Thursday, August 11, 2011

സുപ്രീംകോടതിക്ക് ഗൗരവമുള്ള കേസ്

ന്യൂഡല്‍ഹി: പാമൊലിന്‍ അഴിമതി കേസ് സുപ്രീംകോടതി കണ്ടത് ഏറെ ഗൗരവത്തോടെ. കേന്ദ്ര വിജിലന്‍സ് കമീഷണറായി പി ജെ തോമസിനെ നിയമിച്ചത് സുപ്രീംകോടതി അസാധുവാക്കിയത് അദ്ദേഹം പാമൊലിന്‍ കേസില്‍ പ്രതിയാണ് എന്നതുകണക്കിലെടുത്താണ്. ഒരു കോടതി പരിഗണിക്കുന്ന അഴിമതിക്കേസില്‍ പ്രതിപ്പട്ടികയിലുള്ള ഒരാളെ അഴിമതി തടയുന്നതിനുള്ള കേന്ദ്രസംവിധാനത്തിന്റെ പരമോന്നത സ്ഥാനത്ത് എങ്ങിനെ പ്രതിഷ്ഠിക്കുമെന്നാണ് സുപ്രീംകോടതി ചോദിച്ചത്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി നല്‍കിയ ഉത്തരവ് ഗൗരവത്തോടെ കാണേണ്ടെന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ അപ്രസക്തമാക്കുന്നതാണ് സുപ്രീംകോടതി മൂന്നുമാസം മുമ്പ് നടത്തിയ നിരീക്ഷണം.

കേരളത്തില്‍നിന്ന് 2008ലാണ് പി ജെ തോമസ് കേന്ദ്രസര്‍വീസിലേക്ക് സ്വയം ആവശ്യപ്പെട്ട് പോയത്. 2010 സെപ്തംബറില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര വിജിലന്‍സ് കമീഷണറായി(സിവിസി) നിയമിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങിയ ഉന്നതാധികാര സമിതിയാണ് സിവിസിയെ നിയമിക്കുന്നത്. ഇവരുടെ യോഗത്തില്‍ സുഷമാസ്വരാജ് പി ജെ തോമസിനെതിരായ പാമൊലിന്‍ കേസിന്റെ കാര്യം ചൂണ്ടിക്കാട്ടി നിയമനത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ സെന്റര്‍ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനും മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാമൊലിന്‍ കേസിന്റെ പേരില്‍ പരമോന്നതമായ ഒരു സ്ഥാനത്തിരിക്കുന്നയാളെ നീക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്നാണ് അന്ന് സര്‍ക്കാര്‍ വാദിച്ചത്. വിശദമായ അന്വേഷണത്തിനു ശേഷം രാഷ്ട്രപതിക്കു മാത്രമേ അതിനു അധികാരമുള്ളുവെന്നും സര്‍ക്കാര്‍ പി ജെ തോമസിനു വേണ്ടി കേടതിയില്‍ വാദിച്ചു.

ഈ വാദങ്ങള്‍ തള്ളിയ കോടതി പാമൊലിന്‍ കേസില്‍ എട്ടാം പ്രതിയാണ് പി ജെ തോമസെന്നും ഈ കേസ് തീര്‍ന്നിട്ടില്ലെന്നും പറഞ്ഞു. പി ജെ തോമസിന്റെ നിയമനം അസാധുവുമാക്കി. ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍ , കെ എസ് രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദംകേട്ട് വിധി പുറപ്പെടുവിച്ചത്. പാമൊലിന്‍ അഴിമതിക്കേസില്‍ തോമസിനെതിരെ നിലനില്‍ക്കുന്ന കുറ്റപത്രം പരിഗണിക്കാതെ സിവിസിയായി തോമസിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവിയില്‍ സിവിസി സ്ഥാനത്തേക്ക് ആളുകളെ പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പാലിക്കേണ്ട ഏഴുനിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. കേന്ദ്രസര്‍വീസിലേക്ക് വരുന്നതിന് വിജിലന്‍സ് അനുമതി നല്‍കിയതിനാല്‍ തോമസിനെ സിവിസിയായി നിയമിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാല്‍ , പാമൊലിന്‍ കേസ് പരിഗണിക്കാതെ എങ്ങനെയാണ് വിജിലന്‍സ് അനുമതി നല്‍കിയതെന്ന് വിശദീകരിക്കുന്നില്ല.
(ദിനേശ് വര്‍മ)

deshabhimani  110811

2 comments:

  1. പാമൊലിന്‍ അഴിമതി കേസ് സുപ്രീംകോടതി കണ്ടത് ഏറെ ഗൗരവത്തോടെ. കേന്ദ്ര വിജിലന്‍സ് കമീഷണറായി പി ജെ തോമസിനെ നിയമിച്ചത് സുപ്രീംകോടതി അസാധുവാക്കിയത് അദ്ദേഹം പാമൊലിന്‍ കേസില്‍ പ്രതിയാണ് എന്നതുകണക്കിലെടുത്താണ്. ഒരു കോടതി പരിഗണിക്കുന്ന അഴിമതിക്കേസില്‍ പ്രതിപ്പട്ടികയിലുള്ള ഒരാളെ അഴിമതി തടയുന്നതിനുള്ള കേന്ദ്രസംവിധാനത്തിന്റെ പരമോന്നത സ്ഥാനത്ത് എങ്ങിനെ പ്രതിഷ്ഠിക്കുമെന്നാണ് സുപ്രീംകോടതി ചോദിച്ചത്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി നല്‍കിയ ഉത്തരവ് ഗൗരവത്തോടെ കാണേണ്ടെന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ അപ്രസക്തമാക്കുന്നതാണ് സുപ്രീംകോടതി മൂന്നുമാസം മുമ്പ് നടത്തിയ നിരീക്ഷണം.

    ReplyDelete
  2. പാമോലിന്‍ ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ കേസ് രാഷ്ട്രീയ പ്രേരിതമാണ്. അസാധാരണമായ വിധിയാണ് വിജിലന്‍സ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്്. കേസിനു പിന്നിലെ നിയമകാര്യങ്ങള്‍ പഠിക്കും. മദ്യനയത്തിന്റെ ഭാഗമായി ചില നിര്‍ദേശങ്ങള്‍ കൂടി യുഡിഎഫിനു മുമ്പാകെ വെക്കും. അതിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

    ReplyDelete