Thursday, August 23, 2012

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത- പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കും: ഐസക്


എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. എന്തുവന്നാലും ഉത്തരവ് പിന്‍വലിക്കില്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി; എക്കാലവും യുഡിഎഫ് സര്‍ക്കാര്‍ തുടുരുമെന്ന് കരുതേണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആലപ്പുഴ കലക്ടറേറ്റ് ഉപരോധ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

2002ല്‍ എ കെ ആന്റണി മന്ത്രിസഭയാണ് പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് ആദ്യ ഉത്തരവ് ഇറക്കിയത്. 2006ല്‍ അധികാരത്തില്‍ വന്ന വി എസ് സര്‍ക്കാര്‍ ആദ്യം ചെയ്തത് ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ഒരു പറ്റം മാധ്യമങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ ജനദ്രോഹ നടപടി തുടരുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 80 ശതമാനം ജീവനക്കാര്‍ പണിമുടക്കിയിട്ടും മുഖ്യധാര മാധ്യമങ്ങള്‍ അതിനെ കണ്ടില്ലെന്ന് നടിച്ചു. ഞങ്ങള്‍ വാര്‍ത്ത കൊടുത്തില്ലെങ്കിലും പത്രം ജനം വാങ്ങുമെന്ന ധാര്‍ഷ്ട്യമാണിക്കൂട്ടര്‍ക്ക്. ഉമ്മന്‍ചാണ്ടിയുടെ അഹങ്കാരത്തിന്റെ അടിസ്ഥാനവുമിതാണ്. കോതമംഗലത്ത് സമരം ചെയ്ത പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്ത ഉമ്മന്‍ചാണ്ടിക്ക് തങ്ങളെ എതിര്‍ക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന ധാര്‍ഷ്ട്യമാണെന്നും ഐസക് പറഞ്ഞു. കേന്ദ്ര യുപിഎ സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങായി മാറി. പ്രകൃതി വിഭവങ്ങള്‍ പോലും കോര്‍പറേറ്റുകള്‍ക്ക് കൈയിട്ടു വാരാന്‍ അനുമതി നല്‍കി. ഈ അനുമതി കിട്ടിയതോടെ കോര്‍പറേറ്റുകള്‍ വന്‍ തോതില്‍ പണം മുടക്കാന്‍ തയ്യാറായതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായത്. എന്നാല്‍ ഇതില്‍ നിയന്ത്രണം വന്നതോടെ രാജ്യത്ത് വളര്‍ച്ചാ മാന്ദ്യം നേരിട്ടു തുടങ്ങി. കാലാവസ്ഥ വ്യതിയാനം കാര്‍ഷികോല്‍പാദനത്തില്‍ ഉണ്ടാക്കുന്ന ഇടിവാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഭക്ഷ്യ കമ്മിസംസ്ഥാനമായ കേരളമാണ് ഇതിന്റെ ഭവിഷ്യത്ത് കൂടുതല്‍ അനുഭവിക്കുക. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പോലും ഭരണാധികാരികള്‍ മെനക്കെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജില്ലയിലെ പൊതുമേഖലാസ്ഥാപനങ്ങളായ കെഎസ്ഡിപിയും ഓട്ടോകാസ്റ്റും, സ്പിന്നിങ് മില്ലും ഹോംകോയും അവഗണന നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 230812

2 comments:

  1. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. എന്തുവന്നാലും ഉത്തരവ് പിന്‍വലിക്കില്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി; എക്കാലവും യുഡിഎഫ് സര്‍ക്കാര്‍ തുടുരുമെന്ന് കരുതേണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആലപ്പുഴ കലക്ടറേറ്റ് ഉപരോധ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. കാത്തിരുന്നോ ..ഇപ്പ ശരിയാക്കിത്തരും ..കമ്പ്യൂട്ടര്‍,പ്രീ ഡിഗ്രി ബോര്‍ഡ്‌,പെന്‍ഷന്‍ ഏകീകരണം ഒന്നും മറക്കല്ലേ ....

    ReplyDelete