Friday, August 5, 2011

ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച

ഓഹരി വിപണിയില്‍ വെള്ളിയാഴ്ച അമ്പേ തകര്‍ന്നു. ബോംബെ സൂചികയായ സെന്‍സെക്സ് ഒരുവേള 600 പോയന്റിലധികം ഇടിഞ്ഞുവെങ്കിലും പിന്നീട് നില അല്‍പം മെച്ചപ്പെടുത്തി. 387.31 പോയന്റ് ഇടിഞ്ഞ് 17,305.87 ലാണ് സെന്‍സക്സ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയസൂചിക നിഫ്റ്റി 120.55 പോയന്റ് ഇടിഞ്ഞ് 5,211.25 ല്‍ ക്ലോസ് ചെയ്തു. അമേരിക്കയിലേയും യൂറോപ്പിലേയും സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് ലോകമാകെയുള്ള ഓഹരി മേഖലയില്‍ ദൃശ്യമാകുന്നത്.

മുന്‍ നിര ഓഹരികളില്‍ ടിസിഎസ്, റിലയന്‍സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ , ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയിലും ഇടിവ് ദൃശ്യമായി. ദിവസങ്ങളായി ഓഹരി വിപണി ചാഞ്ചാട്ടത്തിലും നഷ്ടത്തിലുമാണ്. വ്യാഴാഴ്ച തുടക്കത്തില്‍ നേരിയ മുന്നേറ്റമുണ്ടാക്കി സൂചിക 18000 കടന്നുവെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞു. ഭക്ഷ്യപണപ്പെരുപ്പത്തിലും ബാങ്കുകളിലെ പലിശനിരക്കിലും ഉണ്ടായ വര്‍ദ്ധന വിപണിയിലെ ഇടിവിന് കാരണമായി. മറ്റ് ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ് നീങ്ങുന്നത്. ഹോങ്കോങ് സൂചികയായ ഹാങ് സെങ് 4.81 ശതമാനവും ജപ്പാന്‍ സൂചിക നിക്കി 3.36 ശതമാനവും ഇടിഞ്ഞു. അമേരിക്കയിലെ ഡോ ജോണ്‍സ് സൂചിക 4.31 ശതമാനം നഷ്ടത്തിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 2008 ഡിസംബറിനുശേഷം ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്.

deshabhimani news

3 comments:

  1. ഓഹരി വിപണിയില്‍ വെള്ളിയാഴ്ച അമ്പേ തകര്‍ന്നു. ബോംബെ സൂചികയായ സെന്‍സെക്സ് ഒരുവേള 600 പോയന്റിലധികം ഇടിഞ്ഞുവെങ്കിലും പിന്നീട് നില അല്‍പം മെച്ചപ്പെടുത്തി. 387.31 പോയന്റ് ഇടിഞ്ഞ് 17,305.87 ലാണ് സെന്‍സക്സ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയസൂചിക നിഫ്റ്റി 120.55 പോയന്റ് ഇടിഞ്ഞ് 5,211.25 ല്‍ ക്ലോസ് ചെയ്തു. അമേരിക്കയിലേയും യൂറോപ്പിലേയും സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് ലോകമാകെയുള്ള ഓഹരി മേഖലയില്‍ ദൃശ്യമാകുന്നത്.

    ReplyDelete
  2. വാഷിങ്ടണ്‍ : സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ കടപരിധി കൂട്ടി പുതിയ നിയമം പുറത്തിറക്കിയിട്ടും അമേരിക്കന്‍ ഓഹരിവിപണി കരകയറുന്നില്ല. ഈ രംഗത്തെ വിദഗ്ധ ഏജസിയായ "സ്റ്റാന്‍ന്റേര്‍ഡ് ആന്റ് പുവര്‍" യുഎസ് വിപണിയുടെ റേറ്റിങ് കുറച്ചു. റേറ്റിങ് "എഎഎ" യില്‍ നിന്ന് തൊട്ടുതാഴെയുള്ള "എഎ+" ലേക്കാണ് താഴ്ത്തിയത്. സാമ്പത്തിക രംഗത്ത് പ്രത്യേകിച്ച് സ്റ്റോക്ക് എക്സ്ചേഞ്ച് രംഗത്ത് ഗവേഷണം നടത്തുന്ന "മെക് ഗ്രോ ഹില്‍" കമ്പനിയുടെ കീഴിലുള്ള ഏജന്‍സിയായ "സ്റ്റാന്‍ന്റേര്‍ഡ് ആന്റ് പുവര്‍"് ആണ് അമേരിക്കന്‍ സ്റ്റോക്ക് വിപണിയെ നിയന്ത്രിക്കുന്നത്. റേറ്റിങ് നിലവില്‍വന്ന 1917 നുശേഷം ആദ്യമായാണ് യുഎസ് വിപണിയുടെ റേറ്റിങ് കുറയ്ക്കുന്നത്. ഒരുദിവസം അമേരിക്കന്‍ വിപണിയില്‍ വന്ന ഏറ്റവും വലിയ ഇടിവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. അമേരിക്കയിലെ പ്രമുഖ വ്യാവസായിക സൂചികയായ ഡോ ജോണ്‍സ് ഈ ആഴ്ച 699 പോയന്റ് ഇടിഞ്ഞു. 2008 ഒക്ടോബറിനുശേഷം വന്ന ഏറ്റവും വലിയ ഇടിവാണിത്. മറ്റ് പ്രമുഖ സൂചികകളിലും കഴിഞ്ഞ ആഴ്ച കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ വിപണിയിലുണ്ടായ ഇടിവ് ലോകത്താകെ അലയടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഹരി വിപണിയിലെ കനത്ത തകര്‍ച്ച രാജ്യത്തെ പ്രമുഖ വാര്‍ത്താമാധ്യമങ്ങളെല്ലാം അതീവ പ്രാധാന്യത്തോടെയാണ് റിപ്പോട്ട് ചെയ്തത്.

    ReplyDelete
  3. ഇന്ത്യന്‍ ഓഹരി വിപണി മൂക്കുകുത്തി
    മുംബൈ: ഇന്ന്‌ വ്യാപാരം പുനരാരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണിക്ക്‌ തുടക്കത്തിലേ കാലിടറി. വ്യാപാരം ആരംഭിച്ച്‌ ആദ്യ മണിക്കൂറില്‍തന്നെ മുംബൈ ഓഹരി സൂചിക സെന്‍സെകസ്‌ 508.34 പോയിന്റ്‌ നഷ്ടം നേരിട്ടു. 17,000 പോയിന്റിനും താഴെ, 16797.53 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇപ്പോള്‍.
    ദേശീയ ഓഹരി സൂചിക 146.40 പോയിന്റാണ്‌ ഇടിഞ്ഞത്‌. 5064.85 പോയിന്റില്‍ വ്യാപാരം തുടരുന്ന നിഫ്‌ടി 5,000 മാര്‍ക്കിന്‌ താഴേക്ക്‌ വീഴുമെന്ന അവസ്ഥയിലാണ്‌ ഇപ്പോള്‍. മിിഡ്‌ക്യാപ്‌ 191.42 പോയിന്റിന്റെയും സ്‌മാള്‍ക്യാപ്‌ 265.33 പോയിന്റിന്റെയും നഷ്ടം നേരിടുന്നുണ്ട്‌. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയതിന് പിന്നാലെ ആഗോള വിപണിയിലുണ്ടായ നഷ്ടത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ സൂചികകളിലും ദൃശ്യമാവുന്നത്.

    ReplyDelete