Friday, August 12, 2011

സാമ്പത്തിക നയത്തിനെതിരെ സഭയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ സഭയില്‍ പ്രതിപക്ഷ പാര്‍ടികളുടെ പ്രതിഷേധം. സ്വന്തം സാമ്പത്തികസ്ഥിതി തകര്‍ന്നടിയുന്ന അമേരിക്കയെ നോക്കി ഇന്ത്യ നയങ്ങള്‍ സ്വീകരിച്ചാല്‍ തകര്‍ച്ചയാകും ഫലമെന്ന് പ്രതിപക്ഷം ഓര്‍മിപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞ് ബിജെപി, ബിഎസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചതുമൂലം അല്‍പ്പനേരം സഭ തടസ്സപ്പെട്ടു. മുറാദാബാദിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ബഹളം. സുപ്രധാന ബില്‍ ചര്‍ച്ചചെയ്യുമ്പോള്‍ സഭയില്‍ ക്യാബിനറ്റ്മന്ത്രിമാര്‍ ആരും ഇല്ലാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമഭേദഗതി ബില്‍ ചര്‍ച്ച ചെയ്യവെയാണ് ക്യാബിനറ്റ് മന്ത്രിമാര്‍ സ്ഥലംവിട്ടത്. ബിജെപിയിലെ ഷാനവാസ് ഹുസൈനും സിപിഐ എമ്മിലെ എ സമ്പത്തുമാണ് പ്രശ്നം ഉന്നയിച്ചത്. തുടര്‍ന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബെന്‍സല്‍ ഓടിയെത്തുകയായിരുന്നു.

ശൂന്യവേളയിലാണ് സര്‍ക്കാരിന്റെ സാമ്പത്തികനയത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നത്. സിപിഐ എം നേതാവ് ബസുദേവ് ആചാര്യയാണ് അമേരിക്കന്‍നയങ്ങള്‍ പിന്തുടരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി ആദ്യം രംഗത്തുവന്നത്. അമേരിക്കയിലെ സാമ്പത്തികപ്രശ്നവും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുരളീമനോഹര്‍ജോഷി പറഞ്ഞു. വിവരസാങ്കേതികരംഗത്ത് ജോലിചെയ്യുന്ന ഒട്ടേറെ ഇന്ത്യക്കാര്‍ അമേരിക്കയിലുണ്ട്. അവരുടെ ഭാവിയും അപകടത്തിലാണ്. അമേരിക്കയുടെ സാമ്പത്തികനയങ്ങളാണ് അവിടത്തെ തകര്‍ച്ചയ്ക്കു കാരണം. പ്രധാനമന്ത്രിയും ധനമന്ത്രിയും പറയുന്നത് ഇന്ത്യയുടെ ധനസ്ഥിതി ഭദ്രമാണെന്നാണ്. എന്നാല്‍ , വിപണിയില്‍നിന്നുള്ള വാര്‍ത്ത അങ്ങനെയല്ല- ജോഷി പറഞ്ഞു.

സര്‍ക്കാരിന്റെ സാമ്പത്തികനയം തുടര്‍ന്നാല്‍ അമേരിക്കയില്‍ നടക്കുന്നത് ഇവിടെയും താമസിയാതെ സംഭവിക്കുമെന്ന് സിപിഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു. അമേരിക്കയുടെ പിന്നാലെ പോയി കുഴിയില്‍ ചാടാതെ സ്വന്തം മാതൃകയാണ് നാം സൃഷ്ടിക്കേണ്ടെതെന്ന് സമാജ്വാദിപാര്‍ടി നേതാവ് മുലായംസിങ് യാദവ് പറഞ്ഞു. ലാലുപ്രസാദ് യാദവ്, ശരത്യാദവ് തുടങ്ങിയവരും സാമ്പത്തികപരിഷ്കാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. അസോസിയേറ്റ് ബാങ്കുകളുടെ ബോര്‍ഡ് അംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിയമനത്തിനും ഓഹരി കൈമാറാനുമുള്ള റിസര്‍വ് ബാങ്കിന്റെ അധികാരം കേന്ദ്രസര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്ന ഭേദഗതിയാണ് സഭ വ്യാഴാഴ്ച പാസാക്കിയത്. പൊതുമേഖലയിലുള്ള ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയാണ് ഭേദഗതിയെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. അവയവങ്ങള്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച 94ലെ നിയമത്തിനുള്ള ഭേദഗതിയും സഭ പാസാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച് മന്ത്രി അജയ്മാക്കന്റെ പ്രസ്താവനയിന്മേലുള്ള ചര്‍ച്ച സഭയില്‍ നടന്നില്ല. വെള്ളിയാഴ്ച ചര്‍ച്ച നടക്കുമെന്നും പ്രധാനമന്ത്രി മറുപടി പറയുമെന്നും സ്പീക്കര്‍ അറിയിച്ചു.
(ദിനേശ്വര്‍മ)

സഭയില്‍ ചര്‍ച്ചകള്‍ തടയാന്‍ കോണ്‍ -ബിജെപി രഹസ്യധാരണ

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി വിലക്കയറ്റം, അഴിമതി തുടങ്ങി സുപ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ കോണ്‍ഗ്രസ് ഒളിച്ചോടുകയാണെന്ന് ഇടതുപാര്‍ട്ടികള്‍ . സഭ ചേരണോ വേണ്ടയോ എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന സുഷമാസ്വരാജിന്റെ പ്രസ്താവന പാര്‍ലമെന്റ് സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നും ഇടതുപാര്‍ടി നേതാക്കള്‍ പാര്‍ലമെന്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിലക്കയറ്റം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവ ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ടുകള്‍ സഭ ചര്‍ച്ചചെയ്യണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടതാണെന്ന് സിപിഐ എം പാര്‍ലമെന്റ് കക്ഷി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. വിലക്കയറ്റം ചര്‍ച്ച ചെയ്യാനെടുത്തപ്പോഴാണ് രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിന് വിലകല്‍പ്പിക്കുന്നില്ലെന്നു വ്യക്തമാക്കി കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ സഭ ചര്‍ച്ചചെയ്യണം. മൂന്നു ദിവസം ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവസരം നല്‍കാതെ അലങ്കോലപ്പെടുത്തുകയാണ് ബിജെപി ചെയ്തത്. അഴിമതി ചര്‍ച്ചയാക്കാന്‍ ബിജെപിക്കും താല്‍പ്പര്യമില്ല. ജനജീവിതം ദുസ്സഹമാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാര്‍ലമെന്റിന് കഴിയണമെന്ന് ലോക്സഭയിലെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. പ്രധാനമന്ത്രിയാണ് ഇക്കാര്യത്തില്‍ ഉത്തരം നല്‍കേണ്ടത്. അദ്ദേഹം മൗനംവെടിയണം. എന്‍ഡിഎയിലെ ഘടകകക്ഷികളെ പോലും ബിജെപി കണക്കിലെടുത്തിട്ടില്ല. ബിജെപിയുടെ ഏകപക്ഷീയ നിലപാടില്‍ ശരദ്യാദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പ്രതിഷേധമുണ്ട്. വിലക്കയറ്റം, അഴിമതി എന്നിവ ചര്‍ച്ചചെയ്യണമെന്നത് രാജ്യത്തെ പൊതുവികാരമാണ്. അതു കാണാതെ കോണ്‍ഗ്രസും-ബിജെപിയും നടത്തുന്ന ഒളിച്ചുകളി അപകടമാണെന്ന് സിപിഐ നേതാവ് ഗുരുദാസ്ദാസ്ഗുപ്ത പറഞ്ഞു. സുഷമാസ്വരാജ് ഭരണഘടനാപരമായ പ്രതിപക്ഷനേതാവിന്റെ പദവി ദുരുപയോഗം ചെയ്തിരിക്കുകയാണ്. 116 പേര്‍ ചേര്‍ന്ന് ബാക്കി അംഗങ്ങളുടെ അവകാശം നിഷേധിക്കുകയാണ്. രാജ്യത്തെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരം കണ്ടെത്താനും ശ്രമിക്കേണ്ട സമയത്ത് അനാവശ്യമായി സഭ സ്തംഭിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

deshabhimani 120811

1 comment:

  1. അസോസിയേറ്റ് ബാങ്കുകളുടെ ബോര്‍ഡ് അംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിയമനത്തിനും ഓഹരി കൈമാറാനുമുള്ള റിസര്‍വ് ബാങ്കിന്റെ അധികാരം കേന്ദ്രസര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്ന ഭേദഗതിയാണ് സഭ വ്യാഴാഴ്ച പാസാക്കിയത്. പൊതുമേഖലയിലുള്ള ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയാണ് ഭേദഗതിയെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

    ReplyDelete