Friday, August 12, 2011

ഉമ്മന്‍ചാണ്ടിക്കും ഉത്തരവാദിത്തം: മുന്‍ എജി

സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്ന പാമൊലിന്‍ ഇറക്കുമതി തടയാതിരുന്ന അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി കൃത്യവിലോപം കാട്ടിയതായി മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ് പറഞ്ഞു. ഖജനാവിന് നഷ്ടമുണ്ടാകുന്ന ഇടപാട് തടയേണ്ടത് ധനവകുപ്പിന്റെ ഉത്തരവാദിത്തമാണ്. ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ല. പാമൊലിന്‍ കേസ് വീണ്ടും കേരളരാഷ്ട്രിയത്തില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ജെയിംസ് ജോസഫ് ദേശാഭിമാനിയോട് പ്രതികരിക്കുകയായിരുന്നു. സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കുക, ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കുക എന്നീ ചുമതലകള്‍ മാത്രമാണ് അക്കൗണ്ടന്റ് ജനറലിനുള്ളത്. നഷ്ടം സംഭവിച്ചതില്‍ ആരെങ്കിലും അഴിമതി കാട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടത് വിജിലന്‍സ് ആണെന്നും ജെയിംസ് ജോസഫ് പറഞ്ഞു.

1992ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്ത് പാമൊലിന്‍ ഇറക്കുമതി ചെയ്തതുമൂലം ഖജനാവിന് 2.32 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. 91-92ല്‍ നടന്ന നടപടി സംബന്ധിച്ച് 93ലാണ് അക്കൗണ്ട് ജനറല്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. അത് അന്നുതന്നെ നിയമസഭയില്‍ വന്‍ വിവാദത്തിന് വഴിവെച്ചു. സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷനെ ഒഴിവാക്കി ടെന്‍ഡര്‍ വിളിക്കാതെ പമൊലിന്‍ ഇറക്കുമതി ചെയ്യാനായിരുന്നു യുഡിഎഫ് തീരുമാനം. ആഗോള ടെന്‍ഡര്‍ വിളിക്കാതെ 15 ശതമാനം സര്‍വ്വീസ് ചാര്‍ജ് നല്‍കാമെന്ന് സമ്മതിച്ച് പവര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായി കരാറും ഒപ്പിട്ടു. എസ്ടിസി മുഖേന 392.5 ഡോളറിന് പാമോയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ടണ്ണിന്് 405 ഡോളര്‍ നിരക്കിലാണ് പവര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായി കരാറുണ്ടാക്കിയത്. ഏജന്‍സിയെ നിശ്ചയിക്കാനും ടെന്‍ഡര്‍ വിളിച്ചില്ല.
ഇപ്രകാരം നടപടിക്രമങ്ങള്‍ ലംഘിച്ച് 15000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതിലൂടെ 2.32 കോടി നഷ്ടമുണ്ടാക്കിയെന്നാണ് എ ജി കണ്ടെത്തിയത്. വളരെ ധൃതിപിടിച്ചാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. പാമോലിന്‍ ഇറക്കുമതിചെയ്യാനുള്ള അനുവാദം നല്‍കിയും അതിനുള്ള നടപടി ക്രമങ്ങള്‍ വ്യക്തമാക്കിയും 1991 നവംബര്‍ 26നാണ് കേന്ദ്രത്തിന്റെ കത്ത് കിട്ടിയത്. 27ന് അജണ്ടയിലില്ലാതെ തന്നെ ടി എച്ച് മുസ്തഫ അസാധാരണ ഇനമായി മന്ത്രിസഭയില്‍ അവതരിപ്പിച്ചു. 29ന് സിവില്‍സപ്ലൈസും പവര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായും കരാര്‍ ഒപ്പിട്ടതായും രേഖകള്‍ വ്യക്തമാക്കുന്നു.

