Saturday, August 6, 2011

പട്ടികയായി; 810 തപാല്‍ ഓഫീസുകളില്‍ എടിഎം

കൊച്ചി: തപാല്‍ ഓഫീസുകളെ കോര്‍ ബാങ്കിങ് ശൃംഖലവഴി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കുന്ന പോസ്റ്റ്ഓഫീസുകളുടെ അന്തിമപട്ടിക തയ്യാറായി. രാജ്യത്തെ 810 തപാല്‍ ഓഫീസുകളിലാണ് ആദ്യഘട്ടത്തില്‍ എടിഎം സ്ഥാപിക്കുക. കേരളത്തില്‍ 50 ഹെഡ് പോസ്റ്റ്ഓഫീസുകളിലാണ് എടിഎം. ഇതുസംബന്ധിച്ച നിര്‍ദേശം തപാല്‍ ഡയറക്ടറേറ്റ് പുറത്തിറക്കി. 2012 മാര്‍ച്ചിനുമുമ്പ് എടിഎം തുറക്കാനാവശ്യമായ പ്രവര്‍ത്തനം തപാല്‍വകുപ്പ് ഊര്‍ജിതമാക്കി. തപാല്‍ ഓഫീസുകളില്‍ സേവിങ്സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ഡെബിറ്റ് കാര്‍ഡുകളും വിതരണംചെയ്യും. 1000 പോസ്റ്റ്ഓഫീസുകളില്‍ എടിഎം സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ , വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയും അനുബന്ധ സൗകര്യങ്ങള്‍ തയ്യാറാക്കാത്തതുമായ 190 പോസ്റ്റ്ഓഫീസുകളെ ഒഴിവാക്കാന്‍ തപാല്‍ ഡയറക്ടറേറ്റ് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ ബാങ്കിങ് സംവിധാനം നിലവില്‍വരുന്നതോടെ പോസ്റ്റല്‍ സേവിങ്സ് അക്കൗണ്ടുകള്‍ , തപാല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളെല്ലാം ഇതുവഴി സാധ്യമാകും.

കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലെയും ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ എടിഎം തുറക്കും. ജില്ലതിരിച്ചു തുടങ്ങുന്നത് ഇങ്ങനെ: എറണാകുളം, ആലപ്പുഴ, തൃശൂര്‍ , കോട്ടയം -5, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട് -4, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ -3, ഇടുക്കി, കാസര്‍കോട് -2, വയനാട് -1. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തപാല്‍ ബാങ്കിങ്ങിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് കേന്ദ്രം അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ രാജ്യത്തെ 1.44 ലക്ഷം പോസ്റ്റ്ഓഫീസുകളെയും ബന്ധിപ്പിച്ച് ബാങ്കിങ് ആരംഭിക്കാനാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടമായാണ് കോര്‍ ബാങ്കിങ്. തപാല്‍വകുപ്പ് നല്‍കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ എല്ലാ ബാങ്കുകളുടെയും എടിഎമ്മില്‍ ഉപയോഗിക്കുന്നതിന് ബാങ്കുകളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഏറ്റവുമധികം ശാഖകളുള്ള സ്ഥാപനം എന്ന നിലയില്‍ തപാല്‍വകുപ്പ് ബാങ്ക് ആരംഭിക്കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കടക്കം എതിര്‍പ്പുണ്ട്.

deshabhimani 060811

1 comment:

  1. തപാല്‍ ഓഫീസുകളെ കോര്‍ ബാങ്കിങ് ശൃംഖലവഴി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കുന്ന പോസ്റ്റ്ഓഫീസുകളുടെ അന്തിമപട്ടിക തയ്യാറായി. രാജ്യത്തെ 810 തപാല്‍ ഓഫീസുകളിലാണ് ആദ്യഘട്ടത്തില്‍ എടിഎം സ്ഥാപിക്കുക. കേരളത്തില്‍ 50 ഹെഡ് പോസ്റ്റ്ഓഫീസുകളിലാണ് എടിഎം. ഇതുസംബന്ധിച്ച നിര്‍ദേശം തപാല്‍ ഡയറക്ടറേറ്റ് പുറത്തിറക്കി.

    ReplyDelete