Friday, August 12, 2011

തിരുത്തുന്നത് ഭരണംപിടിക്കാന്‍ യുഡിഎഫ് കൊണ്ടുവന്ന വ്യവസ്ഥ

സര്‍വകലാശാലാ നിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനിച്ചത് ജനാധിപത്യരീതിയില്‍ സര്‍വകലാശാലാ ഭരണനിര്‍വഹണസംവിധാനം നിലവില്‍ വരുന്നതു തടയാനുള്ള നീക്കം പരാജയപ്പെട്ടപ്പോള്‍ . 2001ല്‍ യുഡിഎഫ് തന്നെ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന വ്യവസ്ഥ റദ്ദാക്കിയാണ് ഇപ്പോള്‍ പാര്‍ശ്വവര്‍ത്തികളെ കുത്തിത്തിരുകി സിന്‍ഡിക്കറ്റ് പിടിച്ചടക്കാന്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഒപ്പം നോമിനേറ്റ് ചെയ്യപ്പെട്ടവരെ തോന്നുമ്പോള്‍ പിന്‍വലിക്കാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തി. സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമാണിത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ സര്‍വകലാശാലാ ഭരണം കൈയടക്കാന്‍ സമാന നടപടിയെടുത്തിരുന്നു. ഐടി-ബയോടെക്നോളജി മേഖലയില്‍നിന്ന് നാലു പേരെ നാമനിര്‍ദേശം ചെയ്യാനുള്ള വ്യവസ്ഥ അടക്കം ഉള്‍പ്പെടുത്തിയാണ് അന്ന് സര്‍വകലാശാലാ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇപ്പോഴത്തെ യുഡിഎഫ് ഭരണമാകട്ടെ അന്നത്തെ വ്യവസ്ഥ മാറ്റാന്‍ നിശ്ചയിച്ചു. ഐടി-ബിടി മേഖലയുടെ പ്രാതിനിധ്യം ഒഴിവാക്കി ഉന്നതവിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഐടി-ബിടി രംഗത്തെ നാലംഗങ്ങള്‍ക്കു പകരം അഞ്ച് വിദ്യാഭ്യാസ വിദഗ്ധര്‍ വരും. യുഡിഎഫ് കണ്ടുവച്ച ഉന്നതവിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടത്തില്‍ സര്‍വകലാശാലയിലെ ഒരു ജോയിന്റ് രജിസ്ട്രാറുമുണ്ട്. പ്രൊഫ. ജി രാജീവ്, ഡോ. എ ഗംഗപ്രസാദ്, ഡോ. കെ ജി ഗോപ്ചന്ദ്രന്‍ , പ്രൊഫ. ടി ജി സുകുമാരന്‍നായര്‍ എന്നിവരാണ് ഐടി-ബിടി വിഭാഗത്തില്‍നിന്ന് ഇപ്പോള്‍ സിന്‍ഡിക്കറ്റിലുള്ളത്.

നാമനിര്‍ദേശംചെയ്ത അംഗങ്ങളെ തിരിച്ചുവിളിക്കാനുള്ള അധികാരമാണ് ഓര്‍ഡിനന്‍സിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടി. സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തവര്‍ സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി നില്‍ക്കുന്നു എന്നു തോന്നിയാല്‍ അവരെ തിരിച്ചുവിളിക്കാം. 1957ല്‍ കേരള സര്‍വകലാശാലാ നിയമം നിലവില്‍ വന്നശേഷം ആദ്യമായാണ് ഇത്തരമൊരു ഹീനനടപടി. അടുത്തപടിയായി മറ്റു സര്‍വകലാശാലകളിലെ ജനാധിപത്യഭരണസംവിധാനവും സ്വയംഭരണവകാശവും അട്ടിമറിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. വൈസ് ചാന്‍സലറും പ്രോ- വൈസ് ചാന്‍സലറും അടക്കം കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റില്‍ ഇപ്പോള്‍ 21 പേരാണ്. ഓര്‍ഡിനന്‍സ് വരുന്നതോടെ അംഗസംഖ്യ 22 ആകും. സിന്‍ഡിക്കറ്റ് നിലവില്‍ വരുന്നതു തടയാന്‍ വഴിവിട്ട എല്ലാ നടപടിയും യുഡിഎഫ് എടുത്തിരുന്നു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തിയവര്‍ പിന്നീട് വോട്ടെണ്ണല്‍ തടയാന്‍ കോടതിയിലെത്തി. ഹൈക്കോടതി ഉത്തരവു പ്രകാരം വോട്ടെണ്ണി സിന്‍ഡിക്കറ്റ് നിലവില്‍ വന്നത് ജൂലൈ എട്ടിനാണ്. അന്നുമുതല്‍ സിന്‍ഡിക്കറ്റ് പ്രവര്‍ത്തിക്കാതിരിക്കാനുള്ള കരുനീക്കങ്ങളായിരുന്നു. എല്ലാം പരാജയപ്പെട്ടപ്പോഴാണ് ഓര്‍ഡിനന്‍സിലൂടെയുള്ള ജനാധിപത്യക്കുരുതി.

