Monday, August 8, 2011

പാമോയില്‍ കേസ്‌: ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ കോടതി

തിരുവനന്തപുരം: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയുടേതാണ്‌ നിര്‍ദേശം. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ടതില്ലെന്ന്‌ കാണിച്ച്‌ വിജിലന്‍സ്‌ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട്‌ കോടതി തള്ളി.മൂന്ന്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

ഉമ്മന്‍ചാണ്ടിക്ക്‌ ഇടപാടില്‍ പങ്കില്ലെന്നായിരുന്നു വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌. അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും അറിവോടെയാണ്‌ പാമോയില്‍ ഇറക്കുമതിക്ക്‌ തീരുമാനമെടുത്തതെന്ന മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി ടി എച്ച്‌ മുസ്‌തഫയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്‌ കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നത്‌. പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള നിര്‍ദേശം അജണ്ടയ്‌ക്ക്‌ പുറത്തുള്ള ഇനമായി ചര്‍ച്ച ചെയ്‌ത മന്ത്രിസഭായോഗത്തില്‍ ടി എച്ച്‌ മുസ്‌തഫയോടൊപ്പം ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടിരുന്നതായി കോടതി നിരീക്ഷിച്ചു.

ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഒന്നരമാസം ഇത്‌ സംബന്ധിച്ച ഫയല്‍ ഉണ്ടായിരുന്നു. 15 ശതമാനം സേവന നികുതി ഈടാക്കി പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയത്‌ ധനമന്ത്രിയുടെ അറിവോടെയാണെന്നും കോടതി വിലയിരുത്തി. ഈ മൂന്ന്‌ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കാന്‍ വിജിലന്‍സ്‌ കോടതി ജഡ്‌ജി പി കെ മുഹമ്മദ്‌ ഹനീഫ ആവശ്യപ്പെട്ടത്‌. ഇക്കാര്യങ്ങളൊന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പാമോയില്‍ ഇറക്കുമതി ചെയ്യുന്ന കാര്യം തനിക്കറിയാമായിരുന്നുവെന്ന്‌ ഉമ്മന്‍ചാണ്ടി നേരത്തെ സമ്മതിച്ചിരുന്നു. കേരളത്തില്‍ ഭക്ഷ്യ എണ്ണയുടെ ദൗര്‍ലഭ്യമുണ്ടായ സാഹചര്യത്തില്‍ മലേഷ്യയില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്‌തതില്‍ അഴിമതി നടന്നുവെന്നാണ്‌ കേസ്‌. ടി എച്ച്‌ മുസ്‌തഫ കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പങ്കും വ്യക്തമാക്കിയത്‌. ഇടപാടിന്‌ അംഗീകാരം നല്‍കിയ അന്നത്തെ ധനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ തന്നെ മാത്രം കേസിലേക്ക്‌ വലിച്ചിഴയ്‌ക്കുകയായിരുന്നുവെന്നായിരുന്നു എന്നാണ്‌ ടി എച്ച്‌ മുസ്‌തഫ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌.

ഉമ്മന്‍ചാണ്ടിയുടെ രാജിയല്ലാതെ മറ്റ്‌ പോംവഴിയില്ല: വി എസ്‌

തിരുവനന്തപുരം: കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അധികാരത്തില്‍ തുടരണോയെന്ന്‌ ഉമ്മന്‍ചാണ്ടി നിശ്ചയിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടതിയുടെ നിരീക്ഷണത്തില്‍ ഒരു വിധിയുടെ സ്വഭാവമുണ്ട്‌. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിയല്ലാതെ മറ്റൊരു പോംവഴിയും ഇല്ല. അതുകൊണ്ട്‌ രാജിയുണ്ടാകുമെന്നാണ്‌ താന്‍ കരുതുന്നതെന്നും വി എസ്‌ പറഞ്ഞു.

കേസില്‍ കോടതിവിധി പ്രതികൂലമാകുമെങ്കില്‍ താന്‍ സ്വീകരിക്കുന്ന നിലപാട്‌ ഉമ്മന്‍ചാണ്ടി നേരത്തേ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ആ വാക്ക്‌ ഉമ്മന്‍ചാണ്ടി പാലിക്കണമെന്നും വി എസ്‌ ആവശ്യപ്പെട്ടു.

