Monday, August 1, 2011

മുതലാളിമാര്‍ 24 മണിക്കൂറും ജോലിചെയ്യിക്കുന്നു: കാനം

കൊല്ലം: തൊഴില്‍ മേഖലയില്‍ 24 ഃ 7 എന്ന മുദ്രാവാക്യം നടപ്പിലാക്കാന്‍ കരുനീക്കം നടക്കുന്നതായി എ ഐ ട ിയു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 24 മണിക്കൂറും ഏഴ് ദിവസവും ജോലിചെയ്യുക എന്നാണീ മുദ്രാവാക്യത്തിന്റെ അര്‍ഥം. എട്ട് മണിക്കൂര്‍ ജോലി എന്ന അവകാശം അട്ടിമറിക്കാനുള്ള നീക്കമാണ് പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെസിഇസി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്‍മാര്‍ 24 മണിക്കൂറും ജോലിചെയ്യുന്നവരാണ്. 365 ദിവസവും ഇപ്രകാരം ഇവര്‍ ജോലി ചെയ്യണം. ഒരു ദിവസം വ്യക്തിപരമായ ആവശ്യത്തില്‍ അവധി എടുക്കാന്‍ പകരം ആളെ നിയോഗിക്കേണ്ട ചുമതലയും ആ ടെക്‌നീഷ്യന്റേതാണ്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇപ്രകാരം ജോലി ചെയ്യേണ്ട സ്ഥിതി ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പുതിയ ഐടി നയത്തില്‍ 24 മണിക്കൂറും ജോലി നടക്കുന്ന രംഗമെന്ന നിലയില്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ ജോലി മൂന്ന് ഷിഫ്റ്റുകളായി നടപ്പാക്കുന്നതിനുപകരം, ജീവനക്കാരില്‍ അദ്ധ്വാനഭാരം വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണിതിനു പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ പുരോഗതി തൊഴിലാളികളുടെ ചെലവില്‍ വേണമെന്ന സര്‍ക്കാരിന്റെ ആശയമാണിതില്‍ പ്രതിഫലിക്കുന്നത്. തൊഴില്‍ മേഖലയിലേക്കുള്ള മൂലധനശക്തികളുടെ അധിനിവേശത്തെ ചെറുക്കണമെന്നും കാനം ആവശ്യപ്പെട്ടു.

പ്രത്യേക സാമ്പത്തിക മേഖല (സിഇഇസഡ്) കേരളത്തില്‍ നടപ്പാക്കാന്‍ 12 നിബന്ധനകള്‍ പാലിക്കണമെന്ന് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ 2005ലെ കേന്ദ്രനിയമം അതേപടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം ചെയ്യും.

സര്‍ക്കാര്‍ എടുത്തുനല്‍കുന്ന ഭൂമിയില്‍ 70 ശതമാനവും ബന്ധപ്പെട്ട വ്യവസായത്തിനുതന്നെ വിനിയോഗിക്കണമെന്ന എല്‍ഡിഎഫ് നിബന്ധന മാറ്റി 50 ശതമാനം എന്നാക്കി. എറണാകുളം ജില്ലയിലെ ചെങ്ങമനാട്, കാക്കനാട് പോലെയുള്ള ഭാഗങ്ങളില്‍ സെന്റീമീറ്ററിന് ലക്ഷങ്ങള്‍ വിലയുള്ളപ്പോള്‍ യുഡിഎഫ് ഭേദഗതിയിലൂടെ 20 ശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കാന്‍ അനുവദിക്കുന്നതിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സൗജന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

janayugom 010811

1 comment:

  1. തൊഴില്‍ മേഖലയില്‍ 24 ഃ 7 എന്ന മുദ്രാവാക്യം നടപ്പിലാക്കാന്‍ കരുനീക്കം നടക്കുന്നതായി എ ഐ ട ിയു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 24 മണിക്കൂറും ഏഴ് ദിവസവും ജോലിചെയ്യുക എന്നാണീ മുദ്രാവാക്യത്തിന്റെ അര്‍ഥം. എട്ട് മണിക്കൂര്‍ ജോലി എന്ന അവകാശം അട്ടിമറിക്കാനുള്ള നീക്കമാണ് പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete