Monday, October 17, 2011

അധ്യാപകന് കാവല്‍ പിള്ളയുടെ അടുപ്പക്കാരനായ എസ്ഐ

തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വാളകം സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ നിരീക്ഷിക്കാന്‍ നിയോഗിച്ചത് ആര്‍ ബാലകൃഷ്ണപിള്ളയുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ. കൃഷ്ണകുമാറിന്റെ സുരക്ഷയ്ക്കെന്ന പേരിലാണ് പിള്ളയുടെ അയല്‍വാസിയും അറിയപ്പെടുന്ന അനുയായിയുമായ പുത്തൂര്‍ എസ്ഐ വിജയകുമാറിനെ നിയോഗിച്ചത്. വീടിനു സമീപം പൂക്കട നടത്തുന്ന ഈ ഉദ്യോഗസ്ഥന്‍ പൂക്കട വിജയന്‍ എന്നാണ് അറിയപ്പെടുന്നത്. പിള്ളയുടെ ഇടനിലക്കാനായി പൊലീസിലെ സ്ഥലംമാറ്റങ്ങളില്‍ അടക്കം ഇയാള്‍ ഇടപെടാറുണ്ട്. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കൃഷ്ണകുമാറിനെ വട്ടമിട്ടുനിന്ന ഇയാള്‍ വീട്ടുകാരിലും സമ്മര്‍ദമുണ്ടാക്കി. ആശുപത്രിയില്‍ നടക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ഫോണ്‍ചെയ്ത് ചില കേന്ദ്രങ്ങളെ ഇയാള്‍ അറിയിക്കുന്നുമുണ്ട്.

ഇതിനിടെ, കൃഷ്ണകുമാറിന്റെ ആരോഗ്യനിലയെപ്പറ്റി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയും മറനീക്കി. കൃഷ്ണകുമാറിന് ശാരീരികമായ പരിക്കുകളേ ഉള്ളൂവെന്നും പൂര്‍ണമായ ഓര്‍മശക്തിയുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ഏറ്റവും ഒടുവില്‍ എടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ വാളകത്തുണ്ടായത് വാഹനാപകടമാണെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. ആള്‍ട്ടോ കാറില്‍നിന്ന് തന്നെ വലിച്ചെറിയുകയായിരുന്നുവെന്ന് ബോധം മറയുന്നതിനു മുമ്പ് കൃഷ്ണകുമാര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നല്‍കിയ മൊഴി പാടേ അവഗണിച്ചാണ് വാഹനാപകടമാക്കാനുള്ള പൊലീസിന്റെ അത്യുത്സാഹം. "ആള്‍ട്ടോ വണ്ടിയില്‍നിന്ന് കൂടെയുണ്ടായിരുന്നവര്‍ പുറത്തേക്ക് എറിഞ്ഞതുമൂലമാണ്" മുറിവുണ്ടായതെന്നാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോ. വിജയശ്രീക്ക് നല്‍കിയ മൊഴി. അപ്പോള്‍ അദ്ദേഹത്തിന് സ്വബോധമുണ്ടായിരുന്നുവെന്ന് ആശുപത്രി രേഖയായ വൂണ്ട് സര്‍ട്ടിഫിക്കറ്റിലുണ്ട്.

കടുത്ത രക്തസ്രാവം മൂലം അതീവ ഗുരുതരാവസ്ഥയിലായ കൃഷ്ണകുമാറിന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇപ്പോഴും പൂര്‍ണ മാനസികാരോഗ്യമായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിന്റെ കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. മകളെപ്പോലും കഴിഞ്ഞ ദിവസമാണ് ആദ്യമായി അന്വേഷിച്ചത്. വാര്‍ഡിലേക്കു മാറ്റിയശേഷം ശനിയാഴ്ച വാര്‍ത്താമാധ്യമങ്ങളോട് പ്രതികരിച്ചതും ഇതിനകം മറന്നതായി ബന്ധുക്കള്‍ പറഞ്ഞു. കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ കഴിയാത്തത് സംഭവം ഏല്‍പ്പിച്ച മാനസികാഘാതം മൂലമായിരിക്കാമെന്ന് വിദഗ്ധഡോക്ടര്‍മാര്‍ പറയുന്നു. കടുത്ത ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതു മൂലം മയക്കവും ഉണ്ടാകും. ദിവസങ്ങള്‍ക്കുശേഷമേ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തൂ.
(ആര്‍ സാംബന്‍)

ദേശാഭിമാനി 171011

4 comments:

