Friday, August 5, 2011

ബംഗാള്‍ ജനതയെ സഹായിക്കുക: സിപിഐ എം

പശ്ചിമബംഗാളില്‍ മൃഗീയ കടന്നാക്രമണത്തിന് വിധേയരാകുന്ന പാര്‍ടിപ്രവര്‍ത്തകരെ സഹായിക്കുന്നതിന് ഏഴ്, എട്ട് തീയതികളില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന ഫണ്ടുശേഖരണം വിജയിപ്പിക്കാന്‍ എല്ലാ പാര്‍ടിഘടകങ്ങളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. ബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുനേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. നിയമസഭാതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷംമാത്രം 30 പ്രവര്‍ത്തകരെ തൃണമൂല്‍കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കൊല്ലപ്പെട്ട ഇടതുമുന്നണി പ്രവര്‍ത്തകരുടെ എണ്ണം നാനൂറോളം വരും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. നിരവധി പാര്‍ടി ഓഫീസുകളും ട്രേഡ്യൂണിയന്‍ ഓഫീസുകളും നശിപ്പിച്ചു. ചില ഓഫീസുകള്‍ പിടിച്ചെടുത്ത് തങ്ങളുടെ പ്രവര്‍ത്തനകേന്ദ്രമായി തൃണമൂല്‍ -കോണ്‍ഗ്രസ് ഗുണ്ടകള്‍ മാറ്റി. അക്രമവും ഭീഷണിയും കാരണം ആയിരക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വീടൊഴിഞ്ഞ് പോകേണ്ടിവന്നു. ഇടതുമുന്നണിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നതിന്റെ പേരില്‍ സ്ത്രീകള്‍ പോലും മൃഗീയമായി ആക്രമിക്കപ്പെടുകയാണ്. സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യവും ഇടപെടലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ട്. ആഗോളവല്‍ക്കരണനയങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷം ദുര്‍ബലപ്പെട്ടാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഇന്ത്യയില്‍ എളുപ്പം നടപ്പാക്കാമെന്ന് സാമ്രാജ്യത്വശക്തികള്‍ കണക്കുകൂട്ടുന്നു. ഇതിനായി ചില വലതുപക്ഷ മാധ്യമങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരവേല നടത്തുകയാണ്.

പട്ടിണി കാരണം പതിനായിരങ്ങള്‍ മരിച്ചുവീണ മണ്ണായിരുന്നു ഒരുകാലത്ത് ബംഗാള്‍ . ഗ്രാമീണ ബംഗാളിന്റെ ദാരിദ്ര്യം വിവരണാതീതമായിരുന്നു. ഈ സ്ഥിതിവിശേഷത്തിന് മാറ്റംവരുത്തിയത് ഇടതുപക്ഷ സര്‍ക്കാരാണ്. അതിന് അടിസ്ഥാനമായിത്തീര്‍ന്നത് ഭൂപരിഷ്കരണ നടപടികളായിരുന്നു. ഇത് അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. ആക്രമണങ്ങള്‍ തടയാന്‍ ഭരണത്തിലിരിക്കുന്ന തൃണമൂല്‍ -കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തുന്നില്ല. അടിയന്തരാവസ്ഥയുടെ നാളുകളില്‍ അരങ്ങേറിയ തരത്തിലുള്ള അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയിലേക്കാണ് ബംഗാള്‍ നീങ്ങുന്നത്. തൃണമൂല്‍കോണ്‍ഗ്രസും ഇടതുതീവ്രവാദികളും അവിടെ കൈകോര്‍ക്കുകയാണ്. ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബംഗാളില്‍ നടക്കുന്ന പോരാട്ടം രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള സമരത്തിന്റെ ഭാഗമാണ്. രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുകയും വീട് നഷ്ടപ്പെടുകയും ജീവിക്കാന്‍ മറ്റ് ഉപാധികള്‍ ഇല്ലാതാവുകയും ചെയ്തവരെ പുനരധിവസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് ശേഖരണം. പാര്‍ടി കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരം നടക്കുന്ന ഈ ഉദ്യമത്തില്‍ എല്ലാ ജനാധിപത്യവിശ്വാസികളും സഹകരിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 050811

1 comment:

  1. പശ്ചിമബംഗാളില്‍ മൃഗീയ കടന്നാക്രമണത്തിന് വിധേയരാകുന്ന പാര്‍ടിപ്രവര്‍ത്തകരെ സഹായിക്കുന്നതിന് ഏഴ്, എട്ട് തീയതികളില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന ഫണ്ടുശേഖരണം വിജയിപ്പിക്കാന്‍ എല്ലാ പാര്‍ടിഘടകങ്ങളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.

    ReplyDelete