ഉത്തരവ്‌ പഠിച്ചശേഷം അഭിപ്രായം: മുഖ്യമന്ത്രിയുടെ ഓഫീസ്‌

തിരുവനന്തപുരം: പാമോയില്‍ കേസിലെ വിജിലന്‍സ്‌ കോടതിയുഡെ ഉത്തരവ്‌ വിശദമായി പഠിച്ചശേഷം പ്രതികരിക്കുമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയുടെ നിര്‍ദേശത്തിന്‌ ശേഷം നല്‍കിയ പ്രാഥമിക വിശദീകരണത്തിലാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കിയിട്ടില്ല: ആര്യാടന്‍

പത്തനംതിട്ട: പാമോയില്‍ കേസിലെ കോടതി ഉത്തരവ്‌ ഉമ്മന്‍ചാണ്ടിക്കെതിരായ വിധിയല്ലെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്‌. കേസില്‍ അന്വേഷണം നടത്താന്‍ മാത്രമാണ്‌ കോടതി ഉത്തരവിട്ടത്‌. ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന്‌ കോടതി ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ആര്യാടന്‍ ചൂണ്‌ടിക്കാട്ടി.

janayugom news

4 comments:

  1. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയുടേതാണ്‌ നിര്‍ദേശം. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ടതില്ലെന്ന്‌ കാണിച്ച്‌ വിജിലന്‍സ്‌ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട്‌ കോടതി തള്ളി.മൂന്ന്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

    ReplyDelete
  2. പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സിന്റെ ചുമതല ഒഴിയണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഈ കേസില്‍ തനിക്കെതിരെയുള്ള അന്വേഷണത്തിന് ഉമ്മന്‍ചാണ്ടി തന്നെ നേതൃത്വം കൊടുത്താല്‍ നിഷ്പക്ഷമായ അന്വേഷണമുണ്ടാവുമെന്നു കരുതുന്നില്ല. മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളിയ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെ തല്‍സ്ഥാനത്തു നിന്നും നീക്കണം. അന്നത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കാമെന്ന റിപ്പോര്‍ട്ട് വിജിലന്‍സിനു കൈമാറിയിരുന്നു. ഇക്കാര്യം സൂചിപ്പിക്കുകപോലും ചെയ്യാതെയാണ് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തത്. ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണിപ്പോള്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേസില്‍ തുടരന്വേഷണം ആവശ്യമാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍ . വിജിലന്‍സ് കേസില്‍ അന്വേഷണം നടക്കുന്ന മന്ത്രി തന്നെ അതിന് മേല്‍നോട്ടം കൊടുക്കുന്നത് ആദ്യമാണ്. പുതിയ സര്‍ക്കാര്‍ ഉണ്ടാകുമെന്നു സൂചന കിട്ടിയ മെയ് 13 നാണ് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പുതിയ മന്ത്രിസഭയെ പ്രീതിപ്പെടുത്താനുള്ളതാണെന്നതില്‍ സംശയമില്ല. കേസ് തള്ളിക്കളയുന്നതിനുവേണ്ടി സെക്രട്ടറിയറ്റില്‍ ഒരു ഫയല്‍ രൂപപ്പെടുത്തുന്നതായി അറിയാന്‍ കഴിഞ്ഞു.

    ReplyDelete
  3. മതിയായ തെളിവില്ലാതെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും അദ്ദേഹം രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളും പറഞ്ഞു. വിജിലന്‍സ് വകുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ വകപ്പിന്റെ ചുമതല ആര്‍ക്കെന്നൊക്കെ പാര്‍ട്ടിയാണ് തീരുമാനക്കുകയെന്നും ചെന്നിത്തല തുടര്‍ന്നു. വിജിലന്‍സ് കോടതി ഉത്തരവ് വന്നശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ഉമ്മന്‍ചാണ്ടിയും കക്ഷി നേതാക്കളായ കെ എം മാണി, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും ഒരു അന്വേഷണത്തെക്കൂടി നേരിടാന്‍ ഭയമില്ലെന്നും അവര്‍ പറഞ്ഞു.

    ReplyDelete
  4. പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് കേസില്‍ ധനമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടത്തിയ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് മൂന്ന് കാരണങ്ങളും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന വാദം കോടതി ഉത്തരവോടെ അസാധുവായിരിക്കുകയാണ്. കോടതിയില്‍നിന്ന് പ്രതികൂല നിലപാടുണ്ടായാല്‍ ഭരണാധികാരം ഏല്‍ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായി അദ്ദേഹത്തോട് അടുപ്പമുള്ള മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നു. കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ധാര്‍മികമായും രാഷ്ട്രീയമായും നിയമപരമായും അധികാരത്തില്‍ തുടരാനുള്ള അര്‍ഹത ഉമ്മന്‍ചാണ്ടിക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. പാമോയില്‍ കേസിലെ സാധുത സുപ്രീം കോടതി പരിശോധിച്ചതാണെന്നും പിണറായി തുടര്‍ന്നു.

    ReplyDelete