  1. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വാളകം സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ നിരീക്ഷിക്കാന്‍ നിയോഗിച്ചത് ആര്‍ ബാലകൃഷ്ണപിള്ളയുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ

    ReplyDelete
  2. കാവല്‍ക്കാരനായ പോലീസുദ്ധ്യൊഗസ്ഥനെ മാത്രമല്ല, ഡോക്റ്റര്‍മാരേയ്യും ആശുപത്രി ഭരണ വിഭാഗത്തിനേയും,നേഴ്സുമാരേയും,സഹായികളേയും എല്ലാം മാടമ്പികള്‍ ഏര്‍പ്പെടുത്തിക്കാണും. മറ്റൊരു മാടമ്പി താന്‍ പീഢിപ്പിച്ച സ്ത്രീകള്‍ക്ക് ശമ്പളത്തിനു ഭര്‍ത്തക്കന്മാരെയടക്കം ഏര്‍പ്പെടുത്തിയിരുന്നല്ലോ.സമൂഹത്തെ മാടമ്പി രാഷ്ട്രീയക്കാരില്‍നിന്നും രക്ഷിക്കാന്‍ ജനം ഉണരുകതന്നെ വേണം.ഇന്ത്യയില്‍ ജനാധിപത്യം യാഥാര്‍ത്ഥ്യമാക്കാന്‍ സവര്‍ണ്ണ മാടമ്പിത്വത്തിനെതിരെയുള്ള ജനമുന്നേറ്റം തന്നെ നടക്കേണ്ടതുണ്ട്.

    ReplyDelete
  3. വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി കെ ബി ഗണേശ്കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി ബി പ്രദീപ്കുമാറിനെ പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. വെള്ളിയാഴ്ച വൈകിട്ട് കൊട്ടാരക്കര റൂറല്‍ എസ്പി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് പ്രത്യേക അന്വേഷകസംഘത്തലവന്‍ റൂറല്‍ എസ്പി പ്രകാശിന്റെ നേതൃത്വത്തില്‍ ഇയാളെ ഒരു മണിക്കൂര്‍ ചോദ്യംചെയ്തത്. അധ്യാപകന്‍ കൃഷ്ണകുമാറിനെ മുന്‍പരിചയമുണ്ടെന്നും ഭാര്യ കെ ആര്‍ ഗീതയെ അറിയില്ലെന്നും ഇയാള്‍ പറഞ്ഞതായി സൂചനയുണ്ട്. അധ്യാപകനെ ആക്രമിച്ചത് വെളുത്ത ആള്‍ട്ടോ കാറിനുള്ളില്‍ വച്ചാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രദീപ്കുമാറിനെ ചോദ്യംചെയ്തത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം പകല്‍ വെളുത്ത ആള്‍ട്ടോ കാറില്‍ കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ പ്രദീപ്കുമാര്‍ വാളകം സ്കൂളില്‍ എത്തിയിരുന്നു. ഇയാളുടെ ഭാര്യയുടെ പേരിലുള്ള കാറാണിത്. സ്കൂളില്‍ പോയത് എന്തിനാണെന്നത് സംബന്ധിച്ചും അന്വേഷകസംഘം പ്രദീപ്കുമാറിനോട് ചോദിച്ചറിഞ്ഞു. പ്രദീപ്കുമാറിനെ വരും ദിവസങ്ങളില്‍ വീണ്ടും ചോദ്യംചെയ്യാന്‍ സാധ്യതയുണ്ട്. മന്ത്രി കെ ബി ഗണേശ്കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രഞ്ജിത്തിന്റെ പേരിലുള്ള വെളുത്ത ആള്‍ട്ടോ കാര്‍ ഇടമുളയ്ക്കല്‍ അസുരമംഗലത്ത് റബര്‍തോട്ടത്തില്‍നിന്ന് സംശയാസ്പദ നിലയില്‍ അന്വേഷകസംഘം കണ്ടെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് ബി യുവജനവിഭാഗം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന് ഒരുവര്‍ഷം മുമ്പ് വിറ്റതാണെന്നും ജോബാണ് ഇപ്പോള്‍ കാര്‍ ഉപയോഗിക്കുന്നതെന്നുമാണ് രഞ്ജിത് അന്വേഷകസംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ , ഈ കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ സ്വദേശിയായ ജ്യോത്സ്യന്‍ ശ്രീകുമാറിനെ അന്വേഷകസംഘം വെള്ളിയാഴ്ച വീണ്ടും ചോദ്യംചെയ്തു.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete