Sunday, May 8, 2011

അഴിമതിക്ക് എതിരെ യു പിയില്‍ സി പി ഐ പ്രക്ഷോഭം

ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാരിന്റെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ സി പി ഐ പ്രക്ഷോഭം തുടങ്ങി. ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ് പ്രക്ഷോഭത്തിന് തുടക്കംകുറിച്ചത്.

സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗമാണ് പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കിയത്. ജനറല്‍ സെക്രട്ടറി എ ബി ബര്‍ധനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢിയും എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്തിരുന്നു. മായാവതി സര്‍ക്കാരിന്റെ നയങ്ങള്‍ കൃഷിക്കാരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം കൂടുതല്‍ ദുരിത

പൂര്‍ണമാക്കിയിരിക്കുകയാണെന്ന് സി പി ഐ കേന്ദ്രസെക്രട്ടറിയേറ്റ് അംഗമായ അതുല്‍കുമാര്‍ അഞ്ജാന്‍ ചൂണ്ടിക്കാട്ടി. അഴിമതി സാര്‍വത്രികമായിരിക്കുന്നു. മായാവതിയുടെയും മറ്റ് ദളിത് നേതാക്കന്‍മാരുടെയും പേരില്‍ പ്രതിമകളും പാര്‍ക്കുകളും സ്ഥാപിക്കുന്ന പരിപാടിയില്‍ വ്യാപകമായ അഴിമതി നടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വകുപ്പുകളില്‍ ഒന്ന് ആരോഗ്യവകുപ്പാണ്. രണ്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കൊല ചെയ്യപ്പെട്ടു. ആരോഗ്യവകുപ്പില്‍ നടമാടുന്ന അഴിമതികള്‍ തുറന്നുകാണിക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ കൊല ചെയ്തത്. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനമാകെ കുത്തഴിഞ്ഞു കിടക്കുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരില്ല, മരുന്നില്ല.
വിദ്യാഭ്യാസമേഖലയെയും മായാവതിസര്‍ക്കാര്‍ അവഗണിച്ചിരിക്കുകയാണെന്ന് അതുല്‍ ചൂണ്ടിക്കാട്ടി. മുപ്പതുലക്ഷത്തിലധികം വീതം ജനസംഖ്യയുള്ള രണ്ടു ജില്ലകളില്‍ ബിരുദാനന്തര കോഴ്‌സുകളുള്ള ഒറ്റ കോളജ് പോലുമില്ല എന്ന വസ്തുത വിദ്യാഭ്യാസമേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പണിയെടുക്കുന്ന കൈത്തറി-ബീഡി വ്യവസായങ്ങള്‍ തകര്‍ച്ചയിലാണ്. തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. വന്‍കിട കോര്‍പ്പറേറ്റുകളുടെ പ്രോജക്ടുകള്‍ക്കുവേണ്ടി കൃഷിഭൂമി ഏറ്റെടുക്കുകയും കൃഷിക്കാരെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാതെയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കര്‍ഷകര്‍ പ്രക്ഷോഭം നടത്തിവരികയാണ്. സമരം ചെയ്യുന്ന കര്‍ഷകരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മായാവതി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മായാവതി സര്‍ക്കാരിന്റെ അഴിമതിക്ക് എതിരെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബി ജെ പിയും പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ ഏതാനും ഉദ്യോഗസ്ഥന്‍മാരെ അഴിമതിക്കുറ്റത്തിന് സി ബി ഐ അറസ്റ്റ് ചെയ്തതു സംസ്ഥാന സര്‍ക്കാരിനു തിരിച്ചടിയായി. യു പി വ്യവസായ വികസന കോര്‍പ്പറേഷന്റെ ചീഫ് എന്‍ജിനീയര്‍ അരുണ്‍മിശ്രയാണ് സി ബി ഐ അറസ്റ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍. കോര്‍പ്പറേഷനില്‍ നടന്ന ഭീമമായ അഴിമതിയില്‍ പങ്കാളിയാണ് മിശ്ര. ലക്‌നൗ ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ മുന്‍ ജോയിന്റ് സെക്രട്ടറി ശ്രീപാല്‍ വര്‍മയാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന്‍.

ദേശീയ തൊഴിലുറപ്പു പദ്ധതിയിലും വ്യാപകമായ അഴിമതി നടക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം കര്‍ഷകതൊഴിലാളികള്‍ക്കു ലഭിക്കുന്നില്ല. ഉദ്യോഗസ്ഥന്‍മാരും കരാറുകാരും വ്യാപകമായി വെട്ടിപ്പു നടത്തുന്നു. ഭരണനേതൃത്വം ഇതിനു കൂട്ടുനില്‍ക്കുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ രാസവളത്തിനും വിത്തിനും നേരിടുന്ന കടുത്ത ക്ഷാമം കാര്‍ഷികമേഖലയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് അതുല്‍ കുമാര്‍ അഞ്ജാന്‍ ചൂണ്ടിക്കാട്ടി.

കക്ഷിവ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും അലട്ടുന്ന മറ്റൊരു പ്രശ്‌നം ക്രമസമാധാന തകര്‍ച്ചയാണ്. സാമൂഹ്യവിരുദ്ധര്‍ക്കും മാഫിയസംഘങ്ങള്‍ക്കും പൊലീസും ഭരണകക്ഷിയും സംരക്ഷണം നല്‍കുന്നതാണ് ക്രമസമാധാനനില വഷളാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രദീപ് കപൂര്‍ janayugom 080511

1 comment:

  1. ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാരിന്റെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ സി പി ഐ പ്രക്ഷോഭം തുടങ്ങി. ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ് പ്രക്ഷോഭത്തിന് തുടക്കംകുറിച്ചത്.

    ReplyDelete