Saturday, August 13, 2011

ക്യാമ്പസ് രാഷ്ട്രീയ നിരോധനം മുതലെടുത്ത് ഗുണ്ടാസംഘങ്ങള്‍ വളരുന്നു

റാന്നി സെന്റ് തോമസ് കോളേജില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചതോടെ വളര്‍ന്നത് ക്വട്ടേഷന്‍ സംഘങ്ങള്‍ . ഇതിന് ഏറ്റവുംവലിയ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോളേജ് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ . സംഘടനാ സ്വാതന്ത്ര്യം ഇല്ലാതായതോടെ വിദ്യാര്‍ഥികളില്‍ അരക്ഷിതാവസ്ഥ ഉണ്ടായി. ചെറിയ പ്രശ്നങ്ങള്‍ക്കുപോലും പുറത്തുനിന്നുള്ളവരുടെ സഹായം തേടുന്ന പ്രവണത സംജാതമായി. ഇതിന്റെ പരിണിതഫലമാണ് കലാലയവളപ്പില്‍ തന്നെ ഒതുങ്ങുമായിരുന്ന ചെറിയ വിദ്യാര്‍ഥി സംഘട്ടനം ക്വട്ടേഷന്‍ ആക്രമത്തിലേക്ക് വളരുകയും അത് കലാലയത്തിലും നാടാകെയും വ്യാപിക്കുകയും ചെയ്തത്. നേരത്തെ കലാലയ രാഷ്ട്രീയ നിരോധനത്തിനെതിരെ രംഗത്തിറങ്ങിയ എസ്എഫ്ഐ വിദ്യാര്‍ഥികളെ പകപോക്കലിലൂടെയാണ് സെന്റ് തോമസ് കോളേജ് മാനേജ്മെന്റ് നേരിട്ടത്. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തും അറസ്റ്റ് ചെയ്യിച്ചും വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്താനായിരുന്നു മാനേജ്മെന്റിന്റെ ശ്രമം.

വെഞ്ഞാറമൂട്ടില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് അതിക്രമം; പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സ്കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറെ ചോദ്യംചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയാണ് പൊലീസ് അതിക്രമം നടത്തിയത്. വെഞ്ഞാറമൂട് ഗവ. എച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥി ആഷിക്കിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പകല്‍ 11.30നാണ് സംഭവം. ബസില്‍ കണ്‍സഷന്‍ ചോദിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റോഡിലോടുന്ന ശ്രീഭദ്ര ബസിലെ കണ്ടക്ടര്‍ ഷാജഹാന്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യംചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകരെ ബസിലെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് എസ്ഐ മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിദ്യാര്‍ഥികള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടത്. ബസ് ജീവനക്കാരെ അറസ്റ്റുചെയ്യാതെ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗമായ ഷാഫിന്‍ , ഷിയാസ് എന്നിവരെ കസ്റ്റഡിയിലെടുത്തത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാമെന്നും ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്നും അറിയിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

17ന് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ; കോളേജുകളിലെ കോണ്‍ഗ്രസ് ആക്രമണത്തില്‍ പ്രതിഷേധം ശക്തം

കഴക്കൂട്ടം മണ്ഡലത്തിലെ കോളേജുകളില്‍ എം എ വാഹിദ് എംഎല്‍എയുടെ ഒത്താശയോടെ കോണ്‍ഗ്രസ് അക്രമികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ വന്‍ജനരോഷം. എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണജാഥയെ സ്വീകരിക്കാന്‍ സ്ത്രീകളടക്കം നിരവധിപേര്‍ യോഗസ്ഥലങ്ങളില്‍ എത്തിയത് പ്രതിഷേധത്തിന്റെ നേര്‍കാഴ്ചയായി. രണ്ടുദിവസമായി നടന്നുവന്ന പ്രചാരണജാഥ സമാപിച്ചു. 17ന് ഗവ. എന്‍ജിനിയറിങ് കോളേജിനുമുന്നില്‍ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ നടക്കും. വെള്ളിയാഴ്ച എന്‍ജിനിയറിങ് കോളേജില്‍നിന്ന് ആരംഭിച്ച പ്രചാരണജാഥ ചെറുവയ്ക്കല്‍ ,പുലയനാര്‍കോട്ട, ഉള്ളൂര്‍ , മെഡിക്കല്‍ കോളേജ്, നാലാഞ്ചിറ, ഒരുവാതില്‍കോട്ട, വെണ്‍പാലവട്ടം, അരശുംമൂട്, ചാരുംമൂട് എന്നിവിടങ്ങളിലെ സ്വീകരണയോഗങ്ങള്‍ക്കുശേഷം കരിക്കകം വായനശാല ജങ്ഷനില്‍ സമാപിച്ചു.

സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ വീടുകയറി മര്‍ദിച്ചു


ഉള്ളൂര്‍ കട്ടേല പട്ടികജാതി കോളനിയില്‍ കോണ്‍ഗ്രസ്-സാമൂഹ്യവിരുദ്ധ ആക്രമണം. വനിതകളടക്കമുള്ള സിപിഐ എം പ്രവര്‍ത്തകരെ വീടുകയറി മര്‍ദിച്ചു. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം വ്യാപകം. സിപിഐ എം ചെറുവയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം പ്രഹ്ലാദന്‍ , സഹോദരി കട്ടേല ബ്രാഞ്ച് അംഗം സൈരന്ധ്രി, മകള്‍ ചന്ദ്രദീപ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. എം എ വാഹിദ് എംഎല്‍എയുടെ അറിവോടെ നടക്കുന്ന ആക്കുളം കായല്‍ കൈയേറ്റത്തിനെതിരെ പ്രചാരണം സംഘടിപ്പിച്ചതില്‍ അരിശംപൂണ്ട കോണ്‍ഗ്രസ്-സാമൂഹ്യവിരുദ്ധ സംഘമാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീതി നിലനില്‍ക്കുകയാണ്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ മര്‍ദിച്ചു

പത്തനംതിട്ട: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ മര്‍ദിച്ചു. അരുവാപ്പുലം ദീദു ഭവനില്‍ ദീദു (32)വിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. പ്രദേശത്തെ നിരവധി കേസുകളില്‍ പ്രതിയായ കോണ്‍ഗ്രസ് ഗുണ്ടകളുടെ നേതൃത്വത്തിലായിരുന്നു അക്രമം.

deshabhimani 140811

1 comment:

  1. റാന്നി സെന്റ് തോമസ് കോളേജില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചതോടെ വളര്‍ന്നത് ക്വട്ടേഷന്‍ സംഘങ്ങള്‍ .

    ReplyDelete