ഡോ. എം അബ്ദുള്‍സലാം കലിക്കറ്റ് വിസി

കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി വെള്ളായണി കാര്‍ഷിക കോളേജ് അഗ്രോണമി വിഭാഗം മേധാവി ഡോ. എം അബ്ദുള്‍സലാമിനെ നിയമിച്ചു. വെള്ളിയാഴ്ച ചുമതലയേല്‍ക്കും. വിരമിച്ച സ്കൂള്‍ അധ്യാപകനെ വൈസ്ചാന്‍സലറാക്കാനുള്ള മുസ്ലിംലീഗ് നീക്കം നാണക്കേടുണ്ടാക്കിയതിനെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്തിയത്. വിസി പാനല്‍ സമര്‍പ്പിക്കുന്നതിനുള്ള സബ്കമ്മിറ്റി ബുധനാഴ്ചയാണ് പുതിയ പട്ടിക ഗവര്‍ണര്‍ക്ക് നല്‍കിയത്.

കൊല്ലം ചടയമംഗലം ഇളയന്നൂര്‍ പരേതനായ മുഹമ്മദ്ഹനീഫയുടെയും അസ്മാബിയുടെയും മകനാണ് അമ്പത്തൊമ്പതുകാരനായ അബ്ദുള്‍സലാം. 1973ല്‍ വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചര്‍ ബിരുദം നേടി. ഇവിടെ നിന്നു തന്നെ അഗ്രോണമിയില്‍ എംഎസ്സിയും. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡിയും ബ്രിട്ടനിലെ അബെര്‍ദീന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടി. 33 വര്‍ഷത്തെ അധ്യാപക സേവനത്തിനിടെ 13 പുസ്തകവും 154 ഗവേഷണ പ്രബന്ധവും രചിച്ചു. കുവൈത്ത് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറാണ്. കേരളസര്‍വകലാശാലാ ഇംഗ്ലീഷ് വകുപ്പിലെ പ്രൊഫ. ജമീലാബീഗം, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലെ ഡോ. അഫ്താഫ് കമാല്‍പാഷ എന്നിവരുടെ പേരും സമിതി ശുപാര്‍ശ ചെയ്തിരുന്നു. യുജിസി പ്രതിനിധിയും മുന്‍ വിസിയുമായ ഡോ. ഇക്ബാല്‍ ഹസ്നെയിന്‍ ഭോപാല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഷീന ഷുക്കൂര്‍ , ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലെ ലക്ചറര്‍ ഡോ. എം എച്ച് ഇല്യാസ് എന്നിവരുടെ പേര് നിര്‍ദേശിച്ചെങ്കിലും സമിതിയിലെ മറ്റംഗങ്ങള്‍ എതിര്‍ത്തു. തുടര്‍ന്നാണ് ഹസ്നൈന്‍ ഡോ. അബ്ദുള്‍സലാമിന്റെ പേരു നിര്‍ദേശിച്ചത്.

deshabhimani 120811

1 comment:

  1. സര്‍വകലാശാലാ നിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനിച്ചത് ജനാധിപത്യരീതിയില്‍ സര്‍വകലാശാലാ ഭരണനിര്‍വഹണസംവിധാനം നിലവില്‍ വരുന്നതു തടയാനുള്ള നീക്കം പരാജയപ്പെട്ടപ്പോള്‍ . 2001ല്‍ യുഡിഎഫ് തന്നെ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന വ്യവസ്ഥ റദ്ദാക്കിയാണ് ഇപ്പോള്‍ പാര്‍ശ്വവര്‍ത്തികളെ കുത്തിത്തിരുകി സിന്‍ഡിക്കറ്റ് പിടിച്ചടക്കാന്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഒപ്പം നോമിനേറ്റ് ചെയ്യപ്പെട്ടവരെ തോന്നുമ്പോള്‍ പിന്‍വലിക്കാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തി. സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമാണിത്.

    ReplyDelete