ഉമ്മന്‍ചാണ്ടിക്ക് ഒളിച്ചോടാനാകില്ലെന്ന് കണ്ണന്താനം

കോട്ടയം: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഒളിച്ചോടാനാവില്ലെന്ന് അന്നത്തെ സിവില്‍സപ്ലൈസ് ഡയറക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം. പാമൊലിന്‍ ഇറക്കുമതിയില്‍ അന്നത്തെ യുഡിഎഫ് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുണ്ട്. ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തം വലുതായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. പാമൊലിന്‍ ഇറക്കുമതിക്കുള്ള ഫയലില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്ക് മൂന്ന് അവസരം ഉണ്ടായിരുന്നു. ഖജനാവിന് നഷ്ടം വരുത്തുന്നതാണോ ഇടപാടെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും ഉമ്മന്‍ചാണ്ടിക്ക് പരിശോധിക്കാമായിരുന്നു. ധനമന്ത്രിയുടെ മുന്നിലെത്തിയ ഫയലില്‍ പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച് വിശദവിവരം ഉള്ളതിനാല്‍ കള്ളക്കളി കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നു. ധനമന്ത്രിയെന്ന നിലയില്‍ ഈ ഫയല്‍ മന്ത്രിസഭയില്‍ വെയ്ക്കാന്‍ പാടില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചില്ല. ഫയല്‍ മന്ത്രിസഭയില്‍ വന്നപ്പോള്‍ എതിര്‍ക്കാനും തയാറായില്ല. പാമൊലിന്‍ ഇറക്കുമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം എന്തായിരുന്നുവെന്ന് ഇതില്‍നിന്നും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യ: മാറ്റത്തിന്റെ മുഴക്കം" എന്ന പുസ്തകത്തില്‍ കണ്ണന്താനം ഇക്കാര്യം വിശദീകരിക്കുന്നു.

മുമ്പും പാമൊലിന്‍ ഇടപാടിലെ കള്ളക്കളികളെക്കുറിച്ച് കണ്ണന്താനം വെളിപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ യുഡിഎഫ് മന്ത്രിസഭയിലെ ഒന്നിലേറെ മന്ത്രിമാര്‍ക്ക് പാമൊലിന്‍ ഇറക്കുമതിയില്‍ അമിതാവേശം ഉണ്ടായിരുന്നു. ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയാണ് ഇറക്കുമതിക്ക് ആദ്യം രംഗത്തുവന്നത്. ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഇതിനുള്ള സൗകര്യം ഒരുക്കികൊടുത്തു. പാമൊലിന്‍ ഇറക്കുമതി തീരുമാനമെടുത്ത മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത മറ്റു മന്ത്രിമാര്‍ക്കും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അന്നത്തെ ചീഫ് സെക്രട്ടറി എസ് പത്മകുമാറിന്റെ അമിതതാല്‍പര്യവും കണ്ണന്താനം പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 15,000 മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. നടപടിയില്‍ സംശയംതോന്നിയതിനാല്‍ കരാര്‍ അംഗീകരിക്കാനാവില്ലെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്ന താന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തന്നെ ഡപ്യൂട്ടേഷനില്‍ ന്യൂഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയെന്നും പുസ്തകത്തില്‍ കണ്ണന്താനം വ്യക്തമാക്കി.

സിംഗപ്പൂരില്‍ കരാര്‍ ഉറപ്പിച്ചശേഷമാണ് ഇറക്കുമതിവിഷയം സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മുമ്പാകെ വന്നത്. കരാര്‍ സംബന്ധിച്ച് ബോര്‍ഡംഗങ്ങളുമായി ആലോചിച്ചില്ല. ബന്ധപ്പെട്ട മന്ത്രിമാരുടെ രാഷ്ട്രീയ ഉപദേശകരാണ് സിംഗപ്പൂരില്‍ കരാര്‍ ഉറപ്പിച്ചതെന്ന് കണ്ണന്താനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇടനിലക്കാരന്റെ പേര് വ്യക്തമാക്കുന്നില്ല. ഇടപാടിന്റെ പേരില്‍ വന്‍തുക കൈമറിഞ്ഞിട്ടുണ്ടാകാമെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ ആദ്യ മൂന്നുപ്രതികളെ രക്ഷിക്കാനും ശ്രമം നടന്നു. ഇതിന്റെ ഭാഗമായാണ് നിയമസഭയുടെ മുമ്പാകെ ഹാജരാക്കിയ ഫയലുകളില്‍നിന്ന് ഈ പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന സുപ്രധാനതെളിവുകള്‍ മാറ്റിയതെന്നും കണ്ണന്താനം വെളിപ്പെടുത്തുന്നു.

പാമൊലിന്‍ കേസ് രേഖകള്‍ അന്വേഷണസംഘം തിരിച്ചുവാങ്ങി

പാമൊലിന്‍ കേസിന്റെ ഫയലുകളും കേസ് ഡയറിയും വിജിലന്‍സ് അന്വേഷണസംഘം കോടതിയില്‍നിന്നു തിരിച്ചുവാങ്ങി. അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ വ്യാഴാഴ്ച രേഖകള്‍ കൈപ്പറ്റിയത്. പ്രത്യേക കോടതിയിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കൈവശവുമായിരുന്നു സാക്ഷിമൊഴി അടക്കമുള്ള രേഖകള്‍ . എന്നാല്‍ , അന്വേഷണം പുനരാരംഭിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ ഉത്തരവ് നല്‍കിയിട്ടില്ല. കോടതി ഉത്തരവിനെ കുറിച്ച് മറ്റ് ഉദ്യോഗസ്ഥരുമായി ഡയറക്ടര്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടുമില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യംചെയ്യണം. ഇതിന് ഡയറക്ടറുടെ അനുമതി ആവശ്യമാണ്. സെപ്തംബര്‍ 26നു വിരമിക്കുന്നതിനാല്‍ അതിനുമുമ്പ് അദ്ദേഹം അനുമതി നല്‍കുമോയെന്നതു സംശയമാണ്. അന്വേഷണം നീട്ടിക്കൊണ്ടു പോകാന്‍ ഡയറക്ടര്‍ ശ്രമിക്കുമെന്നാണ് സൂചന. മൂന്നു മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ഉത്തരവ്.

അതേസമയം, വിജിലന്‍സ് ആസ്ഥാനത്ത് മുക്കിയ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് നശിപ്പിച്ചിരിക്കുമെന്നാണ് സൂചന. വിജിലന്‍സ് ആസ്ഥാനത്തെ രജിസ്റ്ററില്‍ റിപ്പോര്‍ട്ടിനെപ്പറ്റി രേഖപ്പെടുത്തിയിട്ടില്ല. കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ടിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുമുണ്ട്. ആദ്യ റിപ്പോര്‍ട്ടിന്റെ കരട് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സ്പെഷ്യല്‍ സെല്‍ എസ്പിയുടെ പക്കലുണ്ടെന്നാണ് സൂചന.

deshabhimani 120811

1 comment:

  1. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്ന പാമൊലിന്‍ ഇറക്കുമതി തടയാതിരുന്ന അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി കൃത്യവിലോപം കാട്ടിയതായി മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ് പറഞ്ഞു. ഖജനാവിന് നഷ്ടമുണ്ടാകുന്ന ഇടപാട് തടയേണ്ടത് ധനവകുപ്പിന്റെ ഉത്തരവാദിത്തമാണ്. ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ല. പാമൊലിന്‍ കേസ് വീണ്ടും കേരളരാഷ്ട്രിയത്തില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ജെയിംസ് ജോസഫ് ദേശാഭിമാനിയോട് പ്രതികരിക്കുകയായിരുന്നു. സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കുക, ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കുക എന്നീ ചുമതലകള്‍ മാത്രമാണ് അക്കൗണ്ടന്റ് ജനറലിനുള്ളത്. നഷ്ടം സംഭവിച്ചതില്‍ ആരെങ്കിലും അഴിമതി കാട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടത് വിജിലന്‍സ് ആണെന്നും ജെയിംസ് ജോസഫ് പറഞ്ഞു.

    ReplyDelete