 8.9 ശതമാനത്തില്‍നിന്ന് 1.7 ശതമാനമായി കുറഞ്ഞു. ഹോട്ടല്‍ , ഗതാഗതം, വാര്‍ത്താ വിനിമയം, വ്യാപാരം എന്നീ മേഖലകളിലെ വളര്‍ച്ച 13.7 ശതമാനത്തില്‍നിന്ന് 9.3ശതമാനമായി കുറഞ്ഞു. ബാങ്ക് ഇന്‍ഷുറന്‍സ് തുടങ്ങിയ സര്‍വീസ് മേഖലളിലാണ് വളര്‍ച്ച ഉണ്ടായത്. 6.3ല്‍നിന്ന് ഒമ്പതു ശതമാനമായി. അതേസമയം മൊത്തം ആഭ്യന്തര ഉല്‍പാദനം 2009-10ലെ എട്ടു ശതമാനത്തില്‍നിന്ന് 2010-11 കാലയളവില്‍ 8.5ശതമാനമായി ഉയര്‍ന്നു.

ഹയര്‍ സെക്കന്ററി ഫലത്തില്‍ പിഴവ്

വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്ററി ഫലത്തില്‍ മാറ്റമുണ്ടായതിനെക്കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് സെക്രട്ടറി ഡിപിഐ യോട് രേഖാമൂലം ആവശ്യപ്പെട്ടു. വെബ്സൈറ്റില്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയതായി രേഖപ്പെടുത്തിയ കുട്ടികള്‍ പിന്നീട് തോറ്റതും തോറ്റ കുട്ടികള്‍ പിന്നീട് ജയിക്കുകയുമായിരുന്നു. മോഡറേഷന്‍ നല്‍കിയപ്പോള്‍ വരുത്തിയ മാറ്റിമറിക്കലുകളാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വെബ് സൈറ്റ് തടഞ്ഞിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു.

ജൂണ്‍ 14 അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം

തിരു: സംസ്ഥാനത്ത് ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 47 ദിവസം മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തും. ട്രോളിങ് നിരോധനംമൂലം തൊഴില്‍നഷ്ടം വരുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും മത്സ്യമേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും യോഗം നിരോധനം നടപ്പാക്കാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായി. കലക്ടര്‍മാര്‍ , പൊലീസ് സൂപ്രണ്ടുമാര്‍ , ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗവും ചേര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തീരസംരക്ഷണസേന, നാവികസേന അടക്കമുള്ളവയുടെ സഹകരണവും തേടും. വിദേശ ട്രോളറുകളും അന്യസംസ്ഥാന ട്രോളറുകളും എത്തുന്നത് തടയണമെന്ന്് കേന്ദ്രസര്‍ക്കാരിനോടും മറ്റ് സംസ്ഥാനങ്ങളോടും ആവശ്യപ്പെടും. ഫിഷറീസ് ഡയറക്ടര്‍ എ ഷാജഹാനും യോഗത്തില്‍ പങ്കെടുത്തു.

സോഷ്യലിസ്റ്റ് ജനത നേതൃയോഗത്തില്‍ കൈയാങ്കളി

തിരു: സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന നേതൃയോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. പാളയം ജെ പി ഭവനില്‍ തിങ്കളാഴ്ച നടന്ന നേതൃയോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. യോഗത്തില്‍ കെ കൃഷ്ണന്‍കുട്ടി സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് യോഗത്തില്‍ ബഹളം തുടങ്ങിയത്. പാര്‍ടി യുഡിഎഫില്‍ പോയതുകൊണ്ട് രാഷ്ട്രീയമായി പ്രയോജനമുണ്ടായില്ലെന്നും എല്‍ഡിഎഫില്‍ നിന്നിരുന്നെങ്കില്‍ ഇതിലും മികച്ച പരിഗണന ലഭിക്കുമായിരുന്നെന്നും കൃഷ്ണന്‍കുട്ടിയെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ തുറന്നടിച്ചു. എന്നാല്‍ , ചിറ്റൂരില്‍ കൃഷ്ണന്‍കുട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനിറങ്ങാതിരുന്നതാണ് നേമത്തെ ചാരുപാറ രവിയുടെ പരാജയത്തിനിടയാക്കിയതെന്ന് വീരേന്ദ്രകുമാറിനെ അനുകൂലിക്കുന്നവര്‍ വാദിച്ചു. യോഗത്തില്‍ കൃഷ്ണന്‍കുട്ടിയെ അനുകൂലിക്കുന്നവര്‍ എല്‍ഡിഎഫിനെ അനുകൂലിച്ച് സംസാരിച്ചതാണ് വീരന്‍വിഭാഗത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് മുന്‍ കൗണ്‍സിലര്‍മാര്‍ വാക്കേറ്റത്തെത്തുടര്‍ന്ന് തമ്മലടിക്കുകയായിരുന്നു. സംഘര്‍ഷത്തെതുടര്‍ന്ന് യോഗം നിര്‍ത്തിവച്ചു. സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും.

deshabhimani 310511

1 comment:

  1. തിരുവനന്തപുരത്ത് പട്ടികജാതിക്കാരനായ രജിസ്ട്രേഷന്‍ ഐജിയുടെ ഓഫീസില്‍ ചാണകവെള്ളം തളിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു.

    ReplyDelete